തുഷാര്‍ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; യോഗ്യന്‍ വി.മുരളീധരനെന്ന് വെള്ളാപ്പള്ളി നടേശന്‍

 

തുഷാര്‍ വെള്ളാപ്പള്ളി എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്‍. തുഷാറിന് മോഹം നല്‍കാനും മോഹഭംഗമുണ്ടാക്കാനുമാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ചില കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസ് ചോദിച്ചിരുന്നു. കേരളത്തില്‍ ബിജെപിക്ക് പിന്നാക്ക അഭിമുഖ്യമില്ല. വളരാനാകാത്തതിന് കാരണം ഇതാണ്. തുഷാറിനേക്കാള്‍ എംപി സ്ഥാനത്ത് യോഗ്യന്‍ വി.മുരളീധരനാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ എന്‍.ഡി.എ സംവിധാനവും പ്രവര്‍ത്തനവും വേണ്ടരീതിയില്‍ ഇല്ലന്നും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. ബിഡിജെഎസ് തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ബിജെപി തിരിച്ചടി നേരിടേണ്ടിവരും. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും അവരുടെ ഘടകക്ഷികള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നവരാണ്. എന്നാല്‍ എന്‍ഡിഎ സംവിധാനത്തില്‍ ഘടകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സികെ ജാനു ഉള്‍പ്പെടെയുള്ള നേതാക്കള്‍ എന്‍ഡിഎയുടെ ഭാഗമായിട്ടും അവര്‍ക്ക് വേണ്ടത്ര പരിഗണനയും പരിരക്ഷയും ലഭിക്കുന്നില്ലെന്നും വെള്ളാപള്ളി പറയുന്നു.

കേരളത്തില്‍നിന്നും എംപിയായിട്ട് ആദ്യം പരിഗണിക്കേണ്ടിയിരുന്നു വ്യക്തിയാണ് വി മുരളീധരനെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലടക്കം ഏറെ പ്രവര്‍ത്തിച്ചിട്ടുള്ള ഏറ്റവും പഴക്കവും തഴക്കവും വന്ന നേതാവാണ് വി മുരളീധരനെന്നും എന്നാല്‍ അദ്ദേഹത്തിന് പോലും അവസാന ഊഴത്തിലാണ് സീറ്റ് ലഭിച്ചതെന്നും വെള്ളാപള്ളി പറഞ്ഞു.

തുഷാര്‍ വെള്ളാപള്ളിയോ ബിഡിജെഎസോ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. അത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാ സീറ്റിന് തുഷാറിനേക്കാള്‍ അര്‍ഹന്‍ മുരളീധരന്‍ ആണെന്നും വെള്ളാപ്പള്ളി പറയുന്നു.

You must be logged in to post a comment Login