താരകപ്പെണ്ണാളേതാരകപ്പെണ്ണാളേകതിരാടും മിഴിയാളേ

ഡോ. രശ്മി ജി, അനില്‍കുമാര്‍ കെ എസ്

മലയാളിയുടെ ചുണ്ടുകളില്‍ തത്തിക്കളിച്ച ജനകീയമായ നാടന്‍ ഗാനം. ചുണ്ടുകളില്‍നിന്നും കാതുകളിലേയ്ക്കും കാതുകളില്‍നിന്നും ചുണ്ടുകളിലേയ്ക്കും പടര്‍ന്നു കയറുന്ന അതിലളിതമായ ഒരു ഗാനം. കാര്‍ഷികവൃത്തിയുടെ സുവര്‍ണ്ണ കാലഘട്ടത്തിലേയ്ക്കും കീഴാള പ്രതിരോധത്തിന്റെ തലങ്ങളെയും പ്രകടമാക്കുന്ന ഈ ഗാനം റേറ്റിംഗില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. സൂപ്പര്‍ ഹിറ്റായ ഗാനം ഏവര്‍ക്കും പരിചിതമാണെങ്കിലും അതിന്റെ രചയിതാവ് അജ്ഞാതമായി നിലകൊള്ളുന്നത് എഴുത്തുകാരന്‍ നേരിടേണ്ടിവരുന്ന ദുര്യോഗങ്ങളിലൊന്നു മാത്രം. താരകപെണ്ണാളിന്റെ രചയിതാവ് ചാരുമൂട് സ്വദേശിയായ സത്യന്‍ കോമല്ലൂരാണ്. പിന്നിട്ട വഴികളെക്കുറിച്ച് സത്യന്‍ കോമല്ലൂര്‍ കേരളഭൂഷണത്തോടു സംസാരിക്കുന്നു.
ചേറിന്റെ മണമുള്ള കുട്ടിക്കാലംഅതിസാധാരണമായൊരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. കെ വി ചെല്ലപ്പനും കെ പി പൊന്നമ്മയുമായിരുന്നു. മാതാപിതാക്കള്‍. സാധാരണ അന്നാട്ടിലെ ആളുകളെപ്പോലെ അവരും കൃഷിപ്പണിക്കാരായിരുന്നു. പാടത്തും പറമ്പിലും അവര്‍ പണിയെടുത്തിരുന്നത് പതിവുകാഴ്ചയായിരുന്നു. കൃഷിയോട് അത്രമേല്‍ ആത്മബന്ധം അവര്‍ക്കുണ്ടായിരുന്നു. പാടവരമ്പില്‍ നിന്നും അക്കാലത്ത് നിരവധി പാട്ടുകള്‍ ഞാന്‍ കേട്ടിരുന്നു. ഞാറു നടുന്ന കാലത്തു നിറയുന്ന ഞാറ്റു പാട്ടുകള്‍. കൊയ്ത്തു കാലമാകുമ്പോഴാകട്ടെ കൊയ്ത്തുപാട്ടുകള്‍. അങ്ങനെ പാട്ടുകളുടെ ഒരു വസന്തകാലം. പെണ്ണാളുകള്‍ പാടത്തുനിരന്നു നിന്നു പാടുന്ന ആ പാട്ടുകളില്‍ അവരുടെ ആത്മാവുണ്ടായിരുന്നു. അവയില്‍ നിന്നൊക്കെ ലഭിച്ച ഊര്‍ജ്ജമാണ് പില്ക്കാലത്ത് എന്റെ രചനകളുടെ ബലം. മണ്ണിന്റെ ആത്മാവറിഞ്ഞ, ചേറ്റുമണമുള്ള കുട്ടിക്കാലത്തെ ഓര്‍മ്മകളിന്നും എന്റെ ഉള്ളിലുണ്ട്. ഞാനെഴുതുന്ന ഓരോ കവിതയിലും അവ അവ അറിഞ്ഞോ അറിയാതെയോ പ്രകടമാകാറുണ്ട്. സാഹിത്യ രചനയിലേയ്ക്ക്വലിയ പഠിപ്പും വിദ്യാഭ്യാസവും എനിക്കില്ല. പത്താം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. അക്കാലത്തെ സാമൂഹ്യവ്യവസ്ഥിതികള്‍ കൊണ്ടാണ് പഠിക്കാന്‍ പറ്റാഞ്ഞത് എന്നൊന്നും ഞാന്‍ പറയില്ല. കാരണം അതല്ല. പഠനത്തില്‍ ഞാനൊരു ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്നു അതാണു കാരണം. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ചെറിയൊരു നൊമ്പരവുമുണ്ട്. എങ്കിലും സാരമില്ല. ചെറുപ്പം തൊട്ടേ കുട്ടിക്കവിതകള്‍ എഴുതുമായിരുന്നു. അവ അധികം പേരെയും കാണിച്ചിരുന്നില്ല. