തസ്ലീമ നസ്രീന്‍ വോട്ടയാടലിന്റെയും പ്രതിരോധത്തിന്റെയും 24 വര്‍ഷങ്ങള്‍

ജോസഫ് റോയ്


പ്രവാസജീവിതം കടുത്ത ഏകാന്തതയാണ്. ജനിച്ച നാട്ടില്‍ മടങ്ങിയെത്താന്‍ കഴിയാതെഅഭയാര്‍ത്ഥിയെപ്പോലെ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ രാജ്യങ്ങള്‍ തോറും അലയാന്‍ തുടങ്ങിയിട്ട് 24 വര്‍ഷം പിന്നിട്ടിരിക്കുന്നു. സത്രീപക്ഷ പ്രവര്‍ത്തക, മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയായ തസ്ലീമ തന്റെ ലജ്ജ എന്ന നോവല്‍ പുറത്തിറങ്ങിയതോടെയാണ് മതമൗലിക വാദികളുടെ നോട്ടപ്പുള്ളിയായി മാറിയത്. ആള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമിന്‍ പോലുള്ള സംഘടനകള്‍ തസ്ലിമയ്ക്ക് എതിരെ ഫത്വ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകര സംഘടനയായ അല്‍ഖ്വയിദ ആകട്ടെ ഒരുപടികൂടി കടന്ന് തലയ്ക്കു വിലയിട്ടിരിക്കുന്നു. തസ്ലിമയുടെ മുന്നിലേക്ക് മരണം ഏത് നിമിഷമാണ് ഒരു വെടിയുണ്ടയുടെ രൂപത്തില്‍ കടന്നുവരുക എന്നറിയില്ല. ഒരു നൂല്‍പ്പാലത്തിലൂടെ ഈ എഴുത്തുകാരിയുടെ ജീവിതം നീളുന്നു.

സര്‍ഗസൃഷ്ടിയുടെ പേരില്‍ സ്വന്തം നാട് നഷ്ടപ്പെട്ട വേദന സാഹിത്യലോകത്ത് മറ്റൊരു സ്ത്രീയ്ക്കും ഇതേപോലെ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. 1994ല്‍ ബംഗ്ലാദേശില്‍ നിന്നും പുറത്താക്കപ്പെട്ട തസ്ലിമ 2004വരെ യൂറോപ്പിലും അമേരിക്കയിലുമാണ് അഭയം തേടിയത്. സ്വീഡിഷ് സര്‍ക്കാര്‍ നല്‍കിയ പൗരത്വത്തിന്റെ പിന്‍ബലത്തില്‍ ആറ് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യയിലേക്കു വിസ ലഭിച്ചത്. ഇതിനിടെ പിതാവും മാതാവും മരണമടഞ്ഞു. മരണക്കിടക്കയില്‍ അവരെ അവസാനമായി കാണുവാന്‍ പോലും ബംഗ്ലാദേശ് സര്‍ക്കാര്‍ തസ്ലിമയെ അനുവദിച്ചില്ല. 2004ല്‍ ഇന്ത്യയില്‍ എത്തിയ തസ്ലിമയ്ക്ക് 2007വരെ മാത്രമെ കൊല്‍ക്കത്തയില്‍ കഴിയാന്‍ സാധിച്ചുള്ളു. കൊല്‍ക്കത്തയില്‍ നിന്നും പുറത്താക്കപ്പെട്ട തസ്ലിമ ഡല്‍ഹിയിലെ രഹസ്യകേന്ദ്രത്തില്‍ പോലീസ് സംരക്ഷണയിലായി.2014ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തസ്ലിമയുടെ താമസാനുമതി റദ്ദാക്കി. തുടര്‍ന്നു 2015ല്‍ അമേരിക്കയിലേക്കു താമസം മാറ്റി.

