തുര്‍ക്കി സൂപ്പര്‍ ലീഗ്; റഫറിക്കെതിരെ താരത്തിന്റെ ചുവപ്പുകാര്‍ഡ്

ട്രാബ്‌സോന്‍സ്‌പോറിന്റെ സാലിഹ് ഡര്‍സന്‍ ആണ് റഫറിയെ ചുവപ്പുകാര്‍ഡ് കാണിച്ചത്. എന്നാല്‍ തന്റെ ചുവപ്പുകാര്‍ഡ് തട്ടിയെടുത്ത് തന്നെത്തന്നെ കാണിച്ച താരത്തെ റഫറി ഒടുവില്‍ പുറത്താക്കി.

red card
അങ്കാറ: ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് കിട്ടുക സ്വാഭാവികമാണ്. എന്നാല്‍ റഫറിക്ക് ചുവപ്പ് കാര്‍ഡ് കിട്ടുക അസാധ്യമായിട്ടുള്ള ഒന്നാണെന്നായിരുന്നു ഇന്നലെവരെ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അതും സംഭവിച്ചിരിക്കുകയാണ് തുര്‍ക്കി സൂപ്പര്‍ ലീഗില്‍. ട്രാബ്‌സോന്‍സ്‌പോറും ഗലാറ്റസാരെയും തമ്മില്‍ നടന്ന തുര്‍ക്കി സൂപ്പര്‍ ലീഗ് മത്സരത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ട്രാബ്‌സോന്‍സ്‌പോറിന്റെ സാലിഹ് ഡര്‍സന്‍ ആണ് റഫറിയെ ചുവപ്പുകാര്‍ഡ് കാണിച്ചത്. എന്നാല്‍ തന്റെ ചുവപ്പുകാര്‍ഡ് തട്ടിയെടുത്ത് തന്നെത്തന്നെ കാണിച്ച താരത്തെ റഫറി ഒടുവില്‍ പുറത്താക്കി.

തുര്‍ക്കി ലീഗിലെ ചിരവൈരികളാണ് ഇരുവരും. കളി കയ്യാങ്കളിക്ക് വഴിവെച്ചപ്പോഴാണ് റഫറി ഇടപെട്ടത്. കളി തുടങ്ങി മിനിറ്റുകള്‍ക്കകം ട്രാബ്‌സോന്‍സ്‌പോറും ഗലാറ്റസാരെയും കൊമ്പുകോര്‍ത്തു തുടങ്ങിയിരുന്നു. ഇതോടെ ട്രാബ്‌സോന്‍സ്‌പോറിന്റെ മൂന്ന് താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

86ാം മിനിറ്റിലാണ് ട്രാബ്‌സോന്‍സ്‌പോറിന്റെ ലൂയിസ് കവാന്‍ഡെ പുറത്താകുന്നത്. പെനാല്‍റ്റി ബോക്‌സിലെ ഫൗളാണ് നടപടിക്ക് വഴിവെച്ചത്. കവാന്‍ഡെ ചുവപ്പുകാര്‍ഡ് കണ്ടതോടെ ട്രാബ്‌സോന്‍സ്‌പോര്‍ താരങ്ങള്‍ റഫറിക്കെതിരെ തട്ടിക്കേറി. ഇതിനിടെ സാലിഹ് ഡര്‍സന്‍ റഫറിയുടെ പോക്കറ്റില്‍നിന്ന് ചുവപ്പുകാര്‍ഡ് തട്ടിയെടുത്ത് റഫറിയെത്തന്നെ കാണിക്കുകയും പുറത്തേയ്ക്ക് വഴികാണിച്ചുകൊടുക്കുകയും ചെയ്തു.

ഇതോടെ പ്രകോപിതനായ റിഫറി കാര്‍ഡ് തിരിച്ചുവാങ്ങുകയും സാലിഹ് ഡര്‍സനെ ചുവപ്പുകാര്‍ഡ് കാണിക്കുകയും ചെയ്തു. എന്തായാലും കളിക്കളത്തിലെ നിലവിട്ട പെരുമാറ്റത്തില്‍ സാലിഹ് ഡര്‍സനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

You must be logged in to post a comment Login