‘തലൈവി’യില്‍ ശശികലയാകുന്നത് പ്രിയാമണിയല്ല, ഷംനാ കാസിം

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ‘തലൈവി’ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് എം.ജി.ആറിന്റെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ഒരു നിര്‍ണായക കഥാപാത്രമായ ശശികലയെ അവതരിപ്പിക്കുന്നത് മലയാളിയായ ഷംന കാസിമാണ്. നേരത്തെ പ്രിയാമണി ഈ വേഷത്തില്‍ എത്തുമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

ചിത്രത്തിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു അവസരമെത്തിയതെന്ന് താരം പറഞ്ഞു. ‘പെട്ടെന്നൊരു വിളി വരികയായിരുന്നു. സാരി ഉടുത്തിട്ടുള്ള കുറച്ച് ഫോട്ടോകള്‍ അയച്ചുകൊടുക്കണമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ച് പറഞ്ഞു. എന്റെ കയ്യില്‍ സാരി ഉടുത്തുള്ള വളരെ കുറച്ച് ഫോട്ടോകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് അയച്ചു കൊടുത്തു. അവര്‍ക്ക് ഇഷ്ടമായി. അങ്ങനെയാണ് ശശികലയാകുന്നത്’ എന്നാണ് ഷംന കാസിം ചിത്രത്തെ കുറിച്ച് പറഞ്ഞത്.

നടി കങ്കണയാണ് ചിത്രത്തില്‍ ജയലളിതയാവുന്നത്. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്. അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന പങ്കയാണ് കങ്കണയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ഒരു കബഡി പ്ലേയറെയാണ് കങ്കണ അവതരിപ്പിക്കുന്നത്.


You must be logged in to post a comment Login