തെങ്ങിനെ സ്‌നേഹിക്കാം…

തെങ്ങ് പ്രായപൂര്‍ത്തിയാകുന്ന കാലം മുതല്‍ക്ക് തുടര്‍ച്ചയായി പൂക്കുന്ന സ്വഭാവമുള്ള സസ്യമാണ്. പൂക്കുന്ന പ്രായം ഇനത്തിനേയും മണ്ണിന്റെ സ്വഭാവത്തേയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. പൂത്തുതുടങ്ങിയാല്‍ പിന്നീട് തുടര്‍ച്ചയായി പൂത്തുകൊണ്ടിരിക്കുന്നു. ഓലമടലുകളുടെ കുരലില്‍ നിന്നാണ് പൂക്കുലകള്‍ പൊട്ടിപ്പുറപ്പെടുന്നത്.പുഷ്പങ്ങള്‍ മൊട്ടായിരിക്കുമ്പോള്‍ തോണിയുടെ ആകൃതിയിലുള്ള കൊതുമ്പുകൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കും. ഒരേ പൂങ്കുലയില്‍ ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ടാകുകയാണ് സാധാരണമെങ്കിലും ചില തെങ്ങുകളില്‍ ആണ്‍പൂക്കള്‍ മാത്രമായോ പെണ്‍പൂക്കള്‍ മാത്രമായോ ഉണ്ടാകാറുണ്ട്. സാധാരണ പൂക്കുലയില്‍ കൂടുതലും ആണ്‍പൂക്കളാണുണ്ടാവുക.

പൂക്കുലയുടെ അടിയില്‍ പെണ്‍പൂക്കള്‍ കൂടുതലായുണ്ടാവും.പരാഗണമാണ് തെങ്ങില്‍ സാധാരണ നടക്കുന്നത്. അനേകം പൂക്കള്‍ ഒന്നിച്ചുവിരിയുന്നതിനാലും ഒന്നിലധികം പൂക്കുലകള്‍ ഒന്നിച്ചുണ്ടാകുന്നതിനാലും ചിലപ്പോള്‍ തെങ്ങില്‍ സ്വയംപരാഗണവും നടക്കാറുണ്ട്.പരാഗണത്തിനു ശേഷം ഏതാനും മാസങ്ങള്‍ എടുത്തേ വിത്ത് വിതരണത്തിനു പാകമാകൂ. പാകമായ വിത്ത് പച്ചയും തവിട്ടും കലര്‍ന്ന നിറത്തിലാവും ഉണ്ടാവുക. എന്നാല്‍ സ്വര്‍ണ്ണനിറമുള്ള വിത്തുള്ള തെങ്ങുകളും ഉണ്ട്. അണ്ഡാകാരമോ ഗോളാകാരമോ ആകും വിത്തിനുണ്ടാവുക.

വിത്തിന് ശരാശരി എട്ട് സെന്റീമീറ്റര്‍ വ്യാസം ഉണ്ടാകും. വിത്തിന്റെ ഉള്ളില്‍ പുതുസസ്യത്തിനു ആദ്യഭക്ഷണമാകാനുള്ള കാമ്പുമുണ്ടാകും വിത്ത് മുളക്കാന്‍ തുടങ്ങിയില്ലെങ്കില്‍ അതിനുള്ളില്‍ അല്പം ജലവും ഉണ്ടാകും. അത് തേങ്ങാവെള്ളം എന്നറിയപ്പെടുന്നു. കാമ്പ് ചിരട്ടയെന്ന കട്ടിയേറിയ ഭാഗത്തില്‍ ഉറച്ചിരിക്കുകയായിരിക്കും. ചിരട്ടക്കു പുറമേ ചകിരി വിത്തിനെ സംരക്ഷിക്കുന്നു. ഉയരങ്ങളില്‍ നിന്ന് താഴേക്കു പതിക്കുമ്പോള്‍ വിത്തിന് ആഘാതം സംഭവിക്കാതിരിക്കുകയാണ് ചകിരിയുടെ ഉപയോഗം. ചിരട്ടയില്‍ വിത്തിനു മുളച്ചുവരുവാന്‍ ഒരു കണ്ണുണ്ടായിരിക്കും. എന്നാല്‍ കീടങ്ങള്‍ക്ക് തിരിച്ചറിയാന്‍ പാടില്ലാത്തവിധം മറ്റുരണ്ട് വ്യാജകണ്ണുകളും ചിരട്ടയിലുണ്ടാകും. പാകമാകാത്ത നാളികേരമാണ് കരിക്ക്.

coco

വളപ്രയോഗം
ജൈവവളങ്ങള്‍, രാസവളങ്ങള്‍, കുമ്മായ വസ്തുക്കള്‍ എന്നിവയാണ് തെങ്ങിന് നല്‍കുന്ന പ്രധാന വളങ്ങള്‍. ഇവ ഓരോന്നും നല്‍കേണ്ട സമയം നിര്‍ണ്ണയിക്കുന്നത്; മഴ, നനസാധ്യത എന്നിവ മുന്‍നിര്‍ത്തിയാണ്.

