തെങ്ങോലകളില്‍ വെള്ളീച്ച വ്യാപകം; കര്‍ഷകര്‍ ആശങ്കയില്‍

കോട്ടക്കല്‍: തെങ്ങോലകളില്‍ വ്യാപകമായി വെള്ളീച്ചയുടെ ആക്രമണം. കര്‍ഷകര്‍ ആശങ്കയില്‍. തെങ്ങുകള്‍ക്ക് നാശം സംഭവിക്കുന്ന രീതിയില്‍ വെള്ളീച്ചകള്‍ വ്യാപകമായി ഓലകളില്‍ കൂടുകെട്ടി ആക്രമണം തുടരുകയാണ്. എട്ടുകാലി മുട്ടകള്‍ വിരിയിക്കാന്‍ വെളുത്ത പ്രതലങ്ങള്‍ ഉണ്ടാക്കുന്നത് പോലെ തെങ്ങിന്റെ ഓലകളില്‍ വെളുത്ത പുള്ളികളുണ്ടാക്കി അതിനകത്തിരുന്ന് ഓലകളിലെ നീര് വലിച്ചു കുടിക്കുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തീരദേശ മേഖലകളിലായിരുന്നു ഇവയെ കണ്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി കോട്ടക്കല്‍ മുനിസിപ്പാലിറ്റി, മാറാക്കര, ആതവനാട്, ഒതുകുങ്ങല്‍ ഉള്‍പ്പെടെ ജില്ലയിലെ മിക്ക തെങ്ങിന്‍ തോട്ടങ്ങളിലെ ഓലകളിലും വ്യാപകമായി ഇവയെ കണ്ടെത്തിയിട്ടുണ്ട്.  കൂടാതെ മുളക്, തക്കാളി, വെണ്ട എന്നിവയിലും ഇവയുടെ ആക്രമണം കാണപ്പെടുന്നു. ഇവ ഓലകളില്‍ പറ്റിയിരുന്ന് നീര് കുടിച്ചതിനു ശേഷം പുറത്ത് വിടുന്ന വിസര്‍ജ്ജനം താഴെയുള്ള വാഴ ഉള്‍പ്പെടുള്ളവയുടെ ഇലകളില്‍ വീണ് വാഴയ്ക്കും നാശം സംഭവിക്കുന്നു. ഇവയെ നശിപ്പിക്കുവാന്‍ വേപ്പെണ്ണ മിശ്രിതം സ്േ്രപ ചെയ്യാനാണ് കൃഷിവകുപ്പ് അധികൃതരുടെ നിര്‍ദേശം. 40 ദിവസത്തിലധികം ഇവ തെങ്ങോലകളില്‍ താമസിക്കുകയില്ലെന്നും ശക്തമായ മഴയുണ്ടായാല്‍ നശിക്കുമെന്നും പറയുന്നു. എന്നാല്‍ കീടങ്ങളുടെ ചെറിയ ആക്രമണങ്ങള്‍ പോലും തെങ്ങുകള്‍ക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഫലവത്തായി ഇവയുടെ ആക്രമണങ്ങള്‍ ഇല്ലാതാക്കുവാന്‍ എന്തു ചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് കര്‍ഷകര്‍.

You must be logged in to post a comment Login