തലൈവിയുടെ പിന്‍ഗാമി പനീര്‍ശെല്‍വം തന്നെ: മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യ്തു

pannerselvam

ചെന്നൈ: ജയലളിത മന്ത്രിസഭയിലെ രണ്ടാമന്‍ ഒ പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് രാത്രി വൈകി ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. ജയലളിതയുടെ മരണം സ്ഥിരീകരിച്ച് പത്രകുറിപ്പ് ഇറക്കുന്നതിന് തൊട്ടുമുമ്പ് ആശുപത്രിയില്‍ നിന്നിറങ്ങിയ പാര്‍ട്ടി നേതാക്കള്‍ എഐഎഡിഎംകെ ആസ്ഥാനത്തെത്തി യോഗം ചേരുകയായിരുന്നു.

ഇന്നലെ ഉച്ച തിരിഞ്ഞ് അപ്പോളോ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ തന്നെ പെനീര്‍ശെല്‍വത്തെ നിയമസഭാ കക്ഷി നേതാവി തെരഞ്ഞെടുത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എംഎല്‍മാരില്‍ നിന്നും ഇക്കാര്യം സംബന്ധിച്ച തീരുമാനം എഴുതി വാങ്ങിയതായും സൂചനയുണ്ട്. നിലവില്‍ ധനകാര്യമന്ത്രിയായ പനീര്‍ശെല്‍വം മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചുവരികയാണ്.
ഇന്നലെ വൈകിട്ട് ആറുമണിക്ക് പാര്‍ട്ടി ഓഫിസില്‍ എഐഡിഎംകെ നേതാക്കന്‍മാരുടെ യോഗം വിളിച്ചതെങ്കിലും ജയയുടെ മരണം സ്ഥിരീകരിച്ച ശേഷമാണ് യോഗം ചേര്‍ന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിത ജയിലില്‍ ആയിരുന്നപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കാലത്തും ഒ. പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിച്ചിരുന്നത്.
തേവര്‍ സമുദായത്തിന്റെ ഉപജാതിയായ മരവര്‍ വിഭാഗത്തില്‍ പെട്ടയാളാണ് ഒ.പനീര്‍ശെല്‍വം. 1980കളില്‍ ജന്മനാടായ തേനിയില്‍ ചായക്കട നടത്തിയും സ്വകാര്യ കാന്റീന്‍ നടത്തിയും ജീവിച്ചിരുന്ന പനീര്‍ശെല്‍വം എംജിആര്‍ അനുഭാവിയായിരുന്നു. പിന്നീട് എംജിആറിന്റെ മരണശേഷമാണ് അണ്ണാ ഡിഎംകെയില്‍ പനീര്‍ശെല്‍വം സജീവമാകുന്നത്.

You must be logged in to post a comment Login