തായ്‌ലന്റില്‍ നിര്‍മാണശാല തുറക്കാനൊരുങ്ങി ഹാര്‍ലി

പ്രധാന വാഹന വ്യവസായ കേന്ദ്രമായ തായ്‌ലന്റില്‍ പുതിയ നിര്‍മാണശാല നിര്‍മിക്കുമെന്ന് യു എസ് ബ്രാന്റായ ഹാര്‍ലി ഡേവിഡ്‌സന്‍. ബാങ്കോക്കിനു തെക്കുകിഴക്കായുള്ള റയോങില്‍ തുടങ്ങാനിരിക്കുന്ന വാഹന ശാലയ്ക്കുള്ള മുതല്‍മുടക്ക് സംബന്ധിച്ചു കമ്പനി സൂചനകളൊന്നും നല്‍കിയിട്ടില്ല. അതിനിടെ ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലെ വിപണന സാധ്യത മുതലെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തോടു പക്ഷേ യു എസിലെ തൊഴിലാളി യൂണിയനുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏഷ്യ പസഫിക് മേഖലയില്‍ മികച്ച വില്‍പ്പനയാണു കമ്പനി കൈവരിച്ചതെന്നു ഹാര്‍ലി ഡേവിഡ്‌സന്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ കാറ്റി വിറ്റ്‌മോര്‍ അറിയിച്ചു. എന്നാല്‍ വില്‍പ്പനയുടെ കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്താന്‍ അവര്‍ തല്‍പ്പരരായില്ല. തായ്‌ലന്റിലെ നിര്‍ദിഷ്ട ശാല പ്രവര്‍ത്തനക്ഷമമാവുന്നത് ആസിയാന്‍ മേഖലയിലും ചൈനീസ് വിപണിയിലും കൂടുതല്‍ മത്സരക്ഷമത കൈവരിക്കാനും കമ്പനിയെ സഹായിക്കുമെന്ന് വിറ്റ്‌മോര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയ്ക്കു കൂടുതല്‍ മോഡലുകള്‍ ലഭ്യമാക്കുന്നത് കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കും. അതേസമയം, പുതിയ ശാല ഉണ്ടാക്കുന്നതോടെ യു എസിലെ നിര്‍മാണത്തില്‍ കുറവൊന്നും വരുത്താന്‍ നീക്കമില്ലെന്നും അവര്‍ വ്യക്തമാക്കി.

വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് 60% ചുങ്കമാണു തായ്‌ലന്റ് ചുമത്തുന്നത്. പുതിയ നിര്‍മാണശാല വരുന്നതോടെ ഈ ചെലവ് കുറയ്ക്കാനും നികുതി ഇളവുകള്‍ നേടാനും കഴിയുമെന്നാണു മില്‍വോകി ആസ്ഥാനമായ ഹാര്‍ലി ഡേവിഡ്‌സന്റെ കണക്കുകൂട്ടല്‍. ഇതിനു പുറമെ ആസിയാന്‍ വ്യാപാര കരാറുകളുടെ ബലത്തില്‍ ഹാര്‍ലി ഡേവിഡ്‌സനു തായ്‌ലന്‍ഡ് നിര്‍മിത ബൈക്കുകള്‍ സമീപ വിപണികളിലും നികുതി ഇളവോടെ വിറ്റഴിക്കാനാവും. നിലവില്‍ ഇന്ത്യയിലും ബ്രസീസിലുമാണു ഹാര്‍ലി ഡേവിഡ്‌സന്റെ വിദേശ നിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്നത്.

You must be logged in to post a comment Login