തിഹാര്‍ ജയിലിലെ തടവുകാര്‍ക്ക് ഇനി ഇന്‍ഷ്വറന്‍സ് പരിരക്ഷ

ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന ജയിലുകളിലൊന്നായ തിഹാര്‍ ജയിലിലെ തടവുകാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിയുടെ ഭാഗമായി തുടങ്ങിയ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക. പദ്ധതിയനുസരിച്ച് തടവുകാര്‍ ഇനി മുതല്‍ ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സിന്റെയും 30,000 രൂപയുടെ ലൈഫ് ഇന്‍ഷ്വറന്‍സിന്റെയും പരിധിയില്‍ വരും. ശിക്ഷ അനുഭവിക്കുന്ന അവസരത്തിലും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമായിരിക്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയമായ തിഹാറിലെ 4,500ല്‍ അധികം വരുന്ന തടവുകാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പദ്ധതിയില്‍ സഹകരിക്കുന്ന ഇന്ത്യന്‍ ബാങ്ക് തന്നെയാണ് ജയിലിലെ അന്തേവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജന്‍ധന്‍ യോജനയുടെ ഭാഗമായി അക്കൗണ്ടുകള്‍ തുറക്കുന്നതിനു സഹായിച്ചത്. തിങ്കളാഴ്ച മുതല്‍ ബാങ്ക് അധികൃതര്‍ തടവുകാരെ കണ്ട് പദ്ധതിയില്‍ അംഗങ്ങളാക്കും. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കായിരിക്കും ആദ്യം പദ്ധതിയില്‍ ചേരുന്നതിനുള്ള അവസരം. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജന്‍ധന്‍ യോജന പദ്ധതിക്ക് കഴിഞ്ഞ ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

You must be logged in to post a comment Login