തെങ്ങും മലയാളി ജീവിതവും

  • ടി.കെ പുഷ്‌കരന്‍

ലോകത്ത് ഏറ്റവുമധികം ആരാധിക്കപ്പെടുന്ന വൃക്ഷമാണ് തെങ്ങ്. കിഴക്കന്‍ ഏഷ്യ( പസഫിക് ദ്വീപ്) യാണ് തെങ്ങിന്റെ ജ•-ദേശം. തെങ്ങ് മുറിക്കുന്നത് മാതൃഹത്യയ്ക്ക് തുല്യമാണത്രെ. ഒറ്റത്തടിയുള്ള ഈ ബഹിര്‍സാരവൃക്ഷ (പുറമെ കാതലുള്ള) ത്തിന്റെ സമൂലവും മലയാളി ജീവിതത്തോട് ബന്ധപ്പെടുന്നു. തെങ്ങ്കൃഷി എന്ന കൃതിയില്‍ 30 ഇനം തെങ്ങുകളെ പരിചയപ്പെടുത്തുന്നുണ്ട്.ചേര്‍ത്തല തെങ്ങ്, കുറ്റ്യാടി തെങ്ങ്, പനങ്ങാട്ട് തെങ്ങ്, എന്നിവ നമ്മുടെ ദേശസൂചകങ്ങളാണ്.

തേങ്ങ ഉടയ്ക്കുമ്പോള്‍ നാം തേങ്ങ എന്ന ഏകകത്തെ ദ്വന്ദമാക്കി മാറ്റുന്നു. കണ്ണുള്ള ഭാഗമാണ് പെണ്ണ്. ഗര്‍ഭിണി തേങ്ങ ഉടയ്ക്കുമ്പേള്‍ കിട്ടുന്ന മുറികളുടെ വലിപ്പം നോക്കി കുട്ടി ആണോ പെണ്ണോ എന്നു നിര്‍വ്വചിക്കാറുണ്ട്. കണ്ണുള്ള മുറി വലുതാണെങ്കില്‍ കുട്ടി പെണ്ണും മറിച്ചാണെങ്കില്‍ കുട്ടി ആണും ആകുമെന്നാണ് സങ്കല്പം. ഉത്തരകേരളത്തില്‍ കാവുകളിലും പരദേവതാ ക്ഷേത്രങ്ങളിലും തേങ്ങയേറ് നടത്താറുണ്ട്. തേങ്ങ മുക്കണ്ണനായതുകൊണ്ട് ശിവന്റെ പ്രതീകമാണത്രെ പക്ഷേ ചെന്തെങ്ങ് പാര്‍വതിയുടെ പ്രതീകമാണ്. ഗണപതിക്ക് തേങ്ങ ഉടയ്ക്കുക എന്നത് ഗണപതിക്കോവിലുകൡ നിത്യക്കാഴ്ചയാണ്. കാടാമ്പുഴ മുതല്‍ ചേര്‍പ്പ് ഭഗവതി ക്ഷേത്രം വരെമുട്ടറുക്കല്‍ ചടങ്ങ് നടത്തപ്പെടുന്നു. ഉടച്ച നാളികേരം മലര്‍ത്തിവയ്ക്കരുതെന്ന് പറയുന്നത് മലിനമാകാതിരിക്കാനാണ്.

തെങ്ങിന്റെ വിടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഓലകള്‍ നല്‍കുന്ന നാട്ടുചന്തം കേരളീയമായ പരിസ്ഥിതിയുടെ വിസ്മയക്കാഴ്ചയാണ്. പിച്ചളകെട്ടുള്ള പറയില്‍ കുത്തിവിടര്‍ത്തിവെച്ച പൂങ്കുലയുടെ ഭംഗി എത്ര കണ്ടാലാണ് മതിവരിക. കല്യാണ പന്തലിന്റെ കവാടത്തില്‍ കെട്ടിവെച്ച ചെന്തെങ്ങിന്റെ ഇളനീര്‍ കുലകൡ നിന്ന് നമുക്ക് കണ്ണെടുക്കാനാകുമോ.കുരുത്തോലപ്പെരുന്നാളിന് പുരോഹിതന്‍ ഭക്തര്‍ക്ക് കുരുത്തോല നല്‍കുമ്പോള്‍ സസ്യഊര്‍ജജം കൈമാറുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടി ഋതുമതിയാകുമ്പോള്‍ തേങ്ങ ഉടയ്ക്കാന്‍ കൊടുക്കും. കണ്ണുകളുള്ള പെണ്‍മുറി വലുതായാല്‍ പെണ്ണിനെ പെറ്റ് കൂട്ടുമെന്നാണ് പറയുക. തേങ്ങ ചീരവുമ്പോള്‍ വാരി തിന്നുന്ന പെണ്‍കുട്ടിയുടെ കല്യാണത്തിന് മഴപെയ്യും. തെക്കോട്ട് തിരിഞ്ഞ് തേങ്ങ ചിരവരുത്. മുറി തേങ്ങ ചേര്‍ത്ത് വെയ്ക്കരുത് തുടങ്ങിയ വിശ്വാസങ്ങള്‍ ഇപ്പോഴും നാട്ടിന്‍ പുറങ്ങളിലുമുണ്ട്.

