താരങ്ങള്‍ക്ക് മാന്യമായ പ്രതിഫലം നല്‍കാന്‍ കഴിയണം; ക്രിക്കറ്റ് ഓസ്‌ട്രേലിയയെ രൂക്ഷമായി വിമര്‍ശിച്ച് ഗവാസ്‌കര്‍

 

മെല്‍ബണ്‍: ഇന്ത്യ ഓസീസ് ഏകദിന പരമ്പരയിലെ മാന്‍ ഓഫ് ദ് മാച്ച്, മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരങ്ങള്‍ക്കുള്ള സമ്മാനത്തുക കുറഞ്ഞുപോയെന്ന വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. താരങ്ങള്‍ക്ക് മാന്യമായ പ്രതിഫലം നല്‍കാന്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഗവാസ്‌കര്‍ വിമര്‍ശിച്ചു. മെല്‍ബണ്‍ ഏകദിനത്തിലെ താരമായ യുസ്‌വേന്ദ്ര ചാഹലിനും പരമ്പരയുടെ താരം എം എസ് ധോണിക്കും 500 യു എസ് ഡോളറാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സമ്മാനത്തുകയായി നല്‍കിയത്.

500 ഡോളര്‍ നല്‍കുന്നത് അപമാനമാണ്. മത്സര സംപ്രേക്ഷണ കരാറിലൂടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വലിയ തുക ലാഭമുണ്ടാക്കിയിട്ടുണ്ട്. പിന്നെ, എന്തുകൊണ്ട് ഉയര്‍ന്ന തുക താരങ്ങള്‍ക്ക് നല്‍കിയില്ല. വിബിംള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നല്‍കുന്ന സമ്മാനത്തുക നോക്കുക. പണം സമ്പാദിക്കുന്നതില്‍ താരങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്. അതിനാല്‍ അവര്‍ക്ക് മാന്യമായ പ്രതിഫലം നല്‍കാന്‍ തയ്യാറാകണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

മെല്‍ബണില്‍ നടന്ന അവസാന ഏകദിനത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തിയാണ് ചാഹല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയത്. 10 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ചാഹലിന്റെ കങ്കാരുവേട്ട. മൂന്ന് മത്സരങ്ങളിലും അര്‍ദ്ധ സെഞ്ചുറിയടക്കം 193 റണ്‍സ് അടിച്ചുകൂട്ടി ധോണി പരമ്പരയിലെ താരവുമായി. ഓസ്ട്രേലിയയില്‍ ആദ്യമായാണ് ഇന്ത്യ ഏകദിന പരമ്പര നേടുന്നത്. പര്യടനത്തിനിടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

You must be logged in to post a comment Login