ജൈവവളങ്ങള്‍
കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിന്‍കാഷ്ഠം, എല്ലുപൊടി, മീന്‍വളം എന്നിവയ്ക്കു പുറമേ, പച്ചിലവള വിളകളും കൃഷിചെയ്ത് ചേര്‍ക്കാവുന്നതാണ്. കാലവര്‍ഷാരംഭമാണ് ഈ വളങ്ങള്‍ ചേര്‍ക്കാന്‍ പറ്റിയ സമയം. തെങ്ങിന്റെ ചുവട്ടില്‍ നിന്നും രണ്ടുമീറ്റര്‍ അകലത്തില്‍ 15 സെന്റീമീറ്റര്‍ താഴ്ചയില്‍, തെങ്ങിനുചുറ്റും തടമെടുത്ത് അതില്‍ വേണം നല്‍കാന്‍. തെങ്ങൊന്നിന് ഒരു വര്‍ഷം 15 കിലോഗ്രാം മുതല്‍ 25 കിലോഗ്രാം വരെ വളങ്ങള്‍ ആവശ്യമാണ്. തെങ്ങില്‍ നിന്നും ശേഖരിക്കുന്ന തൊണ്ട്, മടല്‍, ഓല എന്നിവയും ജൈവവളമായി തെങ്ങിനുതന്നെ നല്‍കാവുന്നതുമാണ്. പച്ചിലവള വിളകള്‍ തെങ്ങിന്റെ തടത്തില്‍ തന്നെ വളര്‍ത്തിയോ മറ്റു സ്ഥലങ്ങളില്‍ വളര്‍ത്തിയതോ ആയവ സെപ്റ്റംബര്‍ മാസത്തോടെ പിഴുത് തടത്തിലിട്ട് മണ്ണിലുഴുത് ചേര്‍ക്കാവുന്നതുമാണ്.

രാസവളങ്ങള്‍
ജൈവവളങ്ങള്‍ക്ക് പുറമേയാണ് രാസവളങ്ങള്‍ നല്‍കേണ്ടത്. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തിനും യോജിക്കുന്ന തരത്തില്‍ രാസവളപ്രയോഗം നടത്തുന്നു.കായ്ച് തുടങ്ങിയ തെങ്ങൊന്നിന് 500 ഗ്രാം പാക്യജനകം, 320 ഗ്രാം ഭാവകം, 1200 ഗ്രാം ക്ഷാരം എന്ന തോതില്‍ പോഷകമൂല്യം ലഭിക്കത്തക്ക വിധത്തില്‍ വളം നല്‍കണം. ജല ലഭ്യതയ്ക്കായി മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ രാസവളങ്ങള്‍ രണ്ട് തവണകളായിട്ടാണ് ഓരോ വര്‍ഷവും ചേര്‍ക്കുന്നത്.

ആകെ വേണ്ടുന്ന വളത്തിന്റെ മൂന്നില്‍ ഒരു ഭാഗം മേയ്ജൂണ്‍ മാസങ്ങളില്‍ പുതുമഴ ലഭിച്ച് തുടങ്ങുന്നതോടെ നല്‍കുന്നു. ബാക്കിയുള്ള വളം സെപ്റ്റംബര്‍  ഒക്ടോബര്‍ മാസങ്ങളിലും നല്‍കണം. രാസവളങ്ങള്‍ മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കുന്ന സമയത്ത് മാത്രമേ നല്‍കാവൂ. നന നല്‍കിയുള്ള കൃഷിയില്‍ വര്‍ഷത്തില്‍ നാലു തവണകളായി വളം നല്‍കാവുന്നതാണ്. നാലിലൊരുഭാഗം ഏപ്രില്‍മെയ് കാലയളവില്‍, അടുത്തത് ഓഗസ്റ്റ്‌സെപ്റ്റംബര്‍, ഡിസംബര്‍, ഫെബ്രുവരിമാര്‍ച്ച് എന്നിങ്ങനെ നാലു തവണകളിലായി വളം നല്‍കാം.

You must be logged in to post a comment Login