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്കൂടി കഴിഞ്ഞാണ് സമാന്തര പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നത്. അവയെ സംബന്ധിച്ച് വലിയ അവകാശവാദങ്ങളൊന്നുമില്ല. എന്റേതായി രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യത്തെ കൃതി മുറിഞ്ഞ കടല്‍ എന്ന കവിതാ സമാഹാരമാണ്. അത് അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു. എഴുത്തിനു സുഹൃത്തുക്കള്‍ നല്‍കുന്ന പിന്തുണകള്‍ വളരെ വലുതാണ്. രണ്ടാമത്തെ കൃതി ഒപ്പിടാത്ത അപേക്ഷയാണ്. ഈ പുസ്തകത്തിനും സുഹൃത്തുക്കളുടെ നല്ല പിന്തുണ കിട്ടി. മാവേലിക്കരയിലെ ഫേബിയന്‍ ബുക്‌സാണ് ഒപ്പിടാത്ത അപേക്ഷ പ്രസിദ്ധീകരിച്ചത്. സാമാന്യം തരക്കേടില്ലാത്ത വിധത്തില്‍ പുസ്തകം വിറ്റുപോവുകയും ചെയ്തു.ചരിത്രത്തിലിടം നേടിയ ‘താരകപെണ്ണാളേ’ഇത്രയധികം പേരും പെരുമയും സമ്മാനിക്കുന്ന ഒരു പാട്ടാണ് താരകപെണ്ണാളേ എന്ന് അതെഴുതുന്ന കാലത്തു ഞാന്‍ വിചാരിച്ചിരുന്നില്ല. അങ്ങനെ ആഗ്രഹിക്കാനോ സ്വപ്‌നം കാണാനോ ഉള്ള പാങ്ങ് നമുക്കില്ലല്ലോ. എന്റെ മകള്‍ കെ എസ് അനമ്യ പാട്ടിനോടും സംഗീതത്തോടും താല്പര്യമുള്ള കുട്ടിയാണ്. കുറച്ചൊക്കെ അവള്‍ പാടുമായിരുന്നു. അവള്‍ക്കൊരു പാട്ടിന്റെ ആവശ്യം വന്നപ്പോള്‍ ഞാന്‍ കുത്തിക്കുറിച്ച വരികളാണ് താരകപെണ്ണാളിന്റേത്. പക്ഷേ, ഇന്നു നിങ്ങള്‍ കേള്‍ക്കുന്ന അത്രയും ‘ലെങ്ങ്തി’യായ രൂപത്തിലായിരുന്നില്ല ആ ഗാനത്തിന്റെ പിറവി. ചെറിയൊരു ഗാനമെന്ന നിലയിലാണ് അതു രൂപപ്പെട്ടത്. ഒമ്പതുവരി മാത്രമേ അന്ന് എഴുതിയിരുന്നുള്ളൂ. നാടന്‍പാട്ടു സമിതിയിലൂടെ ആ പാട്ട് ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അത് നിരവധി വേദികളിലായി അവതരിപ്പിക്കപ്പെട്ടു പാട്ട്  ഹിറ്റായപ്പോള്‍ ആളുകള്‍ അത് എഴുതിയ ആളിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. പലരും അതിനെ സംബന്ധിച്ച് അകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. ആ ഒരു സന്ദര്‍ഭത്തിലാണ് കായംകുളം ബാനര്‍ജി ഇതിനെക്കുറിച്ച് അന്വേഷിച്ചുവരുന്നതും കാര്യങ്ങള്‍ സംസാരിക്കുന്നതും. അതിനെത്തുടര്‍ന്ന് ആ ഗാനം വിപുലീകരിച്ചു. അതിനെത്തുടര്‍ന്നാണ് താരകപെണ്ണാളേ വലിയ ഉയരങ്ങളിലേയ്ക്കു സഞ്ചരിക്കുന്നത്. ഇതിനോടനുബന്ധമായി പറയാനുള്ളത് താരകപെണ്ണാളിന് എനിക്ക് ആദ്യം പ്രതിഫലം തരുന്നത് കായംകുളം ബാനര്‍ജിയാണ്. ചെറുതെങ്കിലും അത് എനിക്ക് അമൂല്യമായിരുന്നു.