തുടര്‍ച്ചയായ 35 വിജയം, മെസിക്ക് 35ാം ഹാട്രിക്; ചരിത്രം തിരുത്തി ബാര്‍സ

1988-89 സീസണില്‍ റയല്‍ കുറിച്ച റെക്കോര്‍ഡാണ് എന്റിക്വയുടെ കുട്ടികള്‍ മറികടന്നത്. ഈ ജയത്തോടെ ബാര്‍സ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ എട്ടു പോയിന്റ് മുന്നിലായി.

messi.
മഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ബാര്‍സയ്ക്കു ചരിത്ര നേട്ടം. ലീഗില്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായ 35 മല്‍സരങ്ങള്‍ പിന്നിട്ട ബാര്‍സ, റയല്‍ മാഡ്രിഡിന്റെ ചരിത്രം തിരുത്തി എഴുതി. മെസ്സിയുടെ ഹാട്രിക്കിന്റെ മികവില്‍ റയോ വയ്യെക്കാനോയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബാര്‍സയുടെ ചരിത്രനേട്ടം.

ചിരവൈരികളായ റയലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇറങ്ങിയ മെസ്സിയും കൂട്ടരും എതിരാളികളെ കാണികളാക്കിയാണ് മതസരത്തിലുടനീളം ആക്രമിച്ചത്. കളിയുടെ ഭൂരിഭാഗം സമയവും എതിര്‍ ഗോള്‍പോസ്റ്റിനെ ചുറ്റിയായിരുന്നു കളി. ബാര്‍സ താരങ്ങള്‍ മൈതാനം കീഴടക്കിയപ്പോള്‍ എതിരാളികള്‍ മത്സര ചിത്രത്തില്‍ നിന്നും അപ്രസക്തമായി. 22ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ചിലൂടെ ഗോള്‍മഴ പെയ്യിച്ച കറ്റാലന്‍മാര്‍ പിന്നെ എതിരാളികളോട് കാട്ടിയത് ഒരുതരം കാട്ടുനീതിയാണ്. ഇവിടെ റയോ വയ്യെക്കാനോയുടെ ഡിഫന്റര്‍മാര്‍ക്ക് വിശ്രമിക്കാനെ നേരമുണ്ടായില്ല.

messi2

മെസ്സിയുടെ ഹാട്രിക്കും അകമ്പടി ചേര്‍ന്നതോടെ ബാര്‍സയുടെ ആഘോഷത്തിനും മാറ്റുകൂടി. 23, 53, 72 മിനിറ്റുകളില്‍ അര്‍ജന്റീനന്‍ ഇതിഹാസം റയോ ഗോള്‍മുഖം ഇളക്കിമറിച്ചു. മെസ്സിയുടെ കരിയറിലെ 35ാം ഹാട്രിക്.

അതിനിടെ റയോയ്ക്കായി മനുഷോ ഗോണ്‍കേവ്‌സിന്റെ ആശ്വാസഗോള്‍. പക്ഷെ ബാര്‍സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കാന്‍ ടര്‍ക്കിഷ് താരം ആര്‍ദ തുറന്‍ കാത്തിരുന്നു. ഒടുവില്‍ 86ാം മിനിറ്റില്‍ ബാര്‍സയുടെ അഞ്ചാം ഗോള്‍. 1988-89 സീസണില്‍ റയല്‍ കുറിച്ച റെക്കോര്‍ഡാണ് എന്റിക്വയുടെ കുട്ടികള്‍ മറികടന്നത്. ഈ ജയത്തോടെ ബാര്‍സ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ എട്ടു പോയിന്റ് മുന്നിലായി.

You must be logged in to post a comment Login