തന്റെ ആത്മാവിനെപോലെ സ്നേഹിച്ച കൊല്‍ക്കത്തയും തന്നെ പുറത്താക്കിയതിലുള്ള ദുഃഖം ഉള്ളിലൊതുക്കി തസ്ലിമ നസ്റീന്‍ കഴിഞ്ഞ ദിവസം തന്റെ ആത്മകഥയുടെ മൂന്നാം ഭാഗം – സ്പ്ലിറ്റ് എ ലൈഫിന്റെ- പ്രകാശനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തി. ഒപ്പം അനുവാചകര്‍ക്ക് തസ്ലിമ നസ്റീനെ പരിചയപ്പെടുത്താന്‍ മലയാളത്തിന്റെ കഥാകാരന്‍ എന്‍.എസ്. മാധവനും. കലയേയും കലാകാരന്‍മാരെയും എഴുത്തുകാരെയും അതിരറ്റു സ്നേഹിക്കുന്ന പാരമ്പര്യമാണ്. ബംഗാളിന്റേത്. ഇന്ത്യയുടെ തന്നെ ലിറ്റററി ക്യാപിറ്റല്‍ എന്നുനാം ഒരുകാലത്ത് കൊല്‍ക്കത്തയെ വിശേഷിപ്പിച്ചിരുന്നു. ചരിത്രത്തില്‍ ബംഗാളിനും ബംഗാളി ഭാഷയ്ക്കും നല്‍കുന്ന ഔന്നത്യം മറ്റു സംസ്ഥാനങ്ങള്‍ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്.
എന്നാല്‍, മതമൗലികവാദികള്‍ക്കു വഴങ്ങി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഇടതുസര്‍ക്കാര്‍ തസ്ലിമ നസ്റീനെ കൊല്‍ക്കത്തയില്‍ നിന്നും പുറത്താക്കിയ നടപടി ബംഗാളിയുടെ സംസ്‌കാരിക പാരമ്പര്യത്തിനേറ്റ പ്രഹരമായിരുന്നു, പശ്ചിമ ബംഗാളില്‍ സിപിഎമ്മിനു സംഭവിച്ച തകര്‍ച്ചയുടെ കാരണങ്ങളിലൊന്നായി മത മൗലികവാദികള്‍ക്കു വഴങ്ങി തസ്ലിമ നസ്റീനെ പുറത്താക്കാന്‍ എടുത്ത തീരുമാനമായിരുന്നുവെന്ന് എന്‍.എസ്.മാധവന്‍ ചൂണ്ടിക്കാട്ടുന്നു.

തസ്ലിമ നസ്രീനുമായുള്ള സംഭാഷണത്തില്‍ നിന്ന്…

കുടുംബ പശ്ചാത്തലം, പഠനം:
എന്റെ പിതാവ് (രജബ് അലി) ഡോക്ടറായിരുന്നു. മകളെയും തന്നെപ്പോലെ ഡോക്ടറാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എനിക്ക് മെഡിസിന്‍ പഠിക്കാന്‍ ആദ്യം താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ആര്‍ട്സ് വിഷയങ്ങളോടായിരുന്നു താല്‍പ്പര്യം. എന്നാല്‍ പിന്നീട് പിതാവിന്റെ അഭിലാഷം അനുസരിച്ച് മെഡിസിനു ചേര്‍ന്നു. അങ്ങനെ ഞാന്‍ ഒരു ഗൈനക്കോളജിസ്റ്റായി . പ്രാക്ടീസ് ചെയ്യുന്നതിനിടെ നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും അവരുടെ ജീവിതവും അറിയാന്‍ ഇടയായി. ബംഗ്ളാദേശില്‍ ആശുപത്രികളില്‍ രോഗബാധിതരായ സ്ത്രീകളെയും പെണ്‍കുട്ടികളെയും കൊണ്ടുവരാറില്ല. പകരം അവരുടെ മാതാപിതാക്കളോ ഭര്‍ത്താവോ ആയിരിക്കും ആശുപത്രിയില്‍ വരുക. സ്ത്രീകളുടെ രോഗം ഇത് വഷളാക്കി. പലപ്പോഴും അത്യാസന്ന നിലയിലാകുമ്പോഴായിരിക്കും സ്ത്രീകളെ ആശുപത്രിയില്‍ എത്തിക്കാന്‍ വീട്ടുകാര്‍ തയ്യാറാകുക. അതുകൊണ്ടു തന്നെ മിക്കവരേയും രക്ഷപ്പെടുത്താനുള്ള ഘട്ടം കഴിഞ്ഞിരിക്കും. നിസഹായരായ ഡോക്ടര്‍മാര്‍ക്ക് ഇത് പതിവ് കാഴ്ചയായിരുന്നു. സത്രീകളുടെ കാര്യത്തില്‍ വലിയ ഉദാസീനതയാണ് ബംഗ്ലാദേശ് സമൂഹം പ്രകടിപ്പിച്ചിരുന്നത്. ഈ യാഥാര്‍ത്ഥ്യം എന്നെ നടുക്കി. മാനസികമായും ശാരീരികമായും സ്ത്രീകളെ ബംഗ്ലാദേശിലെ പൊതു സമൂഹം കണക്കിലെടുത്തിരുന്നില്ല.