അവകാശികളും വിവാദങ്ങളുംപാട്ടു ഹിറ്റായതോടുകൂടി പലരും അതിനെ സംബന്ധിച്ച അവകാശവാദങ്ങള്‍ ഉന്നയിക്കുകയുണ്ടായി. കോഴിക്കോട്ടുള്ള ഒരു വ്യക്തിയും മലപ്പുറത്തുള്ള ഒരു വ്യക്തിയും ആണ് അവരില്‍ പ്രധാനികള്‍. പക്ഷേ, അതിനേക്കാള്‍ കൂടുതല്‍ എന്നെ വേദനിപ്പിച്ചത് താരകപെണ്ണാളിനു സംഗീതം നല്‍കിയ സംഗീത സംവിധായകനാണ്. മധു മുണ്ടമെന്ന സംഗീത സംവിധായകന്‍ അത് അയാളുടെ പാട്ടാണ് എന്നു വ്യാപകമായി പ്രചരണം നടത്തി. അതു കൂടാതെ പല വേദികളിലും പാടി അതു പ്രഖ്യാപിക്കുകയും ചെയ്തു. ഒരു പാട്ടിനുവേണ്ടി എന്തിനു വഴക്കു പിടിക്കണം എന്നായിരുന്നു അക്കാലത്ത് എന്റെ ചിന്ത. സ്വന്തം സുഹൃത്തുപോലും ചതിക്കുന്ന അവസ്ഥ എന്നെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെയിരിക്കേയാണ് ചാനലിലെ കോമഡി ഉത്സവത്തിലേയ്ക്കു എന്നെ വിളിക്കുന്നത്. അവരോട് മധുവുമായി വേദി പങ്കിടുവാന്‍ എനിക്കു താല്പര്യമില്ല. മധു ഉണ്ടെങ്കില്‍ ഞാന്‍ പങ്കെടുക്കില്ലാന്നു തീര്‍ത്തു പറഞ്ഞു. എങ്കില്‍ ചേട്ടന്‍ തീര്‍ച്ചയായും വരണം ആ വേദിയില്‍വെച്ച് നമുക്ക് അതു പൊളിക്കാമെന്നു സംഘാടകര്‍ പറഞ്ഞു. അങ്ങനെ ആ ടെലിവിഷന്‍ ഷോയില്‍ ഞാന്‍ പങ്കെടുത്തു. അതില്‍വെച്ച് ഗത്യന്തരമില്ലാതെ മധു അത് എന്റേതാണെന്നു സമ്മതിച്ചു. ഒരു പാട്ടെഴുത്തുകാരന്റെ ഗതികേട്. സ്വന്തം പാട്ടിന്റെ കര്‍തൃത്വം സ്ഥാപിച്ചുകിട്ടാന്‍ നടക്കേണ്ടിവരുന്ന അവസ്ഥ. എന്തായാലും ജനം സത്യമറിഞ്ഞു. അവര്‍ തന്നെ പിന്നീട് അവകാശവാദമുന്നയിച്ചു വന്നവര്‍ക്ക് മറുപടി കൊടുത്തു.’കാലാ’ പെറുക്കി നടന്ന അനുഭവങ്ങള്‍ഞാന്‍ എന്റെ അമ്മയുടെ കൂടെ ഞാറു നടുവാനും കൊയ്യുവാനും കറ്റമെതിക്കുവാനും എല്ലാം നടന്നിട്ടുണ്ട്. കൊയ്ത്തുകഴിഞ്ഞ് പാടങ്ങളില്‍ കാലാ പെറുക്കി നടന്നിട്ടുമുണ്ട്. കൊയ്ത്തിനിടയില്‍ ഊര്‍ന്നു വീഴുന്നതും പൊഴിഞ്ഞു പോകുന്നതുമായ കതിരുകള്‍ പെറുക്കിക്കൂട്ടുന്നതാണ് കാലാപെറുക്കല്‍. അക്കാലയളവിലൊക്കെ പാടത്തെ പെണ്ണാളുകളില്‍ നിന്നും അനവധിയായ ഗാനശീലുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അവ ആരെങ്കിലും എഴുതി തയ്യാറാക്കിയതൊന്നുമല്ല. ആ ഒരു സാഹചര്യത്തില്‍ അവര്‍ സ്വയം കണ്ടെത്തിപ്പാടുന്ന പാട്ടുകളായിരുന്നു അവ കീഴാള ജീവിതത്തിന്റെ നേരും നെറിയും അവയിലുണ്ടായിരുന്നു. ശരിക്കും നമ്മുടെ നാടന്‍ പാട്ടിന്റെ അടിത്തറ കീഴാള സംസ്‌കാരമാണ്. കീഴാള മനുഷ്യരുടെ അധ്വാനങ്ങളും കിതപ്പുകളും നൊമ്പരങ്ങളും സ്വപ്‌നങ്ങളുമെല്ലാം അവയിലുണ്ട്. താരകപെണ്ണാളില്‍ തന്നെ ഇതു കാണാവുന്നതാണ്.