തിക്കുറിശ്ശി മുതല്‍ പൃഥ്വിരാജ് വരെ

ബി.ജോസുകുട്ടി

അഭിനേതാക്കളായെത്തി സംവിധായകരായി മാറിയ ഒട്ടേറെ പ്രതിഭകള്‍ മലയാള ചലച്ചിത്രരംഗത്തുണ്ട്. 1953-ല്‍ ശരിയോ തെറ്റോ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് തിക്കുറിശ്ശി മുതല്‍ ഈയിടെ റിലീസ് ചെയ്ത ലൂസിഫറിന്റെ സംവിധായകനായ പൃഥ്വിരാജ് വരെ നീളുന്ന ദീര്‍ഘചരിത്രത്തിലൂടെ ഒരു സഞ്ചാരം

ചലച്ചിത്രാഭിനയത്തിന്റെ ലൈംലൈറ്റില്‍ കഥാപാത്രങ്ങളെ ക്യാമറയുടെ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ ക്യാമറയുടെ വ്യൂഫൈന്‍ഡറിലൂടെ നോക്കി ആക്ഷനൊന്നും, കട്ട് എന്നും പറയാനുള്ള മോഹം പല അഭിനേതാക്കള്‍ക്കും ഉണ്ടാകാറുണ്ട്. അങ്ങനെ പല നടീനടന്മാരും തങ്ങളുടെ സംവിധായക മോഹം സാക്ഷാത്കരിച്ചിട്ടുണ്ട്. ‘ലൂസിഫര്‍’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്ത തിരക്കേറിയ നടന്‍ പൃഥ്വിരാജ് ആണ് ആണ് ഈ നിരയിലെത്തിയ ഒടുവിലത്തെ നടന്‍.

