തലവേദന രോഗവും ഗുരുതര രോഗലക്ഷണവുമാകാം; ഏഴ് തരം തലവേദനകള്‍ തിരിച്ചറിയുക

download

തലവേദന കൊണ്ട് ഒരിക്കല്ലെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരായി ആരുമുണ്ടാവില്ല. ശരീരത്തിന്റെ ഏത് ഭാഗത്തും ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും ലക്ഷണമായി തലവേദന കാണാറുണ്ട്. അതു കൊണ്ടുതന്നെ തലവേദനയെ അത്ര നിസാരമാക്കി അവഗണിക്കരുത് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. തലവേദനകള്‍ പല തരമുണ്ടെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. മൈഗ്രേന്‍, ടെന്‍ഷന്‍ തലവേദന, മദ്യപാനം, അണുബാധകള്‍ തുടങ്ങി വിവിധ രോഗങ്ങള്‍ മൂലമുള്ള തലവേദനകള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. വേദനയുടെ കാരണം അറിഞ്ഞു വേണം തലവേദനയ്ക്ക് ചികിത്സ നല്‍കാന്‍. വേദനയുടെ സ്വഭാവം നിരീക്ഷിച്ചു കൊണ്ട് കാരണം സ്വയം കണ്ടെത്താന്‍ കഴിയും. പലതരം തലവേദനകളും അതിന്റെ ലക്ഷണവും കാരണവും എന്തെല്ലാമാണെന്ന് നോക്കാം:
1. മൈഗ്രേന്‍

തലവേദനകളില്‍ ഏറ്റവും ശല്ല്യക്കാരന്‍ മൈഗ്രേനാണ്. മൈഗ്രേന്‍ കൂടുതലും സ്ത്രീകളിലാണ് കാണുന്നത്. തലയിലും നെറ്റിയിലും വിങ്ങലും വേദനയും, കാഴ്ച മങ്ങുക, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയൊക്കെ മൈഗ്രേന്‍ ലക്ഷണങ്ങളാണ്.

2. ഈ തലവേദനയ്ക്ക് പ്രശ്‌നങ്ങള്‍ പലത്

നെറ്റിയിലും കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളിലും വേദന അനുഭവപ്പെടുന്നത്, ദഹനപ്രശ്‌നം, വൃക്ക, കുടല്‍, പിത്താശയം എന്നിവ സംബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില സമയങ്ങളില്‍ മദ്യപാനത്തോടുള്ള അമിതാസക്തി, ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി, ഭക്ഷണത്തോടുള്ള ആസക്തി എന്നിവ കൊണ്ടും ഇത്തരം തലവേദന ഉണ്ടാവാം.

3. ടെന്‍ഷന്‍ തലവേദന

തലവേദനകളുടെ കൂട്ടത്തില്‍ ടെന്‍ഷന്‍ തലവേദനയാണ് ഏറ്റവും വ്യാപകം. മാനസിക സംഘര്‍ഷങ്ങളാണ് ടെന്‍ഷന്‍ തലവേദനയ്ക്കു കാരണം. ടെന്‍ഷന്‍ തലവേദനയും മൈഗ്രേന്‍പോലെ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരില്‍ മൂന്നില്‍ രണ്ട് പേരും സ്ത്രീകളില്‍ നാലില്‍ മൂന്ന് പേരും ടെന്‍ഷന്‍ തലവേദന അനുഭവിക്കുന്നവരാണ്.

തലയുടെ ഒരുവശത്തായാണ് മൈഗ്രേന്‍ തലവേദന അനുഭവിക്കുന്നതെങ്കില്‍. ടെന്‍ഷന്‍ തലവേദന തല മുഴുവനായി അനുഭവപ്പെടും. ടെന്‍ഷനുണ്ടാകുമ്പോള്‍ മുഖം, നെറ്റി, കഴുത്ത് എന്നിവിടങ്ങളിലെ പേശികള്‍ മുറുകുന്നതാണ് ഇത്തരം തലവേദനക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. കഴുത്തില്‍ നിന്ന് ആരംഭിച്ച് നെറ്റി വരെ വ്യാപിക്കുന്ന വേദനയായിരിക്കും ഈ സമയത്ത് ഉണ്ടാവുന്നത്. ഒരു ചരടുകൊണ്ട് തലയ്ക്കുചുറ്റുമായി വരിഞ്ഞുമുറുക്കി കെട്ടിയതുപോലെ തോന്നിയെന്നുവരാം. തലയുടെ പിന്‍ഭാഗത്തും കഴുത്തിന്റെ നടുവില്‍, മുകള്‍ഭാഗത്തും വേദന ഉണ്ടാകാം. മൈഗ്രേന്‍ തലവേദനപോലെ അസഹ്യമായ വേദന ടെന്‍ഷനെത്തുടര്‍ന്നുണ്ടാകാറില്ല. കൂടാതെ വെളിച്ചം, ശബ്ദം, ഗന്ധം എന്നിവയോടൊന്നും അസഹിഷ്ണുത ഉണ്ടാകണമെന്നുമില്ല. രാവിലെതന്നെ ടെന്‍ഷന്‍ തലവേദന ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കംപ്യൂട്ടറും ജോലിയുടെ പിരിമുറക്കവും ദൈനംദിനജീവിതത്തിലെ സമ്മര്‍ദങ്ങളുമെല്ലാം ചേര്‍ന്ന് ഉച്ചയോടെയോ വൈകുന്നേരത്തോ ആകും വേദന ഉണ്ടാകുന്നത്. ശരീരത്തിനും, മനസ്സിനും വിശ്രാന്തി നല്‍കി ടെന്‍ഷന്‍ തലവേദനകളെ പ്രതിരോധിക്കുക എന്നതാണ് സുപ്രധാനം. യോഗ, ധ്യാനം തുടങ്ങിയ ക്രിയകള്‍ പരിശീലിക്കുന്നത് മനഃസ്വസ്ഥത നല്‍കി പിരിമുറുക്കം കുറയ്ക്കാം.

