തായ്‌ലാന്‍ഡ് ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഗുഹയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ ഒരാള്‍ മരിച്ചു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. സമര്‍ണ്‍ കുനന്‍ (38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെയാണ് മരണം. ഓക്‌സിജന്‍ കിട്ടാതെയാണ് മരണമെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതോടെ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമം മന്ദഗതിയിലായിരിക്കുകയാണ്. വ്യാഴാഴ്ച ലുവാങ് ഗുഹക്കുള്ളിലെ വെള്ളം നീക്കുകയായിരുന്നു പ്രധാന ജോലി. വ്യാഴാഴ്ച മാത്രം 12.8 കോടി ലിറ്റര്‍ വെള്ളം പമ്ബ് ചെയ്തുകളഞ്ഞു. അതോടെ മണിക്കൂറില്‍ 1.5 സെ.മീ. എന്ന നിലയിലായി ജലനിരപ്പ്.അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്, ഗുഹാമുഖത്തുനിന്ന് ഉള്ളിലേക്ക് 1.5 കി.മീ. വരെ സഞ്ചരിക്കാന്‍ കഴിഞ്ഞു.

ഭക്ഷണവും വെള്ളവും ഗുഹയിലേക്ക് എത്തിക്കുന്നുണ്ട്. ഒരാഴ്ചക്കകം തായ്‌ലന്‍ഡിന്റെ വടക്കന്‍ മേഖലയില്‍ കാലവര്‍ഷം ശക്തമാകുമെന്നാണു കാലാവസ്ഥ പ്രവചനം. ഗുഹ സ്ഥിതിചെയ്യുന്ന ചിയാങ് റായ് പ്രവിശ്യ വടക്കന്‍ തായ്‌ലന്‍ഡിലാണ്.

മഴ നിലക്കണമെങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണം. ഗുഹയുടെ കവാടത്തില്‍ നിലവില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മഴ പെയ്താല്‍ ജലനിരപ്പ് വര്‍ധിക്കും.
‘പട്ടായ ബീച്ച്’ എന്നറിയപ്പെടുന്ന ഇടത്തില്‍ നിന്ന് 400മീറ്റര്‍ മാറിയാണ് കുട്ടികളുള്ളത്.

സാധ്യമായ രക്ഷാമാര്‍ഗങ്ങള്‍

കുട്ടികളെയും അധ്യാപകനെയും ഡൈവിങ് പരിശീലിപ്പിക്കുക.

ഗുഹയില്‍നിന്ന് പരമാവധി വെള്ളം പമ്പു ചെയ്തു കളയുക.

കുട്ടികളുടെ തലക്കു മുകളിലുള്ള മലയുടെ ഭാഗത്ത് അനുയോജ്യമായ വിടവ് കണ്ടെത്തുക.

അതൊരു തുരങ്കമായി വികസിപ്പിച്ച് കുട്ടികളിലേക്കെത്തുക.

കുട്ടികള്‍ക്കു ഭക്ഷണവും മരുന്നും വെള്ളവും നല്‍കി ആരോഗ്യവാന്മാരാക്കി നിലനിര്‍ത്തുക.

അല്ലെങ്കില്‍ വെള്ളം താഴുന്നതുവരെ കാത്തിരിക്കുക.

You must be logged in to post a comment Login