അതേപോലെ ആശുപത്രി ജീവിത്തിനിടയില്‍, മാനഭംഗത്തിനു ഇരയായ നിരവധിപേരെയും ചികിത്സിക്കേണ്ടി വന്നു . മാനഭംഗത്തിനിരയായ പെണ്‍കുട്ടികളുടെ പക്കല്‍ നിന്നും ഒരിക്കലും പരാതികള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നില്ല. പ്രതികളുടെ കയ്യൂക്കും മാതാപിതാക്കളുടെ നിസഹായവസ്ഥയും മാനഭംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്കു നീതി നിഷേധിക്കുന്നതിനു കാരണമായി. പൊതുസമൂഹവും വേട്ടക്കാരനൊടൊപ്പം നിലയുറപ്പിച്ചു. അതേപോലെ ദാമ്പത്യത്തിനു അകത്ത് നടക്കുന്ന ബലാല്‍സംഗങ്ങള്‍ ഒരിക്കലും ലൈംഗിക പട്ടികയില്‍പ്പെടാതെ പോകുന്നതും എന്നെ നടുക്കി. സാമൂഹ്യനീതി ഒരിക്കലും സ്ത്രീകള്‍ക്കൊപ്പം ആയിരുന്നില്ല

മാനഭംഗക്കേസുകളില്‍ വധശിക്ഷയല്ല പോംവഴി:

കത്വ സ,ംഭവത്തിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന വാദത്തോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. എന്തുകൊണ്ടും വധശിക്ഷ നടപ്പാക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അതിലുപരി പ്രധാനപ്പെട്ടത് സര്‍ക്കാരിനു സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറ്റുവാന്‍ കഴിയുക എന്നതാണ്. പുരുഷ•ാരുടെ മനോഭാവത്തില്‍ മാറ്റം വരണം. വധശിക്ഷ നിരോധിച്ച നിരവധി രാജ്യങ്ങള്‍ ലോകത്തിലുണ്ട്. എന്നാല്‍ അവിടങ്ങളില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയര്‍ന്നിട്ടില്ല. ചില രാജ്യങ്ങളില്‍ ജയിലുകള്‍ അടച്ചുപൂട്ടുന്നു. പകരം അവിടെ തെറ്റ് തിരുത്താനുള്ള സെന്ററുകള്‍ നിര്‍മ്മിക്കുന്നു.
പുരുഷത്വത്തിന്റെ ആക്രമണത്വരയുടെ ഇരകളാകാന്‍ വിധിക്കപ്പെട്ട സത്രീകളുടെ പക്ഷം ചേരാതെ പൊതുസമൂഹം ബലാല്‍സംഗ സംസ്‌കാരത്തിനെ വളര്‍ത്തിയെടുക്കുകയാണ്. വിഷം വമിപ്പിക്കുന്ന പുരുഷത്വത്തിന്റെ ആക്രമണ പ്രവണതയെ നമ്മുടെ സമൂഹം പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടു തന്നെ മാനഭംഗക്കേസുകളില്‍ വധശിക്ഷ വേണമെന്ന വാദത്തിനോട് എനിക്ക് യോജിക്കാനാവില്ല. മാനഭംഗങ്ങളുടെ എണ്ണം കുറക്കണമെങ്കില്‍ പൊതുസമൂഹത്തിനെ ബോധവല്‍ക്കരിക്കുകയാണ് ആദ്യം വേണ്ടത്. സ്ത്രീയും പുരുഷനും ഒരേപോലെ സമൂഹത്തിന്റെ ഭാഗമാണെന്നും സ്ത്രീയ്ക്കും പുരുഷനും തമ്മില്‍ വേര്‍തിരിവ് പാടില്ലെന്നും വളര്‍ന്നുവരുന്ന തലമുറയെ പറഞ്ഞു മനസിലാക്കാന്‍ സമൂഹം തയ്യാറായാല്‍ മാത്രമെ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ അടക്കമുള്ള എല്ലാ അതിക്രമങ്ങളും അവസാനിപ്പിക്കാന്‍ കഴിയൂ.

