തുലാവര്‍ഷം അടുത്തിട്ടും ഡാം മാനേജ്‌മെന്റില്‍ വ്യക്തതയില്ലാതെ വകുപ്പുകള്‍; തുലാവര്‍ഷ പ്രവചനം വന്നശേഷം തീരുമാനമെടുക്കാമെന്ന നിലപാടില്‍ സര്‍ക്കാര്‍

തിരുവനന്തപുരം: തുലാവര്‍ഷം അടുത്തിട്ടും ഡാം മാനേജ്‌മെന്റില്‍ വ്യക്തതയില്ലാതെ വകുപ്പുകള്‍. പ്രധാന അണക്കെട്ടുകളിലെല്ലാം ഇപ്പോള്‍ 80 ശതമാനത്തിലധികം വെള്ളമുണ്ട്. തുലാമഴയില്‍ ഡാമുകളിലേക്ക് 40 ശതമാനത്തോളം അധിക ജലമെത്തും. ഇത് കണക്കിലെടുത്ത് ജലനിരപ്പ് താഴ്ത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.തുലാവര്‍ഷ പ്രവചനം വന്നശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

തുലാവർഷത്തിന്റെ തീവ്രതയെക്കുറിച്ചുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിനായി കാക്കുകയാണെന്നാണ് അധികൃതരുടെ നിലപാട്. കേരളത്തിൽ ഒക്ടോബർ ഒന്നു മുതലാണു തുലാവർഷം. സെപ്റ്റംബർ പകുതിയോടെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം വരാറുണ്ട്. ഇത്തവണ അതു വന്നിട്ടില്ല. ഒക്ടോബർ പകുതിയോടെയേ തുലാവർഷം തുടങ്ങൂ എന്ന നിഗമനത്തിലാണു കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെ മൂന്നു മാസത്തിനിടെ ശരാശരി 480 മില്ലിമീറ്റർ മഴയാണു കേരളത്തിൽ പെയ്യാറുള്ളത്. ഇതിൽ നല്ലൊരു പങ്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണു ലഭിക്കുക. കഴിഞ്ഞവർഷം കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, എറണാകുളം ഉൾപ്പെടെ ജില്ലകളിൽ ശരാശരിയിലും കൂടുതൽ ലഭിച്ചു. ഇത്തവണയും തുലാവർഷം ശക്തമായാൽ വെള്ളം വൻതോതിൽ ഒന്നിച്ചു തുറന്നുവിടേണ്ടിവരും.

ഓഗസ്റ്റിൽ പ്രവചനങ്ങൾ മറികടന്ന് അപ്രതീക്ഷിതമായി മഴ കനത്തപ്പോഴാണ് അണക്കെട്ടുകൾ നിറഞ്ഞു കവിഞ്ഞതും കൃത്യമായ തയാറെടുപ്പുകൾക്കു മുൻപു തുറന്നുവിടേണ്ടി വന്നതും. തുലാവർഷത്തിന്റെ അളവു കുറയുമോ എന്ന ആശങ്ക മൂലമാണ് അണക്കെട്ടുകളിൽ വെള്ളം സംഭരിച്ചു വയ്ക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇപ്പോൾ ഡാമുകളിലെ വെള്ളം തുറന്നുവിടുകയും തുലാവർഷം ദുർബലമാകുകയും ചെയ്താൽ അതിരൂക്ഷമായ ജലദൗർലഭ്യമാകും വേനൽക്കാലത്തുണ്ടാവുക.

You must be logged in to post a comment Login