തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ രക്ഷപ്പെടുത്തി; ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ആരംഭിക്കും

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ രക്ഷപ്പെടുത്തി. ബാക്കിയുള്ള 9 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുറത്തെത്തിച്ച കുട്ടികളെ ചിയാങ് റായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജൂണ്‍ 23നാണു 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. പത്താം ദിവസം ഇവരെ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാനുള്ള ശ്രമം ദുഷ്‌കരമായിരുന്നു.

PHOTO: Thai rescue team members walk inside a cave where 12 boys and their soccer coach have been trapped since June 23, in Mae Sai, Chiang Rai province, northern Thailand in this undated photo released by Royal Thai Navy, July 7, 2018. (Royal Thai Navy via AP)

അതേസമയം രണ്ടു പേര്‍ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ചേംബര്‍ 3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിന് സമീപമാണ് ഇവരെത്തിയിട്ടുള്ളത്. ഇരുവരും സുരക്ഷിതമേഖലയിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബാക്കിയുള്ള ഏഴു പേര്‍ക്കായി രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ആരംഭിക്കും. രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതല്‍ 20 മണിക്കൂര്‍ വരെ സമയമെടുക്കുമെന്നാണ് വിവരം. കാലാവസ്ഥ ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും മുന്നോട്ടു പോവുക. അതിനിടെ ഗുഹയ്ക്ക് സമീപം മഴ ആരംഭിച്ചത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തിനാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വൈകിട്ട് 5.40ന് ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചു. 5.50ന് രണ്ടാമത്തെയാളും പുറത്തെത്തി. മൂന്നാമന്‍ 7.40നും നാലാമത്തെ കുട്ടി 7.50നും പുറത്തെത്തി. ഇതിനു പിന്നാലെയാണു രണ്ടു കുട്ടികളെ ഗുഹയിലെ ബേസ് ക്യാംപിനു സമീപത്ത് എത്തിച്ചത്. ഡൈവിങ് സംഘങ്ങള്‍ക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഇതുവരെ ഒരു കിലോമീറ്റര്‍ ദൂരം കുട്ടികള്‍ രക്ഷാസംഘത്തോടൊപ്പം ഡൈവിങ് നടത്തി. കുട്ടികളെ തങ്ങളോടു ചേര്‍ത്തു വച്ചാണു ഡൈവിങ് സംഘത്തിന്റെ മുന്നേറ്റം. വിദേശത്തു നിന്നുള്ള 50 ഡൈവര്‍മാരും തായ്‌ലന്‍ഡില്‍ നിന്ന് 40 പേരുമാണു നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുള്ളത്.

PHOTO: An ambulance leaves the Tham Luang cave area after divers evacuated some of the 12 boys and their coach trapped at the cave in Khun Nam Nang Non Forest Park in the Mae Sai district of Chiang Rai province on July 8, 2018 in Thailand. (Lillian Suwanrumpha/AFP/Getty Images)

പുറത്തെത്തിക്കുന്ന ഓരോരുത്തര്‍ക്കുമായി 13 മെഡിക്കല്‍ സംഘങ്ങളാണ് ഗുഹയ്ക്കു സമീപം കാത്തിരിക്കുന്നത്. ഓരോ സംഘത്തിനും ഒരു ഹെലികോപ്ടറും ആംബുലന്‍സും വീതം നല്‍കിയിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം എല്ലാവരെയും ചിയാങ് റായിയിലെ താല്‍ക്കാലിക മിലിട്ടറി ഹെലിപാഡിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇതിനു സമീപത്തെ ചിയാങ് റായി പ്രചനുക്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര നടപടി സ്വീകരിക്കാന്‍ പരിശീലനം ലഭിച്ച അഞ്ചു ഡോക്ടര്‍മാര്‍ക്കൊപ്പം 30 പേരെ സഹായത്തിനും ഇവിടെ നിര്‍ത്തിയിട്ടുണ്ട്. ആശുപത്രിയിലേക്കു മാധ്യമങ്ങളെ ഉള്‍പ്പെടെ പ്രവേശിപ്പിക്കാതെ പൊലീസ് കാവലാണ്. മേഖലയില്‍ നിന്നു വഴിയോര കച്ചവടക്കാരെയും മാറ്റി.

ശനിയാഴ്ച ഗുഹയിലെത്തിയ ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ചിരുന്നു. ഏറ്റവും ദുര്‍ബലരായവരെ ആദ്യവും കൂട്ടത്തില്‍ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാന്‍ തുടര്‍ന്നാണു തീരുമാനിച്ചത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തില്‍ ഇവരുടെ പട്ടികയും ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാരുടെ സംഘം തയാറാക്കി.

ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവര്‍ത്തനത്തിനു കനത്ത സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. മഴ പെയ്താല്‍ ജലനിരപ്പുയരുകയും കുട്ടികള്‍ അപകടത്തിലാകുകയും ചെയ്യും. ഏതാനും ദിവസങ്ങളായി മഴ മാറി നിന്നതിനാല്‍ കുട്ടികളിലേക്ക് എത്താനുള്ള വഴികള്‍ കൂടുതല്‍ വ്യക്തമായതാണ് ഇപ്പോള്‍ത്തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കാരണമായത്. മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയില്‍ നിന്നുപുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും.

വരുംനാളുകളില്‍ കൊടുങ്കാറ്റോടു കൂടിയ കനത്ത മഴയാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. താം ലുവാങ് ഗുഹ ഉള്‍പ്പെടുന്ന ചിയാങ് റായി പ്രവിശ്യ വടക്കന്‍ തായ്‌ലന്‍ഡിലാണ്. ഇവിടെ നാലു ദിവസത്തിനകം കാലവര്‍ഷം ശക്തമാകുമെന്നാണു മുന്നറിയിപ്പ്.

You must be logged in to post a comment Login