സ്ത്രീകള്‍ വെറും ഭോഗവസ്തുക്കളല്ല എന്ന യാഥാര്‍ത്ഥ്യം സമൂഹം ഉള്‍ക്കൊള്ളുകയും പുരുഷനും സ്ത്രീയ്ക്കും തുല്യനീതി ഉറപ്പുവരുത്തുകയും ചെയ്താല്‍ മാത്രമെ ഒരു മാറ്റം വരുത്താന്‍ കഴിയുകയുള്ളു. മാനഭംഗക്കേസുകളില്‍ പ്രതികളായവരെ ശിക്ഷിക്കരുതെന്നല്ല; ശിക്ഷിക്കുന്നതിനോടൊപ്പം അവരില്‍ ബോധവല്‍ക്കരണവും നടത്തേണ്ടതുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും നല്‍കുന്ന പഠനം മാത്രമല്ല വിദ്യാഭ്യാസം. സ്ത്രീ ഒരിക്കലും പുരുഷന്റെ കീഴില്‍ അല്ലെന്നും സ്ത്രീകളെ ലൈംഗിക ഉപകരണമായി കാണരുതെന്നും അവരെ പഠിപ്പിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം എന്നത് കേവലം സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും യൂണിവേഴ്സിറ്റികളില്‍ നിന്നും ലഭിക്കുന്ന അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല. സ്ത്രീകളുടെ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചും അറിയാതെ വിദ്യാഭ്യാസം പൂര്‍ണമാകില്ല. ശാസ്ത്രപഠനം എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്.അന്ധവിശ്വാസങ്ങള്‍,അനാചാരങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ ശാസ്ത്രപഠനം എന്നെ സഹായിച്ചു. പഠനകാലഘട്ടത്തില്‍ തന്നെ ഞാന്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയിരുന്നു. വൈദ്യശാസ്ത്ര പഠനകാലത്തും എഴുതിയിരുന്നു. സാഹിത്യകാരന്‍മാരില്‍ വലിയ വിഭാഗത്തിനും ശാസ്ത്രവുമായി യാതൊരു ബന്ധവും കാണില്ല.എന്നാല്‍ എന്നെ സംബന്ധിച്ചു ഈ പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും എന്റെ മുന്നില്‍ ഒരു മഹാകാവ്യം തുറന്നുവെച്ചതു പോലെയായിരുന്നു.

കവിതയിലേക്കും പോരാട്ടങ്ങളിലേക്കും:

