തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആണിക്കല്ലിളക്കാന്‍ ബിജെപി; മമതയുടെ 100 എംഎല്‍എമാര്‍ ബിജെപിയിലേക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനോ സിപിഐഎമ്മിനോ ബിജെപിക്കോ തനിച്ച്‌ എര്‍ക്കാനാവുന്നതിലും അപ്പുറം കരുത്തയാണ് മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും. മമതയെ ഈ തെരഞ്ഞെടുപ്പിലെങ്കിലും വീഴ്ത്താന്‍ മൂന്ന് കൂട്ടരും പഠിച്ച പണി പതിനെട്ടും പയറ്റുന്നുമുണ്ട്.

മറ്റ് പല സംസ്ഥാനങ്ങളിലും പരീക്ഷിച്ച്‌ വിജയിച്ച അതേ തന്ത്രം തന്നെയാണ് ബംഗാളിലും ബിജെപി പരീക്ഷിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനാണ് ബിജെപി നീക്കം എന്നാണ് വെളിപ്പെടുത്തല്‍.

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കുരുങ്ങിയതിന് പിന്നാലെയാണ് മമത ബാനര്‍ജിയുടെ വലംകൈ ആയ തൃണമൂല്‍ നേതാവ് മുകുള്‍ റോയി ബിജെപിയില്‍ ചേര്‍ന്നത്. തൃണമൂലിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ മുകുള്‍ റോയി തന്നെയാണ് മമതയേയും തൃണമൂലിനേയും തകര്‍ക്കാനുളള ബിജെപി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും എംപിമാര്‍ അടക്കമുളള പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് മുകുള്‍ റോയി അവകാശപ്പെട്ടിരുന്നു. ബിഷ്ണുപൂര്‍ മണ്ഡലത്തിലെ എംപിയായ സൗമിത്ര ഖാന്‍ അടക്കം രണ്ട് എംപിമാര്‍ ഇതിനകം ബിജെപിയിലെത്തിയിട്ടുണ്ട്.

ഭട്പാരയില്‍ നിന്നുളള തൃണമൂല്‍ എംഎല്‍എയായ അര്‍ജുന്‍ സിംഗ് അടക്കമുളള പ്രമുഖ നേതാക്കളേയും ബിജെപിയിലെത്തിക്കാന്‍ മുകുള്‍ റോയിയുടെ നേതൃത്വത്തിലുളള നീക്കങ്ങള്‍ക്ക് സാധിച്ചു. ഇനി തൃണമൂലിന്റെ ആണിയിളക്കിക്കൊണ്ട് നൂറ് എംഎല്‍എമാരും ബിജെപിയിലേക്ക് പോകും എന്നാണ് വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

അടുത്തിടെ ബിജെപിയില്‍ എത്തിയ അര്‍ജുന്‍ സിംഗിന്റെതാണ് മമത ബാനര്‍ജിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഈ പ്രഖ്യാപനം. ഉടനെ തന്നെ മമതയുടെ എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് അര്‍ജുന്‍ സിംഗ് പറയുന്നു. ഈ നൂറ് എംഎല്‍എമാരും ബിജെപി നേതൃത്വവുമായി നിരന്തര സമ്പര്‍ക്കത്തിലാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്‌ തന്നെ ഈ നൂറ് പേരും ബിജെപിയില്‍ ചേരുമെന്നും അര്‍ജുന്‍ സിംഗ് അവകാശപ്പെട്ടു. ബാക്കിയുളളവര്‍ തെരഞ്ഞെടുപ്പിന് ശേഷവും ബിജെപിയിലേക്ക് എത്തും. അതേസമയം സിംഗിന്റെ അവകാശവാദത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചിരിച്ച്‌ തള്ളിക്കളഞ്ഞിരിക്കുകയാണ്.

അര്‍ജുന്‍ സിംഗിന് മാനസിക നില തകരാറില്‍ ആയിരിക്കുകയാണ് എന്നും ഉടനെ തന്നെ ഒരു ഡോക്ടറെ കാണണം എന്നുമാണ് തൃണമൂല്‍ നേതാവ് ജ്യോതിപ്രിയോ മുളളിക് പ്രതികരിച്ചത്. ഭട്ട്പാരയില്‍ നിന്നും നാല് തവണ തൃണമൂല്‍ എംഎല്‍എയായ അര്‍ജുന്‍ സിംഗ് ഈ മാസം ആദ്യമാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി ടിക്കറ്റില്‍ ബാരക്ക്പൂര്‍ മണ്ഡലത്തില്‍ നിന്ന് അര്‍ജുുന്‍ സിംഗ് ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്. രണ്ട് തവണ ബാരക്ക് പൂരില്‍ നിന്നും ജയിച്ച തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് ദിനേഷ് ത്രിവേദിയാണ് എതിരാളി. അതിനിടെ തൃണണമൂല്‍ അര്‍ജുന്‍ സിംഗിനെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

മിക്കവര്‍ക്കും ബിജെപി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റും നല്‍കിയിട്ടുണ്ട്. തൃണമൂലിന്റെ മുതിര്‍ന്ന നേതാക്കളായ സബ്യസാചി ദത്ത, സോവന്‍ ചാറ്റര്‍ജി എന്നിവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജര്‍ഹട്ട് എംഎല്‍എയാണ് ദത്ത. ചാറ്റര്‍ജി ബെഹലാ ഈസ്റ്റ് എംഎല്‍എയും.

സോവന്‍ ചാറ്റര്‍ജി മമത മന്ത്രിസഭയിലെ അംഗവും കൊല്‍ക്കത്ത മേയറുമായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചാറ്റര്‍ജി നവംബറില്‍ രാജി സമര്‍പ്പിച്ചു. മുകുള്‍ റോയിയുമായി സബ്യസാചി ദത്ത അടുത്തിടെ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയില്‍ ചേര്‍ന്നേക്കും എന്നുളള അഭ്യൂഹം ശക്തിപ്പെട്ടത്. എന്നാല്‍ തൃണമൂല്‍ വിടില്ലെന്നാണ് ദത്തയുടെ പ്രതികരണം.

You must be logged in to post a comment Login