മലയാള സിനിമയില്‍ അമ്പതുകളില്‍ തന്നെ ഈ പ്രവണത തുടങ്ങിക്കഴിഞ്ഞിരുന്നു. പ്രശസ്ത നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് നടനായിരിക്കേ സംവിധായകനായ ആദ്യത്തെ ആള്‍. 1950ല്‍ ആര്‍. വേലപ്പന്‍നായര്‍ സംവിധാനം ചെയ്ത ‘സ്ത്രീ’ എന്ന സിനിമയില്‍ അഭിയനയിച്ചുകൊണ്ടാണ് മലയാള സിനിമയില്‍ തിക്കുറുശ്ശിയുടെ തുടക്കം. ഈ സിനിമയുടെ തിരക്കഥയും ഗാനങ്ങളും അദ്ദേഹമെഴുതി. തുടര്‍ന്ന് നല്ല തങ്ക, ജീവിതനൗക, നവലോകം, അമ്മ, വിശപ്പിന്റെ വിളി, അച്ഛന്‍, വേലക്കാരന്‍ എന്നീ സിനിമകളിലെ അഭിനയത്തിനു ശേഷമാണ് 1953ല്‍ ‘ശരിയോ തെറ്റോ’ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. കൂടാതെ ഈ ചിത്രത്തിനുവേണ്ടി തിരക്കഥയും പാട്ടുകളുമെഴുതി പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് പൂജാപുഷ്പം , ഉര്‍വ്വശി ഭാരതി, അച്ഛന്റെ ഭാര്യ, നേഴ്‌സ്, പളുങ്കുപാത്രം എന്നീ സിനിമകളും സംവിധാനം ചെയ്തു.
കവിയും ഗാനരചയിതാവുമായ പി. ഭാസ്‌കരന്‍ 1954 ല്‍ രാമു കാര്യാട്ടുമായി ചേര്‍ന്നു വിശ്രുതമായ ‘നീലക്കുയില്‍’ സംവിധാനം ചെയ്യുന്നതിനു മുമ്പേ രണ്ടു സിനിമകളില്‍ അഭിനയിച്ചിരുന്നു. 1951ല്‍ വി.കൃഷ്ണന്‍ സംവിധാനം ചെയ്ത ‘നവലോകം’, പി.ആര്‍.എസ് പിള്ള സംവിധാനം ചെയ്ത ‘തിരമാല’ എന്നീ സിനിമകളില്‍. ഇവയിലെ ഗാനങ്ങളെഴുതിയതും ഭാസ്‌കരന്‍ മാഷ് തന്നെ. പിന്നീട് 40ല്‍പരം ചിത്രങ്ങളുടെ സംവിധായകനാകുകയും ചെയ്തു. 1964ല്‍ ‘ഒരാള്‍കൂടി കള്ളനായി’ എന്ന സിനിമയിലൂടെ സംവിധായകനായ പി.എ.തോമസും നടനായി രംഗത്തുവന്നയാളാണ്. 1950ല്‍ ശ്രീരാമലു നായിഡു സംവിധാനം ചെയ്ത ‘പ്രസന്ന’ എന്ന സിനിമയിലാണ് പി.എ.തോമസ് അഭിനയിച്ചുതുടങ്ങിയത്. തുടര്‍ന്ന് വനമാല, കാഞ്ചന, മനസ്സാക്ഷി, കൂടപ്പിറപ്പ്, തസ്‌കരവീരന്‍ എന്നിങ്ങനെ പതിനഞ്ചോളം സിനിമകളിലഭിനയിച്ചു. പിന്നീട് കുടുംബിനി, പോര്‍ട്ടര്‍ കുഞ്ഞാലി, ഭൂമിയിലെ മാലാഖ, സ്റ്റേഷന്‍ മാസ്റ്റര്‍, തസ്‌കരവീരന്‍, പാവപ്പെട്ടവള്‍, ജീവിക്കാന്‍ അനുവദിക്കൂ എന്നിങ്ങനെ ഏറെ സിനിമകളുടെ സംവിധായകനാകുകയും ചെയ്തു.
നൂറുകണക്കിനു വിജയചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശികുമാര്‍ എന്ന സംവിധായകനും ജോണ്‍ എന്ന യഥാര്‍ത്ഥ പേരില്‍ നേരത്തെ അഭിനേതാവായിരുന്നു. 1952ല്‍ മോഹന്‍ റാവു സംവിധാനം ചെയ്ത ‘വിശപ്പിന്റെ വിളി’ എന്ന സിനിമയിലൂടെ നടനാകുകയും തുടര്‍ന്ന് ‘നിലിസാലി’ ഉള്‍പ്പെടെ ചില ചിത്രങ്ങളിലഭിനയിക്കുകയും ചെയ്തതിനുശേഷമാണ് 1964ല്‍ പി.എ.തോമസിനൊപ്പം ‘കുടുംബിനി’ എന്ന സിനിമ സംവിധാനം ചെയ്തത്. തുടര്‍ന്നു ‘ജീവിതയാത്ര’ മുതല്‍ സ്വതന്ത്രസംവിധായകനാകുകയായിരുന്നു.