പതിമൂന്നാം വയസില്‍ ഞാന്‍ എഴുതി തുടങ്ങി. പക്ഷേ, അന്നൊന്നും ഒരു എഴുത്തുകാരിയാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഹോബിയെന്ന നിലയിലാണ് കവിതകള്‍ എഴുതാന്‍ തുടങ്ങിയത്.ആദ്യകാലത്ത് എഴുതിയ കവിതകള്‍ കുറെ പ്രസിദ്ധീകരിച്ചു. അന്ന് നിരവധി പത്രാധിപര്‍മാരില്‍ നിന്നും ലഭിച്ച പിന്തുണയും അനുകൂലമായ നിരൂപണങ്ങളുമാണ് എന്നെ മുഴുവന്‍സമയ എഴുത്തുകാരിയാക്കിയത്.സ്ത്രീകള്‍ നേരിടുന്ന ദുരിതങ്ങള്‍ വളര്‍ന്നു വന്നിരുന്ന എന്നില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. അവരുടെ ജീവിതം എന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങള്‍ക്കു ജന്‍മം നല്‍കി.ലക്ഷക്കണക്കിനുവരുന്ന സ്ത്രീകളുടെ ദുരിതപൂര്‍ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് എനിക്ക് പറയാനുണ്ടായിരുന്നത്. കേവലം പ്രസവിക്കുവാന്‍ വേണ്ടിയുള്ള യന്ത്രങ്ങളായി മാത്രം സ്ത്രീകളെ കണക്കാക്കുന്ന സമൂഹത്തിനെതിരെ എനിക്ക് എഴുതേണ്ടി വന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്യത്തിനും വേണ്ടി പോരാടാന്‍ പിന്തുണ നല്‍കേണ്ടത് ആവശ്യമായിരുന്നു. നിരവധി സ്ത്രീകള്‍ക്ക് ഞാന്‍ പ്രചോദനമായി. ഇത് യാഥാസ്ഥിതികരായ ഒരു വലിയ വിഭാഗത്തിനെ അലോസരപ്പെടുത്താന്‍ തുടങ്ങി.

സ്വയംസെന്‍സര്‍ഷിപ്പ് എന്ന പീഢനം:

എന്നും സ്ത്രീകളെ അടിച്ചമര്‍ത്താനാണ് മതം ശ്രമിച്ചത്. മനുഷ്യാവകാശങ്ങളെയും മതം മാനിച്ചിട്ടില്ല. സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിലും എല്ലാ മതങ്ങളും ഒരേപോലെ ഇരട്ടത്താപ്പാണ് പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഞാന്‍ മതങ്ങളുടെ കടുത്ത വിമര്‍ശകയായി മാറി. സ്ത്രീകളോടുള്ള മതത്തിന്റെ അസഹിഷ്ണതകളെ എനിക്ക് ചോദ്യം ചെയ്യേണ്ടി വന്നു. അതേപോലെ മതം ഒരിക്കലും ശാസ്ത്രവുമായി ഇണങ്ങിച്ചേരുമെന്നും എനിക്ക് തോന്നിയട്ടില്ല. എത് മതത്തിലും വിശ്വസിക്കാനുള്ള സ്വതന്ത്ര്യം ഉള്ളതുപോലെ മതത്തില്‍ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും എല്ലാവര്‍ക്കും ഉണ്ട്. അതേപോലെ ഒരു രാജ്യവും ഒരു മതത്തിലും അധിഷ്ഠിതമായിരിക്കരുത്.എന്നാല്‍ മാത്രമെ എല്ലാ പൗര•ാര്‍ക്കും തുല്യനീതിയും തുല്യഅവകാശവും നടപ്പാക്കാനാകൂ. മതത്തിനെ ദുരുപയോഗം ചെയ്യുന്ന നിരവധി മതമൗലികവാദികള്‍ എനിക്കെതിരെ ക്യാംപയിനുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഈ മതമൗലിക വാദികള്‍ക്കെതിരെ ഒരുരാജ്യവും ഒരു നടപടിയും സ്വകരിച്ചില്ല. മറിച്ച് മതമൗലികവാദികളോടൊപ്പം നില്‍ക്കുകയായിരുന്നു. മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി എന്റെ പേരില്‍ കേസെടുക്കുകയും ചെയ്തു. അതോടെ എനിക്ക് ജനിച്ച നാട് വിടേണ്ടി വന്നു. എന്റെ നാട്ടില്‍ തിരിച്ചുവരുന്നതിനും വിലക്ക് വന്നു. എന്നാല്‍ എന്റെ എഴുത്തിനെ തടയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. വാശിയോടെ ഞാന്‍ എഴുതിക്കൊണ്ടിരുന്നു. എങ്കിലും ചിലപ്പോഴെല്ലാം എനിക്ക് നിശബ്ദയാകേണ്ടി വന്നിട്ടുണ്ട്. സ്വയം ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പാണ് ഒരു എഴുത്തുകാരന്‍ നേരിടുന്ന ഏറ്റവും വലിയ പീഢനം. ഒരിക്കലും ഒരു എഴുത്തുകാരന്‍ സ്വയം സെന്‍സര്‍ഷിപ്പ് നടത്തരുത്.

