തെയ്യങ്ങള്‍


കൃഷ്ണ നാനാര്‍പ്പുഴ

ദൈവത്തിന്റെ സ്വന്തം നാടായ കേരളമെന്നു കേള്‍ക്കുമ്പോള്‍, ഭാഷാ സംസ്‌കാരമന്യേ ഓരോ വ്യക്തിയുടേയും മനസ്സിലേക്കു ആദ്യം ഓടിയെത്തുക കഥകളി എന്ന കലാരൂപമാണ്. കഥകള്‍ ചൊല്ലിയാടുന്ന ഈ കലാരൂപം ആഗോള പ്രശസ്തമാണ്. അതുപോലെ വടക്കന്‍ കേരളത്തെ അതായത് മലബാറിനെക്കുറിച്ചു പറയുമ്പോള്‍, അതിവേഗത്തില്‍ മനസ്സിലെത്തുന്ന അനുഷ്ഠാന കലാരൂപമാണ് തെയ്യം. ദൈവം എന്ന പദമാണ് തെയ്യമായി പരിണമിച്ചത്. തിറയെന്നും കോലമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. പൊയ്മുഖവും, മുഖത്തെഴുത്തും ആയാസകരമായ ദൃശ്യപ്രതീകങ്ങളെ സൃഷ്ടിക്കുന്ന കലാരൂപമാണിതു എന്നതില്‍ തര്‍ക്കമുണ്ടാവില്ല. മിക്ക തറവാടുകളിലും തെയ്യം കെട്ടിയാടുന്ന പതിവുണ്ട്. ഇതില്‍ ബ്രാഹ്മണ തറവാടുകളില്‍ നടത്തുന്ന തെയ്യത്തിനു ചാമുണ്ഡിത്തെയ്യം എന്നാണ് പറഞ്ഞുവരുന്നത്. തെയ്യത്തിനു അതിന്റേതായ പാട്ടുകളുണ്ട്. അവയെ തോറ്റം പാട്ടുകള്‍ എന്നു പറയുന്നു. ഓരോ തെയ്യത്തിനും അതിപുരാതനമായ തോറ്റംപാട്ടും, മുഖത്തെഴുത്തുമുണ്ടാകും. ദേവീദേവന്മാര്‍, ഭൂതഗണങ്ങള്‍, കാലം ചെയ്ത കാരണവന്‍മാര്‍ അങ്ങിനെ പല കോലങ്ങളായി തെയ്യം കെട്ടിയാടുന്നു. ചിലയിടങ്ങളില്‍ ദേശത്തെ മണ്‍മറഞ്ഞ വീരന്മാരുടേയും കോലം കെട്ടിയാടാറുണ്ട്. തമിഴ് നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇത്തരം വ്യക്തികളെ ദേശത്തിന്റെ കാവല്‍ക്കാരായി സങ്കല്‍പ്പിച്ചു ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടത്തിവരുന്നു. അത് മറ്റൊരു തരത്തിലുള്ള അനുഷ്ടാനം. മനുഷ്യനില്‍ ദേവസ്വരൂപം പൂര്‍ണ്ണമായി നിലകൊള്ളുന്നു എന്ന ഉറച്ച വിശ്വാസമാണ് തെയ്യങ്ങളുടെ ദേവീദേവന്മാരുടെ കോലം കെട്ടലില്‍, നൃത്തവും പാട്ടും സംസാരവും ഒഴിച്ചുകൂടാനാവാത്ത വിഷയമായി പരിണമിക്കുന്നത്. വ്യത്യസ്ത സമുദായത്തില്‍ നിന്നുള്ളവരാണ് തെയ്യം കെട്ടുന്ന പതിവ്. മലയന്‍, വണ്ണാന്‍. കോപ്പാളന്‍, കൊറഗര്‍, വേലന്‍, ചിങ്കന്‍, പുലയന്‍, മാവിലന്‍ എന്നീ സമുദായക്കാരാണ് തെയ്യക്കോലം കെട്ടുന്നത്. കോപ്പാളന്മാരുടേയും മാവിലന്മാരുടേയും കൊറഗരുടേയും