താനൂര്‍, തിരൂര്‍ മേഖലകളില്‍ രണ്ടുദിവസത്തെ നിരോധനാജ്ഞ

മലപ്പുറം: സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് താനൂര്‍, തിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ രണ്ടുദിവസത്തെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.. സി.പി.എം, മുസ്‌ലിംലീഗ് പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ചൊവാഴ്ച വിവിധ ഇടങ്ങളില്‍ പരിപാടി നടക്കാനിരിക്കെയാണ് സംഘര്‍ഷ സാധ്യത ആരോപിച്ച് പൊലിസ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്്.

താനൂര്‍, തിരൂര്‍ കടലോരമേഖലയില്‍ അടുത്തിടെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപെട്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്്. ഇതിനിടെ ചൊവാഴ്ച വൈകീട്ട്് 2 മണിക്ക് തിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കൂട്ടായിയില്‍ നിന്നും താനൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചുടിയില്‍ നിന്നും സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ പറവണ്ണ ആലിന്‍ചുവടിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു.

താനൂര്‍ അങ്ങാടിയില്‍ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ‘ജനസദസ്സ്’ പരിപാടിയും ചൊവാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസമായതിനാല്‍ ഇതുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനങ്ങളും സംഘര്‍ഷത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടുദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്്. കേരളാ പൊലിസ് നിയമത്തിലെ 78, 79 വകുപ്പുകള്‍ പ്രകാരം താനൂര്‍, തിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ രണ്ടുദിവസത്തേക്കാണ് നിരോധനാജ്ഞ.

വര്‍ഗീയമോ, സദാചാര വിരുദ്ധമോ ആയ ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, പ്ലക്കാര്‍ഡുകള്‍, അച്ചടിച്ച കടലാസുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവക്ക് ശക്തമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്്. ഓഡിയോ/വീഡിയോ റിക്കാര്‍ഡിംഗുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവയും ഇത്തരം ആവശ്യത്തിന് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്്. പൊതുനിരത്തുകളിലെ പ്രകടനങ്ങള്‍ പൊതുസമ്മേളനങ്ങള്‍, റാലികള്‍, മാര്‍ച്ച് എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

You must be logged in to post a comment Login