ആളുന്നതൊന്നുമല്ല താഴെമിന്നാമിനുങ്ങുമല്ലആറ്റിറമ്പത്തൊരു കൂരയിലയ്യോകരിന്തിരി കത്തലാണേ  (തകതിന…)നല്ലൊരു പൂവു കണ്ടോ പൂവിന്‍കണ്ണു നിറഞ്ഞ കണ്ടോതാരാട്ടു കേള്‍ക്കാടെ ഉറങ്ങിയ കുഞ്ഞിന്‍പഴങ്കഥ കേട്ടതാവാം  (തകതിന…)ചേരിയില്‍ നോക്കിടല്ലേ ചാരം മൂടുംപഴുത്ത കൊള്ളിആളുവാനെന്നും കൊതിക്കുമാ കണ്ണിലോകാണേണ്ട ചെമ്പരത്തി  (തകതിന…)വട്ട കുട പിടിച്ചെ വടിവട്ടത്തിലും കറക്കിതമ്പുരാന്‍ വേഗമിങ്ങെത്തുംകരിങ്കാറിന്‍ കോര പറിച്ചു പോകാം (തകതിന…)നാടന്‍ പാട്ടിന്റെ രാഷ്ട്രീയംനാടന്‍ പാട്ടുകള്‍ അമിതമായി കമ്പോളവല്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. ചടുലമായ താളവും അതിവേഗത്തിലുള്ള ആലാപനവുമെല്ലാം ആളുകള്‍ താല്പര്യപ്പെടുന്നു. അത്തരത്തിലുള്ള നിരവധി ഗാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം ആഘോഷങ്ങള്‍ക്കിടയില്‍ നാടന്‍ പാട്ടിന്റെ സത്തയും യാഥാര്‍ത്ഥ്യവും പുതിയ തലമുറ തിരിച്ചറിയാതെ പോകുന്നു. കീഴാളജനതയുടെ സഹനങ്ങളും നൊമ്പരങ്ങളും അവയിലുണ്ട്. വംശീയമായ അധിക്ഷേപങ്ങളും ഫ്യൂഡല്‍ നാടുവാഴിത്ത സമ്പ്രദായങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളും നാടന്‍പാട്ടുകളിലുണ്ട്. ഇത്തരം പാട്ടുകളുടെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. പൊയ്‌പ്പോയ കാലത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളെ അടയാളപ്പെടുത്തുവാനാണ് നാടന്‍പാട്ടുകള്‍ ശ്രമിക്കുന്നത്.എഴുത്തില്‍നിന്നും വേര്‍പ്പെട്ട ജീവിതമില്ലതാരകപെണ്ണാളേയ്ക്കു ലഭിച്ച സ്വീകാര്യത വലിയൊരു മൈലേജായിരുന്നു. അതിനുശേഷവും നാടന്‍പാട്ടും കവിതകളും എഴുതിവരുന്നു. ഒപ്പിടാത്ത അപേക്ഷയ്ക്കുശേഷം അടുത്ത പുസ്തകം തയ്യാറായിട്ടുണ്ട്. അതിന്റെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഭാര്യയും മക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം. ഭാര്യ കെ ബിന്ദു. കെ എസ് അനമ്യയും കെ എസ്  ആദര്‍ശുമാണ് മക്കള്‍. മകള്‍ ഡിഗ്രി കഴിഞ്ഞു. മകന്‍ പ്ലസ്ടു കഴിഞ്ഞു. കുടുംബത്തിനുവേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇനി ചെയ്യണമെന്നു വിചാരിക്കുന്നു. ഒപ്പം മക്കളെ പഠിപ്പിച്ചു നല്ല നിലയില്‍ എത്തിക്കണം. എനിക്കു പഠിക്കാന്‍ പറ്റാതെ പോയതിന്റെ വിഷമം ഉണ്ട്. ഇപ്പോള്‍ കൂടുതലായി വായിക്കുവാനും അറിവു നേടുവാനും കഴിഞ്ഞു. കഴിഞ്ഞയിടയ്ക്കു മസ്‌ക്കറ്റില്‍ പോകുവാന്‍ സാധിച്ചു. അതിന്റെ ഒരു അടിസ്ഥാനം എന്റെ എഴുത്തു ജീവിതമാണ്. എന്നാല്‍ കഴിയുന്നതുപോലെ മികച്ച രചനകള്‍ സൃഷ്ടിക്കണമെന്നു വിചാരിക്കുന്നു.

You must be logged in to post a comment Login