തിരുപ്പൂരില്‍ പ്രണയിച്ച് വിവാഹം ചെയ്തതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു

റോഡുകടക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു.

murder (1)
തിരുപ്പൂര്‍: തിരുപ്പൂരില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു. ഉദുമല്‍പേട്ട സ്വദേശി ശങ്കര്‍ (23) ആണ് കൊല്ലപ്പെട്ടത്. ഭാര്യ കൗസല്യയെ(19) ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ശങ്കറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

മറയൂരിന്റെ അതിര്‍ത്തിപട്ടണമായ ഉദുമലപേട്ടയിലെ ബസ് സ്റ്റാന്‍ഡിനു മുന്നിലാണ് സംഭവം. റോഡുകടക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. അക്രമത്തിനു ശേഷം പഴനി ഭാഗത്തേക്ക് സംഘം രക്ഷപ്പെട്ടു. കൊല്ലപ്പെട്ട ശങ്കര്‍ പൊള്ളാച്ചി എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. എട്ടുമാസം മുന്‍പ് ഇയാള്‍ കൗസല്യയെ പ്രണയിച്ച് വിവാഹം ചെയ്തിരുന്നു.

കൗസല്യയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഉയര്‍ന്ന ജാതിക്കാരായ തേവര്‍ വിഭാഗത്തില്‍പെട്ടതാണ് പെണ്‍കുട്ടി. വിവാഹം കഴിച്ചതിന്റെ പ്രതികാരമായാണ് ശങ്കറിനെ വെട്ടി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

എട്ട് മാസം മുമ്പാണ് ശങ്കറും കൗസല്യയും വിവാഹിതരായത്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കൗസല്യയുടെ നില മെച്ചപ്പെട്ടാല്‍ മാത്രമേ അക്രമികളെക്കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂവെന്ന് ഉദുമലപേട്ട പൊലീസ് പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടയില്‍ ചെന്നൈയില്‍ ഇത് അഞ്ചാമത്തെ ദുരഭിമാനക്കൊലയാണ്.

You must be logged in to post a comment Login