തേങ്ങാപ്പാല്‍ തിളപ്പിച്ച് വറ്റിയുണ്ടാക്കിയ വെളിച്ചെണ്ണ കുട്ടികള്‍ക്ക് വിശിഷ്ടമാണ്. ചെത്തിപ്പൂവും കരിഞ്ചീരകുമിട്ട് കാച്ചിയ വെളിച്ചെണ്ണതേച്ചാല്‍ കരപ്പന് പ്രതിവിധിയായി. കുഞ്ഞുണ്ണ്യാദി വെളിച്ചെണ്ണ തല തണുപ്പിക്കാന്‍ നല്ലതാണ്. ഇളനീര്‍ കൊഴമ്പ് നേത്ര സംരക്ഷണം നല്‍കുന്നു. തേങ്ങാവെള്ളം ദാഹശമനിയാണ്. ഈ വെള്ളം കൊണ്ടു മുഖം കഴുകുന്നത് നന്ന്. തേങ്ങാപ്പാല്‍ ഇളനീരില്‍ കലര്‍ത്തിയാല്‍ അസ്സല്‍ ടോണിക്കായി. തേങ്ങാപ്പാല്‍ മുലപ്പാലുണ്ടാവാന്‍ നല്ലതാണ്.

പൂക്കുല തല്ലി പുറത്തെടുക്കുന്ന കള്ള് അനുഷ്ഠാന പാനീയമാണ്. വീത് കര്‍മ്മങ്ങളിലും കള്ള് ഉപയോഗിക്കുന്നു. കള്ള് ചെത്താന്‍ കൊടുത്താല്‍ ഉത്പാദനം വര്‍ദ്ധിക്കും. വടക്കന്‍ കേരളത്തിലെ തെയ്യ കോലങ്ങള്‍ ഉല്ലാസം എന്നരീതിയില്‍ കള്ള് മോന്തുന്നു. തെങ്ങിന്‍ ചക്കര ദിവ്യ ഔഷധമാണ്.
എ.ഡി 1342- ല്‍ കേരളം സന്ദര്‍ശിച്ച ഇബനുബത്തൂത്തയുടെ യാത്ര വിവരണത്തില്‍ കള്ളിനെക്കുറിച്ച് പ്രസ്താവനയുണ്ട്. തെങ്ങ് ചെത്താന്‍ പുറത്ത് നിന്ന് കൂലിക്കാരെ വരുത്തിയപ്പോള്‍ അന്തിക്കാട്ടെ ചെത്തുകാര്‍ ഒറ്റരാത്രികൊണ്ട് സകലമാനതെങ്ങിന്റെയും കുല ചെത്തി കളഞ്ഞു. കേരളത്തില്‍ ആദ്യമായി നടന്ന ഈ തൊഴില്‍ സമരം ‘കുലമുറി സമരം’ എന്ന പേരില്‍ ചരിത്രത്തില്‍ ഇടം നേടി.

ഒരു തുടം അന്തിക്കള്ളില്‍ മലരും മഞ്ഞള്‍പൊടിയുമിട്ട് പിറ്റേന്ന് രാവിലെ കുടിച്ചാല്‍ പൊന്നിന്റെ നിറംവരും.പുലയുള്ളപ്പോള്‍ തെങ്ങ് ചെത്താറില്ല,
കള്ളില്‍ കുളിയ്ക്കുക, കള്ള് കണ്ട ഈച്ചയെപ്പോലെ, കുരങ്ങനെ കളളു കുടിപ്പിക്കുക, കള്ള് കുടിച്ചാല്‍ ഉള്ളത് പറയും, ഉള്ളില്‍ ചെന്നാല്‍ കൊള്ളക്കാരന്‍ ,പണ്ടത്തെ ചങ്കരന്‍ തെങ്ങിന്‍മേല്‍ തന്നെ, കടലക്കോള് മുഴുവന്‍ കള്ളാവാ, ഞാനും എന്റെ ചക്കീം മാത്രാവാ, എന്നിങ്ങനെ ചൊല്ലുകളനവധിയുണ്ട്.

നമ്മുടെ കല്പവൃക്ഷമാണ് തെങ്ങ്. ആയതിനാല്‍ നമുക്ക് ഒഴിഞ്ഞ സ്ഥലത്തൊക്കെ തെങ്ങ് വയ്ക്കാം. 3 കോണ്‍ അകലം മതി. സമതലത്തില്‍, 1 1/4 -1 3/4 കോല്‍ ആഴംവേണം. കുന്നുകളില്‍, 2 1/4, 2 3/4 കോല്‍ ആഴം നിര്‍ബന്ധം. അങ്ങനെ ചെന്തെങ്ങും ഗൗളിത്തെങ്ങും ശീമത്തെങ്ങും പതിനെട്ടാം പട്ടയും നമ്മുടെ ദേശത്ത് നിറയട്ടെ. തെങ്ങ് ചതിക്കില്ലെന്നാണ്. ഓര്‍ക്കുക ഇന്ന് നാം അനുഭവിക്കുന്ന തെങ്ങ് കൈപുണ്യമുള്ള ആരോ നട്ടതാണ്.

 

You must be logged in to post a comment Login