തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറെ ഇന്നറിയാം

തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറെ ഇന്നറിയാം. വട്ടിയൂർക്കാവ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട വി കെ പ്രശാന്തിന് പകരമാണ് പുതിയ മേയറെ തെരഞ്ഞെടുക്കുന്നത്. മേയർ സ്ഥാനത്തേക്ക് മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. അട്ടിമറി സംഭവിച്ചില്ലെങ്കിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ ശ്രീകുമാർ മേയറാകും.

ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം നഗരസഭയിൽ വികെ പ്രശാന്തിന്റെ പിൻഗാമിയായി സിപിഐഎം തീരുമാനിച്ച മേയർ സ്ഥാനാർത്ഥി ചാക്ക കൗൺസിലർ കെ ശ്രീകുമാറാണ്. കോർപറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സിപിഐഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗവുമാണ് മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ബന്ധു കൂടിയായ കെ ശ്രീകുമാർ.

100 അംഗ കോർപറേഷനിൽ വികെ പ്രശാന്ത് രാജിവച്ചതോടെ 42 അംഗങ്ങളുടെ പിന്തുണയാണ് എൽഡിഎഫിനുള്ളത്. ബിജെപി നഗരസഭാകക്ഷി നേതാവും നേമം കൗൺസിലറുമായ എംആർ ഗോപനാണ് ബിജെപി സ്ഥാനാർത്ഥി. 35 അംഗങ്ങളാണ് ബിജെപി്ക്കുള്ളത്. പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. 21 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഒരു സ്വതന്ത്രയും കൗൺസിലിലുണ്ട്. മേയർ സ്ഥാനത്തേക്ക് പൊതുസമ്മതനെ നിർത്താനാണ് കോൺഗ്രസും ബിജെപിയും ആദ്യം ലക്ഷ്യമിട്ടതെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

You must be logged in to post a comment Login