1965ല്‍ രാജമല്ലി എന്ന സിനിമ സംവിധാനം ചെയ്ത ആര്‍.എസ്.പ്രഭു നേരത്തെ രക്തബന്ധം എന്ന സിനിമയിലും രാമുകാര്യാട്ടിന്റെ ‘മൂടുപടം’ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇദ്ദേഹം പിന്നീട് നിര്‍മ്മാതാവായി മാറി. 1967ല്‍ മൂന്നു ചെറുസിനിമകള്‍ ഒന്നിച്ചു ചേര്‍ത്തിറങ്ങിയ ‘ചിത്രമേള’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടി.എസ്.മുത്തയ്യയും മുമ്പ് ധാരാളം സിനിമകളില്‍ അഭിനയിച്ചിരുന്നു. 1951ലെ നവലോകം സിനിമയിലൂടെ ടി.എസ്.മുത്തയ്യ നടനായി സിനിമയില്‍ എത്തി. ഏറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1968-ല്‍ റിലീസായ ‘വഴിപിഴച്ച സന്തതി’ എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ ഒ. രാമദാസ് നേരത്തെ ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങി ഏതാനും സിനിമകളില്‍ അഭിനേതാവായിരുന്നു. 1963 ല്‍ എന്‍.എന്‍.പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാല്പാടുകളി’ലൂടെ മലയാള ചലച്ചിത്രാഭിനയത്തില്‍ തുടക്കം കുറിച്ച പ്രശസ്ത നടന്‍ മധു 1970ല്‍ ‘പ്രിയ’ എന്ന സിനിമയിലൂടെ സംവിധായകനായി. ഇതില്‍ പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് സിന്ദൂരച്ചെപ്പ്, സതി, മാന്യശ്രീ വിശ്വാമിത്രന്‍, നീലക്കണ്ണുകള്‍, അക്കല്‍ദാമ, കാമം, ക്രോധം, മോഹം, തീക്കനല്‍, ധീരസമീരേ യുമനാതീരേ, ആരാധന, ഒരു യുഗസന്ധ്യ, ഉദയം പടിഞ്ഞാറ് എന്നീ സിനിമകള്‍ കൂടി സംവിധാനം ചെയ്തു. ഈ സിനിമകളിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
1971ല്‍ ‘പൂമ്പാറ്റ’ എന്ന ചിത്രം സംവിധാനം ചെയ്ത ബി.കെ. പൊറ്റക്കാടും അഭിനയരംഗത്തായിരുന്നു.1963ലെ സിനിമ ‘നിത്യകന്യക’ മുതല്‍ ഏറെ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. തുടര്‍ന്നു ‘ആരാധിക, സൗന്ദര്യപൂജ, സ്വര്‍ണമത്സ്യം എന്നീ സിനിമകള്‍ കൂടി സംവിധാനം ചെയ്തു. പ്രഗത്ഭസംവിധായകന്‍ ജേസി 1965മുതല്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. ‘ഭൂമിയിലെ മാലാഖ’ മുതല്‍ നിരവധി സിനിമകളില്‍’. 1974ല്‍ ‘ശാപമോക്ഷം’ സംവിധാനം ചെയ്തുകൊണ്ട് ക്യാമറയുടെ പിന്നിലേക്ക് മാറി. തുടര്‍ന്ന് അശ്വതി, ചന്ദനച്ചോല, അഗ്നിപുഷ്പം, രാജാങ്കണം, അവള്‍ വിശ്വസ്ഥയായിരുന്നു, പുറപ്പാട് എന്നിങ്ങനെ ഏറെ സിനിമകള്‍ സംവിധാനം ചെയ്തു.

വിഖ്യാതനടന്‍ പി.ജെ.ആന്റണിയും ഒരു ചിത്രത്തിന്റെ സംവിധായകനായി. പി.സുബ്രഹ്മണ്യത്തിന്റെ ‘രണ്ടിടങ്ങഴി’ യിലൂടെ (1958) സിനിമാഭിനയം തുടങ്ങിയ ആന്റണി 1973ല്‍ ‘പെരിയാര്‍’ എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചു. കൂടാതെ പ്രധാനവേഷം അവതരിപ്പിക്കുകയും ചെയ്തു. നടന്‍ തിലകന്‍ ആദ്യമായി ചലചിത്രാഭിനേതാവായതും ഈ സിനിമയിലായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ രചനയെ ആസ്പദമാക്കി എ.വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയത്തിലെ നായികയെ അവതരിപ്പിച്ച വിജയ നിര്‍മ്മലയും ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. 1973ല്‍ റിലീസായ ‘കവിത’ എന്ന ചിത്രം. അങ്ങനെ മലയാളത്തിലെ ആദ്യത്തെ വനിതാ ചലച്ചിത്ര സംവിധായികയായി മാറി വിജയനിര്‍മ്മല.
1973-ല്‍ ‘ഇത് മനുഷ്യനോ’ എന്ന സിനിമ സംവിധാനം ചെയ്ത തോമസ് ബെര്‍ലിയും മുമ്പ് നടനായിരുന്നു. 1953ലെ ‘തിരമാല’ യിലായിരുന്നു അഭിനയത്തുടക്കം. 1974ല്‍ ‘നഗരം സാഗരം’ എന്ന സിനിമ സംവിധാനം ചെയ്ത കെ.പി.പിള്ളയും ഒരു നടനായിരുന്നു. ‘അതിഥി’ എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച വിഖ്യാതനായ കെ.പി.കുമാരനും നേരത്തെ അഭിനേതാവായി സിനിമയിലെത്തിയ സംവിധായകനാണ്. 1975ലാണ് അതിഥി റിലീസായത്. 1965ല്‍ പുറത്തിറങ്ങിയ ‘കൊച്ചുമോന്‍’ എന്ന സിനിമയിലാണ് കെ.പി.കുമാരന്‍ അഭിനയിച്ചുതുടങ്ങിയത്.