യൂറോപ്പിലെ പ്രവാസകാലം:

ബംഗ്ലാദേശില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ഞാന്‍ എത്തിയത് വളരെ വിഭിന്നമായ ഒരു ലോകത്താണ്. എന്റെ യൂറോപ്പിലെ പ്രവാസജീവിതകാലത്താണ് എനിക്ക് നിരവധി ബഹുമതികള്‍ ലഭിക്കുന്നത്. എഴുത്തുകാരിയായ എന്നെ അവര്‍ വളരെയേറെ ബഹുമാനിച്ചു. അനുകമ്പയും സ്നേഹവും നല്‍കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും മടിച്ചു നിന്നില്ല. യൂറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളിലെ ഭാഷകളിലേക്കും എന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത് ഇക്കാലത്താണ്. യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രത്യേക ക്ഷണിതാവാകാനും കഴിഞ്ഞു. ഫ്രഞ്ച് സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ എനിക്ക് നിരവധി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. എന്നാല്‍ അവയൊന്നും തന്നെ എന്നെ സന്തോഷിപ്പിച്ചില്ല. ജന്‍മ-നാട്ടിലേക്കു മടങ്ങുകയും അവിടെ ഇരുന്നു മാതൃഭാഷയായ ബംഗാളിയില്‍ എഴുതുകയുമായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ എനിക്ക് മടങ്ങിവരാനുള്ള അവസരം നല്‍കിയില്ല. അങ്ങനെയാണ് ഞാന്‍ എന്റെ നാടിനോട് അടുത്ത കൊല്‍ക്കത്തയില്‍ എത്തുന്നത്. ബംഗാളി ഭാഷ സംസാരിക്കുന്ന ജനങ്ങളും ബംഗ്ലാദേശിലെപ്പോലെയുള്ള ചുറ്റുപാടുകളുമുള്ള കൊല്‍ക്കത്തയെ ഞാന്‍ സ്നേഹിച്ചു. എന്റെ പുസ്തകങ്ങളുടെ പ്രസാധകരില്‍ എറെയും കൊല്‍ക്കത്തയിലാണ് . അതുകൊണ്ട് സ്വന്തം നാടുപോലെയായിരുന്നു കൊല്‍ക്കത്ത. യൂറോപ്യന്‍ പൗരത്വം ഇപ്പോഴും ഉണ്ടെങ്കിലും എന്റെ നാടുമായി സാമ്യമുള്ള ഇന്ത്യയില്‍ താമസിക്കുന്നതാണ് എനിക്ക് ഇഷ്ടം. ഇന്ത്യയില്‍ ഒരിക്കലും ഒരു അതിഥിയായി എനിക്ക് തോന്നിയിട്ടില്ല. ബംഗാളി മാസികകളില്‍ എന്റെ രചനകള്‍ പ്രസിദ്ധീകരിച്ചുവരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യാക്കാരിയായി തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഇന്ത്യയില്‍ നിന്നുയര്‍ന്ന ഗോ ബാക്ക് വിളികള്‍:

