തെങ്ങിന്‍ തോപ്പില്‍ ഇഞ്ചി

തെങ്ങിന്‍ തോപ്പില്‍ ഇഞ്ചികൃഷിയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുക്കണം. വേനല്‍മഴ ലഭിക്കുന്നതോടെ തെങ്ങുകള്‍ക്കിടയിലുള്ള സ്ഥലം നന്നായി ഉഴുതുമറിച്ച് കളകള്‍ നീക്കിയിട്ടുവേണം കൃഷിപ്പണി ആരംഭിക്കുവാന്‍.
അമ്ലത്വമുള്ള മണ്ണില്‍ കുമ്മായം ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ വിതറി നിലം ഉഴുന്നത് നല്ലതാണ്. തെങ്ങുകള്‍ക്ക് ചുറ്റും 2 മീറ്റര്‍ അകലത്തില്‍ വൃത്താകൃതിയില്‍ തടങ്ങള്‍ക്ക് സ്ഥലം വിട്ടതിനുശേഷം ബാക്കി സ്ഥലം 3 മീറ്റര്‍ നീളം, 1 മീറ്റര്‍ വീതി, 15 സെ.മി ഉയരമുള്ള തടങ്ങളായി തിരിയ്ക്കണം.

ഇവയില്‍ 25 സെ.മി അകലത്തില്‍ ചെറിയ കുഴികള്‍ എടുത്ത്  ഉണങ്ങിയ ചാണകപ്പൊടി സെന്റിന് 120 കി.ഗ്രാം നിരക്കില്‍ അടിവളമായി നല്‍കണം. സെന്റിന് 8 കിലോഗ്രാം  വേപ്പിന്‍പിണ്ണാക്ക് അടിവളമായി ചേര്‍ത്താല്‍ ചുവടു ചീയല്‍ രോഗവും നിമാവിരശല്യവും കുറയ്ക്കാം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലും കാലവര്‍ഷത്തിനുമുന്‍പ് മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഏപ്രില്‍ അവസാനത്തോടെ ഇഞ്ചി നടുന്നതാണ് നല്ലത്. ജൂണില്‍ മഴ ലഭിക്കുമ്പോഴേയ്ക്കും വിത്ത് മുളച്ച് നല്ല കായിക വളര്‍ച്ചയിലെത്താന്‍ ഇത് സഹായിക്കും. വേനല്‍മഴ കാര്യമായി ലഭിക്കാത്തിടങ്ങളില്‍ മെയ് മാസമാണ് ഇഞ്ചി നടാന്‍ നന്ന്. മഴയില്ലെങ്കില്‍ ഇഞ്ചി നട്ടതിനുശേഷം ആവശ്യത്തിന് നനയ്ക്കണം.

ginger-plants

ഇഞ്ചി മിശ്രവിളയായും
തെങ്ങിന്‍ തോപ്പില്‍ ഇഞ്ചി നട്ട വാരങ്ങളില്‍ മിശ്രവിളയായ തക്കാളി, മുളക്, വെണ്ട തുവര, ഉഴുന്ന്, മുതിര, ചോളം, രാഗി തുടങ്ങിയവയും കൃഷി ചെയ്യാം. കൂടുതല്‍ പോഷക മൂലകങ്ങള്‍ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി. ഇഞ്ചിയുടെ വിളവെടുപ്പിനുശേഷം പച്ചില വളച്ചെടികളോ പയറുവര്‍ഗങ്ങളോ വളര്‍ത്തി മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിക്കാം ഒരിക്കല്‍ കൃഷി ചെയ്ത വാരങ്ങളില്‍ രോഗം വരാന്‍ സാധ്യത കൂടുതലായതിനാല്‍ അവിടെ വീണ്ടും കൃഷിയിറക്കരുത്. തെങ്ങിന്‍തോട്ടത്തില്‍ കൃഷി ചെയ്യുന്നതുപോലെ കവുങ്ങ്, റബ്ബര്‍, മാവ്, ഓറഞ്ച്, കുരുമുളക് തോട്ടങ്ങളിലും ഇഞ്ചി വളര്‍ത്താം.

രോഗകീടങ്ങളെ ശ്രദ്ധിക്കുക
മറ്റു വിളകള്‍ പോലെ ഇഞ്ചിയും രോഗകീടങ്ങളില്‍ നിന്ന് വിമുക്തമല്ല. മൃദുചീയലാണ് ഇഞ്ചിയുടെ ഏറ്റവും മാരകരോഗം. ഇലകള്‍ മഞ്ഞളിക്കുക, ഇലകളും തണ്ടും ഉണങ്ങുക, ചെടികള്‍ മറിഞ്ഞുവീഴുക, ഭൂകാണ്ഡം ചീയുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
വിത്തിഞ്ചി മാങ്കോസെബ് 3 മില്ലിഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 30 മിനിട്ട് മുക്കി തണലിലിട്ട് വെള്ളം വാര്‍ന്നശേഷം നട്ടാല്‍ രോഗം നിയന്ത്രിക്കാം. െ്രെടക്കോഡെര്‍മ എന്ന ജൈവകുമിള്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കില്‍ കലര്‍ത്തി വാരങ്ങളില്‍ ഇടുന്നത് രോഗനിയന്ത്രണത്തിന് നന്ന്.

രോഗബാധിതമായ ചെടികള്‍ യഥാസമയം നീക്കി മാങ്കോസെബ് (3 മില്ലിഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) ലായനിയൊഴിച്ച് വാരങ്ങള്‍ കുതിര്‍ക്കണം. ഇഞ്ചിയുടെ ഏറ്റവും വിനാശകാരിയായ കീടമാണ് തണ്ടുതുരപ്പന്‍ പുഴു. തണ്ടില്‍ തുരന്നുകയറി കോശങ്ങള്‍ തിന്നുതീര്‍ക്കുന്നതിനാല്‍ ഇലകള്‍ മഞ്ഞളിച്ച് തണ്ട് ഉണങ്ങും. പുഴു തുരക്കുന്ന ദ്വാരങ്ങളില്‍ക്കൂടി വിസര്‍ജ്യവസ്തുക്കള്‍ പുറത്തുവരും. ചിനപ്പിന്റെ മധ്യഭാഗത്തുള്ള തണ്ടുകള്‍ ഉണങ്ങും. നിയന്ത്രണത്തിന് 0.1% വീര്യമുള്ള (2 മില്ലി/1 ലിറ്റര്‍) മാലത്തയോണ്‍ 21 ദിവസത്തിലൊരിക്കല്‍ ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളില്‍ തളിക്കണം.

You must be logged in to post a comment Login