1976ല്‍ ‘സൃഷ്ടി’ എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രമുഖ നാടകകൃത്ത് കെ.ടി.മുഹമ്മദും നേരത്തേ സിനിമയില്‍ അഭിനയിച്ചിരുന്നു. പി.ഭാസ്‌കരന്റെ ‘തുറക്കാത്ത വാതില്‍’ എന്ന സിനിമയില്‍ 1962ല്‍ ‘ഭാഗ്യജാതകം’ എന്ന സിനിമയിലൂടെ രംഗത്തെത്തി അഭിനയറാണിയായി തിളങ്ങിയ ഷീലയും 1976ല്‍ ‘യക്ഷഗാനം’ എന്ന ചിത്രത്തിലൂടെ സംവിധായികയായി. പിന്നീട് 1979ല്‍ ‘ശിഖരങ്ങള്‍’ എന്ന സിനിമയും സംവിധാനം ചെയ്തു. പ്രശസ്ത ഹാസ്യനടനായ അടൂര്‍ ഭാസിയും 1977-ല്‍ ആദ്യപാഠം എന്ന സിനിമയുടെ സംവിധായകനായി. തുടര്‍ന്ന് അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രവും സംവിധാനം ചെയ്തു.
പ്രമുഖ നാടകകൃത്തും സംവിധായകനുമായ നാഗവള്ളി ആര്‍.എസ്.കുറുപ്പ് 1978ല്‍ ‘രണ്ടുജന്മം’ എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. 1950ല്‍ പുറത്തുവന്ന ‘ചന്ദ്രിക’ എന്ന സിനിമയിലാണ് നാഗവള്ളി അഭിനയിച്ചുതുടങ്ങിയത്. 1979ല്‍ ‘അന്യരുടെ ഭൂമി’ എന്ന സിനിമ സംവിധാനം ചെയ്ത നിലമ്പൂര്‍ ബാലനും അഭിനേതാവായിരുന്നു. മുറപ്പെണ്ണ് മുതല്‍ ഏറെ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചു.