അടുത്തിടെ ഇന്ത്യയില്‍ നിന്നും എനിക്ക് എതിരെ മതതീവ്രവാദികള്‍ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തി. എന്നാല്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നത് പശ്ചിമബംഗാളിലെ അറിയപ്പെടുന്ന ബുദ്ധിജീവികള്‍ എന്റെ പുസ്തകം നിരോധിക്കണമെന്നു മുറവിളികൂട്ടിയതാണ്. ഞാന്‍ അങ്ങേയേറ്റം ബഹുമാനിച്ചുവന്നിരുന്ന ഈ ബുദ്ധിജീവികളില്‍ നിന്നും ഇത്തരം ഒരു ഒരു മുറവിളി ഉണ്ടായത് എന്നെ ഞെട്ടിച്ചു. ഒരിക്കലും ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. സ്ത്രീപക്ഷവാദികളായും മനുഷ്യാവകാശ പ്രവര്‍ത്തകരായും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളികൂട്ടുന്നവരായും മാറുന്ന ഈ ബുദ്ധിജീവകള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ സമീപിച്ചു. എന്റെ പുസ്തകം നിരോധിക്കാന്‍ ആവശ്യപ്പെട്ടു. അറിയപ്പെടുന്ന എഴുത്തുകാര്‍ ഉള്‍പ്പെടുന്ന 25 ഓളം ബുദ്ധിജീവികള്‍ തന്നെ സമീപിച്ചു പുസ്തകം നിരോധിക്കണമെന്നു ആവശ്യപ്പെട്ടുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ നിരോധിക്കുകയാണെന്നും തൊട്ടുപിന്നാലെ ബുദ്ധദേവ് ഭട്ടാചാര്യ വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിച്ചു. എന്നാല്‍ ഒരു മുസ്ലീം മത മൗലികവാദിയും പുസ്തകം നിരോധിക്കണമെന്നു ആവശ്യപ്പെട്ടില്ല എന്നതാണ് രസകരമായ യാഥാര്‍ത്ഥ്യം. പക്ഷേ ബുദ്ധദേവ് ഭട്ടാചാര്യ മതവികാരം വ്രണപ്പെടുത്തുന്നതായി ആരോപിച്ചതിനു പിന്നാലെ മതമൗലികവാദികള്‍ രംഗത്തെത്തി. എന്റെ നിസഹായ അവസ്ഥ മുതലെടുത്ത മതമൗലികവാദികള്‍ തസ്ലിമ ഗോ ബാക്ക് വിളികള്‍ മുഴക്കാന്‍ തുടങ്ങി. ബംഗാളിലെ ഇടതു മുന്നണി സര്‍ക്കാരാണ് മതമൗലികവാദികളെ പ്രോത്സാഹിപ്പിച്ചത്.

എനിക്ക് ഇതിനു പിന്നില്‍ നടന്ന അന്തര്‍നാടകങ്ങളും ഗൂഢാലോചനയൊന്നും ആദ്യം പിടികിട്ടിയിരുന്നില്ല. പിന്നീട് എല്ലാം മനസിലായി. സര്‍ക്കാര്‍ രാഷ്ട്രീയ ലാഭം കണക്കിലെടുത്തു നിരോധിച്ചെന്നുവരാം. പക്ഷേ, പുസ്തകം നിരോധിക്കണമെന്നു ഒരു എഴുത്തുകാരന്‍ പറയുന്നതാണ് എനിക്ക് മനസിലാകാത്തത്. ഞാന്‍ ഒരു സ്ത്രീ എഴുത്തുകാരി ആയതിനാലാണ് ഈ വിവേചനം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നിരവധി പുരുഷ എഴുത്തുകാരെ പോലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ലൈംഗികച്ചുവയുള്ള കൃതികളൊന്നും ഞാന്‍ എഴുതിയിട്ടില്ല.ദൗര്‍ഭാഗ്യവശാല്‍ ഇതാണ് നമ്മുടെ ഉപഭൂഖണ്ഡത്തിലെ എഴുത്തുകാരുടെ അവസ്ഥ. ഞാന്‍ പ്രസിദ്ധയായ എഴുത്തുകാരിയായി മാറിയതില്‍ അസൂയാലുക്കളായ നിരവധി പുരുഷ എഴുത്തുകാരുണ്ട്. ഞാന്‍ എന്റെ നാട്ടിലെ ജീവിതമാണ് എഴുതിയത്. എന്നാല്‍ പശ്ചിമബംഗളിലെ എഴുത്തുകാരുടെ പിടിവാശി അവരുടെ നാട്ടിലെ ജീവിതം എഴുതരുതെന്നാണ്. ഞാന്‍ എവിടെ താമസിച്ചാലും അവിടെ ഞാന്‍ കണ്ടുമുട്ടുന്നവരുടെ ജീവിതം എന്റെ കൃതികളിലേക്കു വരുന്നത് യാദൃശ്ചികം മാത്രം. സ്ത്രീകളുടെ ജീവിതം പുരുഷന്റെ വീക്ഷണകോണില്‍ വിവരിക്കാന്‍ കഴിയില്ല. സ്ത്രീകള്‍്ക്കു മാത്രമെ അവരുടെ തനതായ ജീവിതം അക്ഷരങ്ങളാക്കി മാറ്റാന്‍ കഴിയൂ.

