തിരുവനന്തപുരത്ത് സിപിഐ സ്വതന്ത്രന്‍;മാധ്യമപ്രവര്‍ത്തകന്‍ മുതല്‍ ഐഎഎസ് പ്രമുഖര്‍ വരെ പരിഗണനയില്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഐ തീരുമാനിച്ചു. ശശി തരൂരിനെതിരെ പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് നീക്കം. മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകന്‍ അടക്കമുളളവരുടെ നീണ്ട പട്ടിക പാര്‍ട്ടിയുടെ കൈവശമുണ്ട്.

തിരുവനന്തപുരത്ത് ശശിതരൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും പ്രചാരണം തുടങ്ങാനിരിക്കെയാണ് പൊതുസമ്മതനായ സ്വതന്ത്രനെ രംഗത്തിറക്കാന്‍ പാര്‍ട്ടി നീക്കം നടത്തുന്നത്. തിരുവനന്തപുരത്തെ തരൂരിന്റെ ജനസമ്മിതി മനസ്സിലാക്കി അതിനോട് കിടപിടിക്കുന്ന ഒരു വ്യക്തിയെയാണ് ശശി സിപിഐയ്ക്ക് ആവശ്യം.

മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ്ചാന്‍സിലറുമായ കെ. ജയകുമാറിനെയാണ് പാര്‍ട്ടി ആദ്യം സമീപിച്ചത്. പക്ഷേ മത്സരിക്കാന്‍ അദ്ദേഹം തയ്യാറല്ലെന്നറിയിച്ചു. ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്റെ പേരാണ് ഇപ്പോള്‍ ഒന്നാമതായി പരിഗണിക്കുന്നത്. സി.പി. നായര്‍, ജെ. ലളിതാംബിക, ടി.എന്‍. ജയചന്ദ്രന്‍ തുടങ്ങിയ ഐഎഎസ് പ്രമുഖരുടെ പേരുകളും സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ അഭിപ്രായവും മുഖവിലക്കെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനം.

മണ്ഡലത്തിലെ പ്രമുഖ സമുദായമായ നാടാര്‍ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനായി സിഎസ്‌ഐ സഭാനേതൃത്വത്തില്‍ നിന്ന് ഒരാളെ മത്സരിപ്പിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നു വരുന്നു. ഈ വഴിക്കുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. നാളെയും മറ്റന്നാളുമായി നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ അന്തിമതീരുമാനമാകുമെന്ന് സിപിഐ നേതാക്കളറിയിച്ചു.

You must be logged in to post a comment Login