തലസ്ഥാനത്ത് ഹൈടെക്ക് ബാങ്കിങ് തട്ടിപ്പ് വീണ്ടും; നെറ്റ് ബാങ്കിങ്ങ് വഴി അധ്യാപികയുടെ അരലക്ഷം കവര്‍ന്നു; പണം പിന്‍വലിച്ചത് വിദേശത്ത് നിന്നും

bank-robbery

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഹൈടെക്ക് മോഷണം. നെറ്റ് ബാങ്കിങ്ങിലൂടെ പട്ടം മരപ്പാലം സ്വദേശിനി രശ്മി എന്ന അധ്യാപികയുടെ 56,000 രൂപ കവര്‍ന്നു. അധ്യാപിക പൊലീസിനും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി. ഈ മാസം അഞ്ച് ആറ് തീയതികളിലാണ് പണം പിന്‍വലിക്കപ്പെട്ടത്.

പട്ടം എസ്ബിടി ശാഖയിലായിരുന്നു അധ്യാപികയുടെ അക്കൗണ്ട്. എടിഎം കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് കവര്‍ച്ച. അധ്യാപികയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണെ ആരംഭിച്ചു. രാജ്യത്തിന് പുറത്ത് നിന്നാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ചയുടെ ഉറവിടം ചൈനയാണെന്നാണ് പ്രാഥമിക നിഗമനം. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേസ് നടത്താന്‍ സഹായിക്കുന്ന പിഒഎസ് സംവിധാനമാണ് കവര്‍ച്ചയ്ക്കായി ഉപയോഗിച്ചത്. സൈബര്‍ സെല്ലും പൊലീസ് അന്വേഷണത്തിനൊപ്പം ചേര്‍ന്നിട്ടിട്ടുണ്ട്. നഷ്ടമായ പണം അധ്യാപികയ്ക്ക് തിരികെ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

കേരളത്തെ ഞെട്ടിച്ച് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന എടിഎം തട്ടിപ്പുമായി ഇപ്പോഴത്തെ സംഭവത്തിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. അന്ന് തട്ടിപ്പ് നടത്തിയ റുമേനിയന്‍ സ്വദേശികളില്‍ ഒരാളെ മാത്രമേ പിടികൂടാന്‍ സാധിച്ചിട്ടുള്ളൂ.

You must be logged in to post a comment Login