താമരപ്പൂവിന്റെ പൊയ്കയില്‍

കന്യാകുമാരി ജില്ലയിലെ കുളങ്ങളില്‍ സമൃദ്ധമായി വളരുന്ന പൂവാണ് താമര. ചുവപ്പ്, വെള്ള നിറങ്ങളില്‍ ഇവ ലഭ്യമാണ്. താമര ഇവിടെ വെറുമൊരു പൂവല്ല.ഒട്ടേറെപ്പേരുടെ അഷ്ടിക്കുള്ള അന്നം കൂടിയാണ്. ജില്ലയിലെ 400ഓളം ചെറുതും വലുതുമായ കുളങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിയുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുളങ്ങള്‍ ലേലം പിടിച്ചാണ് കൃഷിചെയ്യുന്നത്. പുതിയൊരു കുളത്തില്‍ ആദ്യമായി കൃഷിതുടങ്ങുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീരൊഴുക്കില്ലാത്ത ജലാശയമാണ് തെരഞ്ഞെടുക്കേണ്ടത്.

കുളത്തിനുള്ളിലെ പായലും മറ്റ് ചെടികളും നീക്കം ചെയ്തശേഷം നല്ലയിനം താമരത്തൈകള്‍ ചെളിയില്‍ നടുന്നു. വിത്തിട്ട് കൃഷി ചെയ്യാമെങ്കിലും വലിപ്പമുള്ള പൂക്കള്‍ ലഭിക്കാറില്ല. തൈകള്‍ മൂന്നു മാസംകൊണ്ട് പൂക്കാന്‍ തുടങ്ങും. ഒന്നു രണ്ട് വര്‍ഷക്കാലം കൊണ്ട് താമര കുളം മുഴുവന്‍ നിറയും. ഒന്നിടവിട്ട ദിവസങ്ങളില്‍ 5000 മുതല്‍ 10000 വരെ പൂക്കള്‍ കിട്ടുന്ന കുളങ്ങളുണ്ട്. മറ്റ് കൃഷികള്‍ക്ക് വേണ്ടുന്ന പരിചരണങ്ങള്‍  ഇവയ്ക്ക് വേണ്ടെങ്കിലും, നല്ല വളക്കൂറുള്ള ചെളിയിലേ താമരയുണ്ടാകൂ. ഇവിടെ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ താമരയുടേയും വിപണി കേരളം തന്നെ. ഹാരം കെട്ടുന്നതിനും ക്ഷേത്രാവശ്യങ്ങള്‍ക്കും താമരപ്പൂവിന്റെ ആവശ്യം ഏറെയാണ്.

നവരാത്രി ദിനങ്ങളിലും ഓണം, പൊങ്കല്‍, ദീപാവലി, സീസണുകളില്‍ ഒരു താമരപ്പൂവിന് പത്ത് രൂപയും അതിലേറെയും  വില ലഭിക്കും. ഇതിന് പുറമേ നൂറ് താമര ഇലക്ക് 3035 രൂപാ വിലയുമുണ്ട്. ആഹാരസാധനങ്ങളും പൂക്കളും പൊതിയുവാനാണ് ഇലകള്‍ ഉപയോഗിക്കുന്നത്. രാവിലെ 8 മണിയോടെയാണ് താമരപൂക്കള്‍ വിടരാന്‍ തുടങ്ങുന്നത്.  വിടര്‍ന്ന പൂക്കളെക്കാള്‍ വിടരാന്‍ വെമ്പുന്ന മൊട്ടുകള്‍ക്കാണ് ആവശ്യക്കാരുള്ളത്. ഇത് അഞ്ചുദിവസത്തോളം കേടുകൂടാതെയിരിക്കും.വാര്‍പ്പ് രൂപത്തില്‍ വട്ടത്തിലുള്ള തകിട് പാത്രങ്ങളില്‍ ആളിരുന്ന് തുഴഞ്ഞാണ് പൂക്കളും ഇലകളും പറിക്കുന്നത്.

lotus
താമരപ്പൂവ് പറിക്കാതെവിട്ടാല്‍ അടിഭാഗത്ത് രൂപപെട്ടുവരുന്ന അനേകം അറകളുള്ള തോടുപോലത്തെ ഭാഗം പലതരം കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. ഒന്നിന് ഒരു രൂപ വില ലഭിക്കും. താമരക്കായ് എന്നു പറയുന്ന ഇതിനുള്ളിലിരിക്കുന്ന വിത്തുകള്‍ക്കും ഏറെ പ്രിയമുണ്ട്. വിത്തുകള്‍ ഉണക്കി വറുത്തെടുത്താല്‍ കശുവണ്ടിപ്പരിപ്പിന്റെ സ്വാദാണ്. ഒരു കിലോക്ക് 70 രൂപയോളം വിലയുണ്ട്. കൊഴിയുന്ന ദളങ്ങള്‍ കൊണ്ട് കോയമ്പത്തൂരിലും മറ്റും കമ്പനിക്കാര്‍ പനിനീര് ഉണ്ടാക്കാനും പ്രയോജനപ്പെടുത്തുന്നു. താമരയുടെ ചുവട്ടില്‍ കാണുന്ന കിഴങ്ങ് ആഹാരമായും ഔഷധമായും ഉപയോഗിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ‘സിങ്കാട’ എന്നറിയപ്പെടുന്ന ഈ കിഴങ്ങ് ചുട്ടുംപുഴുങ്ങിയും അവിടത്തുകാര്‍  ഉദരരോഗ ശമനത്തിന് കഴിക്കുന്നുണ്ട്.

നാഗര്‍കോവിലിലെ ഇരച്ചകുളത്തും തോട്ടിയോട്, വില്ലുക്കുറി എന്നിവിടങ്ങളിലുള്ള നാഞ്ചിനാട്ടിലെ കുളങ്ങളിലാണ് നൂറുകണക്കിന് ആളുകള്‍ താമരകൃഷിയില്‍ വ്യാപൃതരായിരിക്കുന്നത്. ഇത്രയും  വിപുലമായി താമര കൃഷി നടത്തുന്ന ജില്ല ദക്ഷിണേന്ത്യയിലൊരിടത്തുമില്ലെന്ന് ഇവിടത്തെ കര്‍ഷകര്‍ അവകാശപ്പെടുന്നു. ഇതൊക്കെയാണെങ്കിലും കൃഷിക്കും ജീവിയ്ക്കാനും വേണ്ട വെള്ളം മലിനമാകുന്നു എന്ന കാരണത്താല്‍ ജില്ലയിലെ പരിസ്ഥിതി സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുതുതായി താമരകൃഷി നടത്താന്‍ പാടില്ലെന്ന ഉത്തരവും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനാല്‍ ജില്ലയിലെ താമരപ്പൂവിന്റെ ദൃശ്യ സമൃദ്ധിയും വരുമാനവും താമസം വിനാ കാണാമറയത്താകുമെന്ന ഭീഷണിയുമുണ്ട്.

You must be logged in to post a comment Login