വിശ്രുതനായ കുഞ്ചാക്കോയുടെ മകനും പുതുതലമുറയിലെ ശ്രദ്ധേയ താരം കുഞ്ചാക്കോ ബോബന്റെ പിതാവുമായിരുന്ന ബോബന്‍ കുഞ്ചാക്കോ ചില ഉദയാ ചി്രതങ്ങളിലഭിനയിച്ചതിനു ശേഷമാണ് 1980ല്‍ പാലാട്ടുകുഞ്ഞിക്കണ്ണന്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. തുടര്‍ന്നു സഞ്ചാരി, ആഴി, അനശ്വരഗാനങ്ങള്‍ എന്നീ സിനിമകളും, സംവിധാനം ചെയ്തു. എല്ലാം ഉദയായുടെ ബാനറില്‍ ബോബന്‍ കുഞ്ചാക്കോ തന്നെ നിര്‍മ്മിച്ചു.
മലയാളത്തിലെ പ്രഥമ 70 എം.എം. സിനിമ പടയോട്ടം, ത്രീഡി സിനിമ, മൈഡിയല്‍ കുട്ടിച്ചാത്തന്‍ എന്നിവ സംവിധാനം ചെയ്ത ജിജോയും ബാല്യകാലത്ത് ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. ആദ്യകാല മിമിക്രി കലാകാരനായ ആലപ്പി അഷ്‌റഫ് ചില ചിത്രങ്ങളില്‍ അഭിനയിച്ചതിനുശേഷമാണ് 1983ല്‍ ‘ഒരു മാടപ്രാവിന്റെ കഥ’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധായക നിരയിലേക്കു വരുന്നത്. 1984ല്‍ ‘എന്റെ ഗ്രാമം’ സംവിധാനം ചെയ്ത ശ്രീമൂലനഗരം വിജയനും നേരത്തെ സിനിമകളില്‍ അഭിനയിച്ചിരുന്നു.
പ്രമുഖ നടനും തിരക്കഥാകൃത്തുമായിരുന്ന കൊച്ചിന്‍ ഹനീഫ 1986ല്‍ ‘മൂന്നുമാസങ്ങള്‍ക്കു മുമ്പ്’ എന്ന സിനിമയിലൂടെ സംവിധായകനായി. തുടര്‍ന്നു ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക്, ആണ്‍കിളിയുടെ താരാട്ട്, വാല്‍സല്യം, ഭീഷ്മാചാര്യ എന്നീ ചിത്രങ്ങള്‍കൂടി സംവിധാനം ചെയ്തു. നടന്‍ വേണുനാഗവള്ളി 1986ല്‍ ‘സുഖമോ ദേവി’ എന്ന സിനിമ സംവിധാനം ചെയ്തു. തുടര്‍ന്നു ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക്, ആണ്‍കിളിയുടെ താരാട്ട്, വാല്‍സല്യം, ഭീഷ്മാചാര്യ എന്നീ ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. നടന്‍ വേണു നാഗവള്ളി 1986ല്‍ ‘സുഖമോ ദേവി’ എന്ന സിനിമ സംവിധാനം ചെയ്തു. തുടര്‍ന്നു സര്‍വ്വകലാശാല, അയിത്തം, ആയിരപ്പറ, ലാല്‍സലാം എന്നിവയുള്‍പ്പടെ ഏതാനും സിനിമകള്‍ കൂടി സംവിധാനം ചെയ്തു.നടന്‍ വിജയ് മേനോന്‍(നിലാവിന്റെ നാട്ടില്‍ 1986) നടന്‍ രാഘവന്‍ (കിളിപ്പാട്ട്-1987) നടന്‍ പ്രതാപ് പോത്തന്‍ (ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി) നടന്‍ രാമു(മാനസമൈനേവരൂ) നടന്‍ ഭരത്‌ഗോപി(ഉത്സവപ്പിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ) മികച്ച അഭിനേതാക്കളായ ജഗതി ശ്രീകുമാര്‍ (അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു, കല്യാണ ഉണ്ണികള്‍) നെടുമുടി വേണു(പൂരം) ശ്രീനിവാസന്‍ (വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായി ശ്യാമള…..) എന്നിവരൊക്കെ സംവിധാനത്തിലും മികവുപുലര്‍ത്തി.

