തൃക്കുന്നത്ത് സെമിനാരിയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു: യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ പ്രതിഷേധ ദിനം ആചരിക്കുന്നു

തൃക്കുന്നത്ത് സെമിനാരിയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഇരുവിഭാഗങ്ങളും ഇന്ന് പ്രതിഷേധ ദിനം ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.സെമിനാരിയില്‍ യാക്കോബായ വിഭാഗം അതിക്രമിച്ച് കയറി എന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗവും തങ്ങള്‍ക്കവകാശപ്പെട്ട പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് യാക്കോബായ വിഭാഗവും പ്രതിഷേധ ദിനത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

നാലുപതിറ്റാണ്ടിലേറെയായി സഭാ തര്‍ക്കം നിലനില്‍ക്കുന്ന ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ തോമസ് പ്രഥമന്‍ കതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ അമ്പതോളം ആളുകളാണ് വിലക്ക് ലംഘിച്ച് ഇന്നലെ പ്രാര്‍ത്ഥന നടത്തിയത്.തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രാര്‍ത്ഥനക്ക് ശേഷം തോമസ് പ്രഥമന്‍ കതോലിക്കാ ബാവയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഓര്‍ത്തഡോക്‌സ് വിഭാഗം തങ്ങളുടേതാണെന്നും യാക്കോബായ വിഭാഗം അവരുടേതാണെന്നും അവകാശവാദമുന്നയിച്ച് തര്‍ക്കത്തിലായി വര്‍ഷങ്ങളോളം പൂട്ടിക്കിടക്കുന്ന പള്ളിയാണിത്. തൃക്കുന്നത്ത് സെമിനാരി പരിസരത്ത്  നിരോധനാജ്ഞ നിലനില്‍ക്കുകയാണ് ഇപ്പോള്‍.

You must be logged in to post a comment Login