തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടു; ദിലീപിന്റെ അഭിഭാഷകന് പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി: നടന്‍ ദിലീപിന്റെ അഭിഭാഷകന് പിഴ ചുമത്തി ഹൈക്കോടതി. തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് അഭിഭാഷകന് കോടതി പിഴ ചുമത്തിയത്. ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയതാണെന്ന കേസിലാണ് കോടതി അഭിഭാഷകന് പിഴ ചുമത്തിയിരിക്കുന്നത്.

ദിലീപിന്റെ അഭിഭാഷകന്‍ തുടര്‍ച്ചയായി കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ചെലവിനത്തില്‍ ആയിരം രൂപ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന ആരോപണം ശക്തമായത്.

കേസ് അന്വേഷിച്ച വിജിലന്‍സ് ഭൂമി കയ്യേറ്റമല്ലെന്ന് ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ തൃശ്ശൂര്‍ വിജിലന്‍സ് കോടതി കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.

You must be logged in to post a comment Login