തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്ന് സർവേ ഫലങ്ങൾ; എക്‌സിറ്റ് പോളുകളെല്ലാം തെറ്റാണെന്ന് തരൂർ

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് വിജയസാധ്യത പ്രവചിച്ച് മാതൃഭൂമിയുടെയും  മനോരമയുടെയും സർവേ ഫലങ്ങൾ. യുഡിഎഫിന് 15 സീറ്റുകളും എൽഡിഎഫിന് 4 സീറ്റുകളുമാണ് മാതൃഭൂമി എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി സർവേ പ്രവചിക്കുമ്പോൾ തിരുവനന്തപുരത്ത് ഫോട്ടോ ഫിനിഷായിരിക്കുമെന്നും അതിൽ ബിജെപിക്കാണ് നേരിയ മുൻ തൂക്കമെന്നും മനോരമയുടെ എക്‌സിറ്റ് പോൾ സർവേ പറയുന്നു.

അതേ സമയം എക്‌സിറ്റ് പോളുകളെ തള്ളി തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ രംഗത്തെത്തി. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം തെറ്റാണെന്നായിരുന്നു ട്വിറ്ററിലൂടെ ശശി തരൂരിന്റെ പ്രതികരണം. എക്‌സിറ്റ് പോളുകൾ തെറ്റാണെന്ന് ഓസ്‌ട്രേലിയയിലെ തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞതായും യഥാർത്ഥ ഫലമറിയാനായി 23 വരെ കാത്തിരിക്കുകയാണെന്നും ശശി തരൂർ വ്യക്തമാക്കി.

മനോരമയുടെയും മാതൃഭൂമിയുടെയും എക്‌സിറ്റ് പോളുകളിൽ കേരളത്തിൽ യുഡിഎഫിന് തന്നെയാണ് മുൻ തൂക്കം. മാതൃഭൂമി എക്‌സിറ്റ് പോൾ യുഡിഎഫിന് 15 സീറ്റുകൾ പ്രവചിക്കുമ്പോൾ മനോരമ 13 സീറ്റുകളും 4 സീറ്റുകളിൽ ഫോട്ടോ ഫിനിഷുമാണ് പ്രവചിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയിൽ കെ.സുരേന്ദ്രനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വിജയിക്കുമെന്നു തന്നെയാണ് ഇരു സർവേകളും പ്രവചിക്കുന്നത്.

You must be logged in to post a comment Login