1989ല്‍ ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടര്‍ന്ന് ഏറെ ഹിറ്റു സിനിമകളെടുത്ത വിനയനും നേരത്തേ സിനിമയിലഭിനയിച്ചതാണ്. എസ്.എല്‍.പുരം സംവിധാനം ചെയ്ത ‘ആലിലക്കുരുവികള്‍’ എന്ന ചിത്രത്തില്‍. നിര്‍മ്മാതാവും നടനുമായ മാണി.സി.കാപ്പന്‍ (മാന്നാര്‍ മത്തായി സ്പീക്കിംഗ്) രാജന്‍ പി ദേവ് (അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍) ക്യാപ്റ്റന്‍ രാജു(ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി) ഹക്കിം (ദി ഗാര്‍ഡ്) അന്‍സാര്‍ കലാഭവന്‍( കിരീടമില്ലാത്ത രാജാക്കന്മാര്‍) കുക്കു പരമേശ്വരന്‍(ഒരാള്‍) മധുപാല്‍(തലപ്പാവ്) മഹേഷ് (കലണ്ടര്‍) ബാബുരാജ്(ബ്ലാക്ക് ഡാലിയ) വിനീത് ശ്രീനിവാസന്‍(മലര്‍വാടി ആര്‍ട്‌സ് ക്ലബ്) ശങ്കര്‍(കേരളോത്സവം)പി.ബാലചന്ദ്രന്‍ (ഇവന്‍ മേഘരൂപന്‍)സിദ്ധാര്‍ത്ഥ് ഭരതന്‍(നിദ്ര)ജോയ് മാത്യു(ഷട്ടര്‍)ഗിന്നസ് പക്രു(കുട്ടീം കോലും) സിദ്ധാര്‍ത്ഥ് ശിവ(101 ചോദ്യങ്ങള്‍) സലീംകുമാര്‍(കംപാര്‍ട്ട്‌മെന്റ്) നാദിര്‍ഷ(അമര്‍ അക്ബര്‍ ആന്റണി) കൊല്ലം അജിത്(കോളിംഗ് ബെല്‍)സൗബിന്‍ ഷാഹിര്‍(പറവ)ഹരിശ്രീ അശോകന്‍(ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്റ്റോറി), രമേഷ് പിഷാരടി(പഞ്ചവര്‍ണ്ണതത്ത) എന്നീ അഭിനേതാക്കളും സംവിധാനക്കുപ്പായമണിഞ്ഞു.
നടി ഗീതു മോഹന്‍ദാസ് ‘കേള്‍ക്കുന്നുണ്ടോ’ എന്ന ഹ്രസ്വസിനിമ സംവിധാനം ചെയ്തിരുന്നു. ഒരു ഫീച്ചര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ഗീതു ഇപ്പോള്‍. മലയാള സിനിമയില്‍ ഒരു കാലത്ത് ധാരാളം കഥാപാത്രങ്ങളെ അവതരിപ്പിച്ച കമലാഹാസനും, രേവതിയും തമിഴില്‍ ചിത്രം സംവിധാനം ചെയ്തിരുന്നു. ഒടുവിലായി നടന്‍ മോഹന്‍ലാല്‍ സംവിധായകന്റെ തൊപ്പി അണിയുമെന്നുള്ള വാര്‍ത്തയും വന്നുകഴിഞ്ഞു. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ഒരു ത്രിമാന സിനിമയാണ് മോഹന്‍ലാല്‍ ലക്ഷ്യമിടുന്നത്. ‘ബറോസ്’ എന്നു പേരിട്ടിരിക്കുന്നു.

സംവിധാനമോഹം പൊലിഞ്ഞവരുമുണ്ട്. നിത്യഹരിത നായകനായ പ്രേംനസീര്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നു. ആകസ്മികമായി ഷൂട്ടിംഗിനിടയില്‍ മരിച്ച ജയനും സിനിമാ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. നടന്‍ സുകുമാരനും അങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നു. തിലകന്‍, കലാഭവന്‍ മണി എന്നിവര്‍ക്കും സംവിധായക മോഹങ്ങളുണ്ടായിരുന്നു.

അഭിനയത്തില്‍ നിന്നു സംവിധാനത്തിലേക്ക് വരാനൊരുമ്പെടുന്നവരുടെ സൂചനകളിതാ. ജയസൂര്യ, ജഗദീഷ്, ബാബു ആന്റണി, ടൊവിനോ, ധ്യാന്‍ ശ്രീനിവാസന്‍, റീമ കല്ലിങ്കല്‍… നിര നീളുകയാണ്.

 

You must be logged in to post a comment Login