ഞാന്‍ എങ്ങോട്ട് പോകാന്‍:

എന്നോട് ഗോ ബാക്ക് എന്നു പറയുന്നവരോട് പറയാന്‍ ഒന്നേ ഉള്ളു എനിക്ക് ഒരു രാജ്യവും ഇല്ല, ഒരു വീടും ഇല്ല. പിന്നെ ഞാന്‍ എങ്ങോട്ടു പോകും. മതമൗലികവാദികളെന്നു ഊറ്റം കൊള്ളുന്നവരുടെ ഗോ ബാക്ക് വിളികളാണ് എന്നെ അലോസരപ്പെടുത്തുന്നത്.
മതനിരപേക്ഷതയും സ്ത്രീപക്ഷവാദത്തോടുള്ള ഐക്യദാര്‍ഢ്യവും എല്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പേരിനു മാത്രമെയുള്ളു. ഈ രാജ്യങ്ങളില്‍ ഒരിടത്തും യഥാര്‍ത്ഥ മതനിരപേക്ഷത ഇല്ല. സര്‍ക്കാര്‍ എനിക്കെതിരാണ്. മതമൗലികവാദികളും സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നവരും എനിക്കെതിരാണ്. 1990 മുതല്‍ ഈ എതിര്‍പ്പ് നേരിടുകയാണ്. എതിര്‍പ്പുകള്‍ക്കിടയിലും എനിക്ക് പിന്തുണ നല്‍കിയ നിരവധിപേരുണ്ട്. എഴുത്തുകാരും സാധാരണക്കാരുമായ ജനങ്ങള്‍. എന്നാല്‍ മതമൗലികവാദികള്‍ എന്നെ ആക്രമിച്ചപ്പോള്‍ അവരെല്ലാം നിശബ്ദരായിരുന്നു. ഭൂരിപക്ഷ സമുദായത്തില്‍ ആയാലും ന്യൂനപക്ഷ സമുദായത്തില്‍ ആയാലും മതമൗലികവാദികള്‍ എല്ലാം ഒന്നാണ്.

എനിക്കെതിരെ പശ്ചിമബംഗ.ാള്‍ സര്‍ക്കാര്‍ മൗതമൗലികവാദികള്‍ക്കു വേണ്ടി പുസ്തകം നിരോധിച്ചപ്പോള്‍ ഭൂരിപക്ഷം എഴുത്തുകാരും മൗനത്തിലായിരുന്നു.. മുസ്ലിം സമുദായത്തിനുവേണ്ടിയാണ് ഞാന്‍ എഴുതിയത്. സമുദായത്തിലെ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടിയാണ് ഞാന്‍ എഴുതുന്നത്. മുസ്ലിം സമുദായത്തിനു വേണ്ടി നിലകൊള്ളുന്നവരായി അവകാശപ്പെടുന്നവര്‍ ഒന്നും സ്ത്രീകളുടെ നില മെച്ചപ്പെടുത്താന്‍ തയ്യാറാകുന്നില്ല.
ഏഴാം നൂറ്റാണ്ടിലെ നിയമം ഇസ്ലാം മതവിശ്വാസികള്‍ ഇന്നു പാലിക്കേണ്ടതില്ല. ആധുനിക കാലഘട്ടത്തില്‍ നടപ്പില്‍ വരുത്തിയ നിയമങ്ങളാണ് പിന്തുടരേണ്ടത്. മുസ്ലിം സ്ത്രീകള്‍ ആധൂനിക സമൂഹത്തില്‍ ഒരിക്കലും പിന്തള്ളപ്പെടേണ്ടവരല്ല. പശ്ചിബംഗാളില്‍ നിന്നും പുറത്താക്കപ്പെട്ട എനിക്ക് ഡല്‍ഹിയില്‍ നിരവധി എഴുത്തുകാരുടെ പിന്തുണ ലഭിച്ചു. എനിക്ക് അവര്‍ നല്‍കിയ പിന്തുണയാണ് വീണ്ടും ഇന്ത്യയില്‍ എത്തുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

 

 

You must be logged in to post a comment Login