‘താരാരാധകന്‍’ എന്നതിനേക്കാള്‍ ‘മതഭ്രാന്തന്‍’ എന്ന വാക്കാണ് ചേരുക: പരിഹസിച്ച് മുരളി ഗോപി; തിരിച്ചടിച്ച് ആരാധകര്‍

Murali Gopy

ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ മലയാളത്തിന്റെ തിരശ്ശീലയില്‍ ഒരുമിച്ചെത്തിയത്. നേരിട്ടുള്ളതിനേക്കാള്‍ സോഷ്യല്‍ മീഡിയ സംവേദനത്തിന്റെ ഇടമാകുന്ന കാലത്ത് ലാല്‍, മമ്മൂട്ടി ആരാധകരും തങ്ങളുടെ ‘ആരാധന’ പ്രകടമാക്കിയത് അവിടെയാണ്.

താരാരാധന പലപ്പൊഴും പരിധികള്‍ ലംഘിക്കുകയാണെന്നും പ്രിയതാരങ്ങളുടെ ചിത്രങ്ങളെക്കുറിച്ച് വേറിട്ട ഒരഭിപ്രായം പങ്കുവെച്ചാല്‍ ഭീഷണികള്‍ നേരിടുന്നുവെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പുലിമുരുകന് പരിഹാസ രൂപത്തില്‍ റിവ്യൂ എഴുതിയ നിഷ മേനോന്‍ ചെമ്പകശ്ശേരി എന്ന ആകാശവാണി ജീവനക്കാരി തനിക്കുണ്ടായ മോശം അനുഭവം പിന്നാലെ പങ്കുവച്ചിരുന്നു. താരാരാധനയെയും അതിന്റെ സ്വരൂപത്തെയും കുറിച്ചുള്ള നിസ്സാരവും ഗൗരവതരവുമായ ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ തുടക്കമായിട്ടുണ്ട്.

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് താരാരാധനയെക്കുറിച്ച് സിനിമാമേഖലയില്‍ നിന്നുതന്നെ അഭിപ്രായം പറഞ്ഞ ഒരാള്‍. ‘ഫാന്‍’ (ആരാധകന്‍) എന്ന വാക്ക് ‘ഫനറ്റിക്’ (മതഭ്രാന്തന്‍) എന്ന വാക്കില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും പരസ്പരം പോരടിക്കുന്ന താരാരാധകരെ കാണുമ്പോള്‍ ‘ഫനറ്റിക്’ എന്ന വാക്കാണ് അവര്‍ക്ക് കൂടുതല്‍ ചേരുന്നതെന്ന് തോന്നുന്നുവെന്നുമാണ് മുരളി ഗോപി കുറിച്ചത്.

‘ഫാന്‍’ (ആരാധകന്‍) എന്ന വാക്ക് വന്നത് ‘ഫനറ്റിക്’ (മതഭ്രാന്തന്‍) എന്ന വാക്കില്‍ നിന്നുമാണ്. പരസ്പരം അസഭ്യം പറയുന്ന, സോഷ്യല്‍ മീഡിയയിലെ താരാരാധക യുദ്ധങ്ങള്‍ കാണുമ്പോള്‍ (നമ്മുടെ സൂപ്പര്‍താരങ്ങളുടെ പേരില്‍) ഫാന്‍ എന്ന വാക്കിനേക്കാള്‍ അവര്‍ക്ക് ചേരുക ഫനറ്റിക് എന്ന വാക്കാണെന്ന് തോന്നുന്നു.

മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദഗതികള്‍ നിരന്നു. ഫനറ്റിക് എന്ന ഇംഗ്ലീഷ് വാക്കിന്റെ പ്രയോഗവ്യത്യാസങ്ങളെക്കുറിച്ചും ചിലരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ രേഖപ്പെടുത്തുന്നു. എങ്കിലും കൂടുതല്‍ പേര്‍ക്കും മുരളി ഗോപിയുടെ അതേ അഭിപ്രായമാണ് താരാരാധനയുടെ കാര്യത്തില്‍. അതേസമയം ചിലര്‍ അദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കിയ ‘രസികന്‍’ എന്ന സിനിമയെയും ചൂണ്ടിക്കാട്ടുന്നു.

മുരളിഗോപി ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമാണ് 2004ല്‍ പുറത്തുവന്ന രസികന്‍. ലാല്‍ജോസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ചിത്രം. താരാരാധനയായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. പ്രദേശത്തെ മോഹന്‍ലാല്‍ ആരാധക സംഘത്തിന്റെ നേതാവായിരുന്നു ദിലീപ് കഥാപാത്രം. മമ്മൂട്ടി ആരാധകസംഘത്തിന്റെ തലവനായി അബിയുമെത്തി. പരസ്പരം വെല്ലുവിളിക്കുന്നതും പോസ്റ്റര്‍ കീറുന്നതും തല്ല് കൂടുന്നതുമൊക്കെയായ രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഓരോ ആരാധകനും ഒരു നായകനാണ് (Every fan is a hero) എന്നായിരുന്നു ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

murali

You must be logged in to post a comment Login