തെക്കിന്റെ കാശ്മീര്‍ തണുത്തുവിറയ്ക്കുന്നു

അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ തണുത്ത് വിറയ്ക്കുന്നു. മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒരു ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. ചില സ്ഥലങ്ങളില്‍ മൈനസ് ഒന്ന് മുതല്‍ മൈനസ് മൂന്നു വരെ താപനില രേഖപ്പെടുത്തി.
ചൊക്കനാട്, ലക്ഷ്മി, അരുവിക്കാട്, മാട്ടുപ്പെട്ടി, കന്നിമല, പെരിയവരൈ, തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്ന് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രീതി തുടര്‍ന്നാല്‍ മൂന്നാര്‍ അതിശൈത്യത്തിന്റെ പിടിയിലമരുമെന്നുറപ്പാണ്. കുന്നൂര്‍, ഊട്ടി മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് ഡിഗ്രിവരെ എത്തിയിരുന്നു.
മരംകോച്ചുന്ന തണുപ്പും മഞ്ഞുപെയ്യുന്ന മലനിരകളും കാണാന്‍ തെക്കിന്റെ കാശ്മീരിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മൂന്നാര്‍ നല്‍കുന്നത് മഞ്ഞുകാലത്തിന്റെ അവിസ്മരണീയ കാഴ്ചകളാണ്. സീസണിലെ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ്. രാജമലയിലും സൈലന്റ്‌വാലിയിലും കന്നിമല എസ്‌റ്റേറ്റിലുമെല്ലാം പുലര്‍ച്ചെ മഞ്ഞുപാളികള്‍ കാണപ്പെട്ടത് സഞ്ചാരികള്‍ക്ക് പുതിയ കാഴ്ചയായി. തേയില ചെടികളും ഉദ്യാനങ്ങളുമെല്ലാം മഞ്ഞുകട്ടകള്‍ കൊണ്ട് മൂടിയ കാഴ്ച കാശ്മീര്‍ താഴ്‌വരകളെ ഓര്‍മപ്പെടുത്തുകയാണെന്ന് സഞ്ചാരികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതിശൈത്യം ആരംഭിച്ചതോടെ മൂന്നാറിലെ വിദേശ വൃക്ഷങ്ങളും പൂവിട്ടത് മഞ്ഞുകാല കാഴ്ചകള്‍ക്ക് മിഴിവേകി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇംഗ്ലീഷുകാര്‍ മൂന്നാറില്‍ നട്ടുവളര്‍ത്തിയ സ്പാത്തോഡിയ, ജഗരാന്ത, ചെറി ബ്ലോസം തുടങ്ങിയ മരങ്ങളാണ് വഴിയോര കാഴ്ചകള്‍ക്ക് പുതു വസന്തത്തിന്റം നിറച്ചാര്‍ത്ത് നല്‍കിയിരിക്കുന്നത്.
ഇല മുഴുവന്‍ കൊഴിഞ്ഞ് വയലറ്റ് നിറത്തിലുള്ള ചെറു പുഷ്പങ്ങളുമായി നില്‍ക്കുന്ന ചെറി ബ്ലോസം മൂന്നാര്‍ – കുണ്ടള റോഡിനെ ആകര്‍ഷണമാക്കിയിരിക്കുകയാണ്. ഇലകള്‍ നിറയുമ്പോള്‍ പച്ചയും കൊഴിയാറാകുമ്പോള്‍ മഞ്ഞയും പൂക്കാലമെത്തുമ്പോള്‍ വയലറ്റും മാറി വരുന്ന ഈ മരം വൃക്ഷങ്ങളിലെ മാന്ത്രികനെന്നാണറിയപ്പെടുന്നത്. മൂന്നാര്‍ – മറയൂര്‍ റോഡരുകില്‍ പൂത്തുനില്‍ക്കുന്ന ജഗരാന്തകളും ടൗണിനോടടുത്തും എസ്‌റ്റേറ്റുകളിലുമുള്ള സ്പാത്തോഡികളും സന്ദര്‍ശകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവമാണ് നല്‍കുന്നത്.
ക്രിസ്മസ് -പുതുവല്‍സരത്തിനൊപ്പം മഞ്ഞുകാലവുമെത്തിയതോടെ വിനോദ സഞ്ചാര മേഖല ഉണര്‍ന്നുകഴിഞ്ഞു. പൂക്കള്‍ നിറഞ്ഞ മരങ്ങളുടെയും മഞ്ഞുപാളി മൂടിയ മലനിരകളുടെയും ചിത്രങ്ങളുമായാണ് ഇപ്പോള്‍ മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ മലയിറങ്ങി മടങ്ങുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം ഉത്തരേന്ത്യക്കാരായ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നുണ്ട്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ്.

Munnar_3

വിദേശ ടൂറിസ്റ്റുകള്‍ക്ക് തണുപ്പ് ലഹരിയായതിനാല്‍ ഇക്കുറി ഇവരുടെ ഒഴുക്ക്  വര്‍ധിക്കാനാണ് സാധ്യത. വന്‍കിട ടൂര്‍ ഓപ്പറേറ്റര്‍മാരും കെ.ടി.ഡി.സി. ഉള്‍പ്പടെയള്ള അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പാക്കേജ് ടൂര്‍ പ്രേഗ്രാമുകളിലൂടെയാണ് ഈ മലമുകളിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്നത്. തണുപ്പ് കൂടിയതോടെ കമ്പിളി വസ്ത്രങ്ങളുടെ കച്ചവടം പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.  ലോഡ് കണക്കിന് കമ്പിളി വസ്ത്രങ്ങളാണ് തിരിപ്പൂരില്‍ നിന്നും ഇവിടെ എത്തിച്ചിരിക്കുന്നത്. വഴിയോര കച്ചവടവും പൊടിപൊടിക്കുകയാണ്. മൂന്നാര്‍മേഖലയിലെ മുഴുവന്‍ ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ ഭൂരിഭാഗം മുറികളും ജനുവരി 31 വരെ ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു.  മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിലെ ബോട്ടിംഗും ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളുമാണ്  സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.

മാട്ടുപ്പെട്ടിയില്‍ പ്രതിദിനം 1200 പേരാണ് ബോട്ടിംഗ് നടത്തുന്നത്. കുണ്ടള ഡാമിലെ ബോട്ടിംഗ് കശ്മീര്‍ തടാകത്തിലെ ബോട്ടിംഗിന്റെ അനുഭവം പകരുമെന്നാണ് ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ പറയുന്നത്. മറയൂര്‍, കാന്തല്ലൂര്‍, ടോപ്പ്‌സേ്റ്റഷന്‍, ചിന്നാര്‍ എന്നീ സ്ഥലങ്ങള്‍ കാണാന്‍ എത്തുന്നവരും വിരളമല്ല.

ബാസിത് ഹസന്‍

You must be logged in to post a comment Login