4. മാനസിക പിരിമുറുക്കം കൊണ്ടുള്ള തലവേദന

മാനസിക പിരിമുറുക്കം ശരീരത്തിനെയും കാര്യമായി ബാധിക്കും. കഴുത്തില്‍ നിന്ന് തുടങ്ങി തലയോട്ടി വരെ വ്യാപിക്കുന്ന ഈ തലവേദന മാനസിക പിരിമുറുക്കം മൂലമാണ് സാധാരണയായി ഉണ്ടാവുന്നത്.

5. സൈനസൈറ്റിസും തലവേദനയും

സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണമായി തലവേദന ഉണ്ടാകാം. രാവിലെ തുടങ്ങി ഉച്ചയ്ക്ക് കൂടുകയും വൈകീട്ട് കുറയുകയും ചെയ്യുന്ന തലവേദന സൈനസ് രോഗത്തിന്റെ പ്രധാനലക്ഷണമാണ്. തലയ്ക്ക് ഭാരക്കൂടുതല്‍ തോന്നുക, തലയ്ക്കകത്ത് എന്തോ കുടുങ്ങുന്നതുപോലെ തോന്നുക എന്നിവയും തലവേദനയോടൊപ്പം ഉണ്ടാകാം. സൈനസ് അറകളില്‍നിന്നുള്ള കഫത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് അത് പഴുപ്പായി മാറി തലയ്ക്ക് വിങ്ങലും വേദനയും ഉണ്ടാകുന്നത്. നെറ്റിയില്‍ പുരികങ്ങള്‍ക്കു നടുവിലായി കാണുന്ന ഫ്രോണ്ടല്‍ സൈനസുകളിലും മൂക്കിനിരുവശവുമായി കാണപ്പെടുന്ന മാക്‌സിലറി സൈനസുകളിലും നീര്‍വീക്കം ഉണ്ടാകുന്നതിനെത്തുടര്‍ന്ന് വേദനയും ഈ ഭാഗങ്ങളില്‍ അമര്‍ത്തുമ്പോള്‍ വിങ്ങലും ഉണ്ടാകാം. ബിപി, സ്‌ട്രോക്, ശ്വാസകോശരോഗങ്ങള്‍, തലയ്ക്കുള്ളിലെ രക്തസ്രാവം, കാഴ്ച പ്രശ്‌നങ്ങള്‍, സൈനസൈറ്റിസ്, അലര്‍ജി, ഇസ്‌നോഫീലിയ തുടങ്ങിയ രോഗങ്ങള്‍ക്കും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും തലവേദനയുണ്ടാക്കാം. കൂടെക്കൂടെ ജലദോഷവും അതോടൊപ്പം തലവേദനയും ഉണ്ടാകുന്നവര്‍ സൈനസൈറ്റിസാണോ കാരണം എന്നു പരിശോധിക്കണം.

6. ആങ്‌സൈറ്റി ഹെഡേക്ക്

ആകാംഷ കൊണ്ടും തലവേദന ഉണ്ടാവാം. നെറ്റിത്തടത്തിലായിരിക്കും ഈ സമയത്ത് തലവേദന അനുഭവപ്പെടുന്നത്.

7. ക്ലസ്റ്റര്‍ ഹെഡേക്ക്

മദ്യപാനികള്‍ക്ക് ഉണ്ടാകുന്ന അതിശക്തമായ ഒരു തരം തലവേദനയാണ് ക്ലസ്റ്റര്‍ ഹെഡേക്ക്. പുരുഷന്മാരില്‍ ഇതിന്റെ സാധ്യത ആറിരട്ടി കൂടുതലാണ്. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. 15 മിനുട്ട് മുതല്‍ 3 മണിക്കൂര്‍ വരെ നീളാവുന്ന കല്‍സ്റ്റര്‍ തലവേദന പിന്നീട് താനേ മാറും.

You must be logged in to post a comment Login