തെയ്യങ്ങള്‍ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാണ്. മത്സ്യമാംസാദികളും മദ്യവും ഭോജിക്കുന്ന ഈ തെയ്യങ്ങള്‍ അസാമാന്യ ശക്തിയുള്ളവരാണെന്ന വിശ്വാസം നിലനില്ക്കുന്നു. ദൈവവുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതിനാല്‍ തെയ്യത്തെ ഭക്തിയുടേയും ആരാധനയുടേയും നിറവിലാണ് കാണുന്നത്. തെയ്യം കെട്ടുന്നയാളെ കോലക്കാരന്‍ എന്നു വിളിക്കുന്നു. ഇത് ചെയ്യുന്നയാളെ കര്‍മ്മിയെന്നും പറയുന്നു. കൂടാതെ ഇവര്‍ക്കൊപ്പം കോമരവും ഉണ്ടാകും. ഈ അനുഷ്ഠാന കര്‍മ്മത്തിന്റെ ദൈവീകത മനസ്സിലാക്കി, വ്രതാനുഷ്ഠാനത്തിലൂടെയാണ് മൂവരും തെയ്യത്തിനു മാന്‌സികമായി തയ്യാറാകുന്നത്. തെയ്യത്തിനു അനുബന്ധമായി പ്രത്യേക ചടങ്ങുകളുണ്ട്. സാധാരണയായി കാവ്, അറ, പണിയറ, കോട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് തെയ്യം കെട്ടിയാടുന്നത്. ആചാരം കൊടുക്കുക എന്നതാണ് ആദ്യ ചടങ്ങ്. തെയ്യം കെട്ടിക്കുന്നവര്‍ അതായത് കാവുകളുടേയോ തറവാടിന്റേയോ അവകാശികള്‍ തെയ്യക്കോലം കെട്ടുന്ന ആള്‍ക്ക്, തെയ്യം നടക്കേണ്ട സ്ഥലത്തുവെച്ച് ദക്ഷിണ നല്‍കി തീയതി നിശ്ചയിക്കുന്ന ചടങ്ങാണ് ആചാരം കൊടുക്കുക എന്ന ചടങ്ങ്.തെയ്യം നടക്കുന്നതിന്റെ തലേ ദിവസം നടക്കുന്നതാണ് തോറ്റവും വെള്ളാട്ടവും. തെയ്യത്തിന്റെ അപൂര്‍ണമായ രൂപമാണ് വെള്ളാട്ടം. എല്ലാ തെയ്യങ്ങള്‍ക്കും വെള്ളാട്ടം നിര്‍ബന്ധമില്ല. ചെറിയ മുടി ധരിച്ചുള്ള വെള്ളാട്ടത്തില്‍ അഭ്യാസപാടവമാണ് പ്രാധാന്യം. ഭക്തിയുടെ നിറവില്‍ വീരരസ പ്രധാനവും നിറപ്പകിട്ടാര്‍ന്നതുമാണ് വെള്ളാട്ടം. വെള്ളാട്ടം തിരുമുടി ധരിക്കുന്നതിലൂടെ തെയ്യമായി മാറുന്നു. പ്രധാന തെയ്യങ്ങള്‍ക്കു തോറ്റം, വെള്ളാട്ടം, തെയ്യം എന്ന മൂന്നു ക്രിയാംശങ്ങളാണുള്ളത്. ചിലതിനു തോറ്റം, തെയ്യം എന്നിവയെ ഉണ്ടാകുകയുള്ളൂ. കെട്ടിയാടുന്ന തെയ്യത്തിന്റെ ആരംഭം സംബന്ധിക്കുന്ന വിഷയങ്ങളാണ് തോറ്റം എന്ന അനുഷ്ഠാന കര്‍മ്മത്തില്‍ ചൊല്ലുന്നത്. തോറ്റം വേഷമുള്ള തെയ്യത്തില്‍ വെള്ളാട്ടം ഉണ്ടാകില്ല. വെള്ളാട്ടമുള്ള തെയ്യത്തിനു തോറ്റവും ഇല്ലാ. എന്നാല്‍ അപൂര്‍വ്വമായി തോറ്റം, വെള്ളാട്ടം, തെയ്യം എന്നീ അംശങ്ങളെ കാണാനാകും. കതിവനൂര്‍ വീരന്‍, ബാലി തുടങ്ങിയ തെയ്യങ്ങളുടെ തോറ്റവും, വെള്ളാട്ടവും വളരെ ദൈര്‍ഘ്യമേറിയവയാണ്. ആരാധനയിലും, സങ്കല്‍പ്പങ്ങളിലും, രൂപത്തിലും പുരാവൃത്തത്തിലും വളരെ വൈവിധ്യം പുലര്‍ത്തുന്നവയാണ് ഓരോ തെയ്യത്തിനേയും മറ്റൊന്നില്‍ നിന്നും വിഭിന്നമാക്കുന്നത്. ശക്ത്യാരാധന, െൈശവ-ഭൂത-നാഗ-വൈഷ്ണവ-ഗന്ധര്‍വ്വ-മൃഗ-പ്രേതാ-പൂര്‍വ്വികാരാധനാ രീതികള്‍ തെയ്യത്തിലുണ്ട്. തെയ്യങ്ങളില്‍ സ്ത്രീദേവതകള്‍, മാന്ത്രിക മൂര്‍ത്തികള്‍, തുടങ്ങി പല രൂപങ്ങളുണ്ട്. ഒന്നോ രണ്ടോ കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന തെയ്യത്തെ കളിയാട്ടം എന്നും, 7,12 വര്‍ഷം തുടങ്ങി നീണ്ട ഇടവേളകളില്‍ നടത്തുന്നവയെ പെരുങ്കളിയാട്ടം എന്നും വിളിക്കുന്നു. തെയ്യത്തിനു മുന്നോടിയായിട്ടാണ് തോറ്റം പാട്ടു നടത്തുക. തെയ്യം നടക്കുന്നതിന്റെ തലേ ദിവസം ഒറ്റച്ചെണ്ടയുടെ അകമ്പടിയോടെ കോലക്കാരന്‍, ചെറിയവേഷങ്ങണിഞ്ഞു തോറ്റം പാട്ടുകള്‍ അവതരിപ്പിക്കും. കെട്ടാന്‍ പോകുന്ന തെയ്യത്തിന്റെ പുരാണ കഥയാണ് തോറ്റം പാട്ടില്‍ അടങ്ങിയിരിക്കുന്നത്. തെയ്യത്തിന്റെ ആരൂഡം, ഉത്ഭവം, സഞ്ചാരം, മാഹാത്മ്യം, പുരാവൃത്തം, കര്‍മ്മധര്‍മ്മങ്ങള്‍ എന്നിവയാണ് തോറ്റത്തിന്റെ ഉള്ളടക്കം. തോറ്റം പാട്ടിനു അര്‍ത്ഥസമ്പുഷ്ടവും, ഭക്തിരസവും ചേര്‍ന്നവരികള്‍ക്കു പ്രത്യേക ഈണമാണ്. വ്രതം നോറ്റിരിക്കുന്ന, കോലക്കാരന്റെ മനസ്സിന്റെ ഏകാഗ്രതയ്ക്കും തോറ്റം അനിവാര്യമാകുന്നു. തോറ്റത്തിനു മുഖത്തെഴുതാറില്ല. അരയില്‍ ചുവപ്പും നെറ്റിയില്‍ തലപ്പൊളിയും, മാറില്‍ വീരാളിപ്പട്ടുമാണ് തോറ്റത്തിനിരിക്കുന്ന കോല്‍ക്കാരന്റെ വേഷം. ഇഷ്ട ദൈവത്തെ, വിളിച്ചുവരുത്തുന്നതാണ് വരവിളിതോറ്റം. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണ് അഞ്ചടി തോറ്റം. തെയ്യം, തോറ്റം എന്നിവയുടെ ഉറഞ്ഞാട്ടമാണ് ഉറച്ചില്‍ തോറ്റം. തെയ്യച്ചമയങ്ങള്‍ അണിയുമ്പോഴാണ് അണിയറ തോറ്റം. വിവിധയിനം ആയുധങ്ങള്‍ ഉപയോഗിച്ചു തെയ്യങ്ങള്‍ ആടാറുണ്ട്. തെയ്യത്തിന്റെ വീര്യം പ്രകടമാക്കുന്നതിനാണ് ആയുധങ്ങള്‍ ഉപയോഗിക്കുന്നത്. വീരന്‍ തെയ്യങ്ങള്‍ക്കു ദണ്ഡാണ് ആയുധം. ഭഗവതിത്തെയ്യങ്ങള്‍ക്കു വാളും പരിചയും, കുറത്തി തെയ്യത്തിനു മുറവും, തച്ചോളി ഒതേനന്‍, കതിവനൂര്‍ വീരന്‍ എന്നീ തെയ്യങ്ങള്‍ക്കു വാളും, ഉറുമിയുമാണ് ആയുധങ്ങള്‍. തെയ്യത്തിലെ സ്ത്രീ ദേവതകളുടെ അപൂര്‍ണ്ണ വേഷങ്ങള്‍ക്കാണ് ഇളം കോലം എന്നു പറയുന്നു. തായ്പരദേവതത്തെയ്യത്തിന്റെ അപൂര്‍ണ്ണ വേഷം. ഇളം കോലത്തിനു ഉദാഹരണമാണ്. മുടിവെച്ചാടുന്ന ഇളം കോലത്തിന്റെ നൃത്തം, അത്യാകര്‍ഷകമായ ഒരു ചടങ്ങാണ്. ഉത്തര കേരളത്തില്‍, ഏറ്റവും കൂടുതല്‍ തെയ്യങ്ങള്‍ കെട്ടിയാടുന്ന സ്ഥലമാണ് തൃക്കരിപ്പൂര്‍. രാമവില്വം കഴകം. 24 വര്‍ഷം കൂടുമ്പോള്‍, ഇവിടെ നടക്കുന്ന പെരുങ്കളിയാട്ടം വളരെ പ്രശസ്തമാണ്. ഏഴു ദിവസങ്ങളിലായി നടക്കുന്നതാണ് രാമവില്വത്തെ കളിയാട്ടം. ഏകദേശം 94 തെയ്യങ്ങള്‍ ഏഴാം ദിവസം പുലര്‍ച്ചവരെ കെട്ടിയാടാറുണ്ടത്രേ. ഏറ്റവും കുടുതല്‍ തെയ്യങ്ങള്‍ മണ്ണാന്‍ സമുദായക്കാരുടെ മാത്രമാണ്. അവര്‍ കെട്ടിയാടുന്ന എഴുപത്തിയൊന്‍പതു തെയ്യങ്ങളില്‍, കാളി ദുര്‍ഗ്ഗ സങ്കല്പത്തിനു പ്രാധാന്യം നല്‍കുന്നു. രാമവില്യം കളിയാട്ടത്തിലെ കുലദേവതാ സ്ഥാനമാണു പടക്കെത്തി ഭഗവതിക്കുള്ളത്. രണ്ടാം പദവി, ആര്യങ്കര ഭഗവതിക്കാണ്. ഈ രണ്ടു തെയ്യങ്ങളും ഏഴാം നാള്‍ രാവിലെ മുടി അണിയുന്നു. ബാക്കി എല്ലാ തെയ്യങ്ങളും ഏഴാംനാള്‍, പുലര്‍ച്ചെയ്ക്കു മുന്‍പേ, ആടി അരങ്ങത്തു നിന്നും പിരിഞ്ഞതിനു ശേഷമാണ് രണ്ടു ഭഗവതിത്തെയ്യങ്ങളും ഇറങ്ങുകയുള്ളൂ. ഭഗവതിമാരുടെ തിരുമുടിക്കു 21 കോല്‍ നീളമാണുള്ളത്. രണ്ടു കവുങ്ങുവീതം ഓരോ മുടിക്കും വേണ്ടി ഉപയോഗിക്കുന്നു. തെയ്യങ്ങളുടെ മഹാസംഗമമാണ് കഴകപ്പെരുങ്കളിയാട്ടത്തിന്റെ പെരുമ. തെയ്യങ്ങളുടെ ഉറഞ്ഞാട്ടം കത്തിയെരിയുന്ന തീവെട്ടിക്കു മുമ്പിലാണ് നടക്കുക. കുരുത്തോലച്ചമയങ്ങള്‍ തെയ്യങ്ങള്‍ക്കു അഗ്നിയെ പ്രതിരോധിക്കാനുള്ള ശക്തി നല്‍കുന്നതുകൊണ്ട്, തീപ്പന്തമേറുന്ന തെയ്യങ്ങള്‍, ചൂട്ടുപിടിക്കുന്ന തെയ്യങ്ങള്‍ എന്നിവയ്ക്ക് കുരുത്തോല കൊണ്ടുള്ള അരമെടയും, തലമുടിയും നല്‍കുന്നു. ഐതിഹ്യ പ്രകാരം അഗ്നിശുദ്ധി വരുത്തേണ്ട തെയ്യങ്ങളെല്ലാം മേലേരി പാടുന്നു. പൊട്ടന്‍ തെയ്യം, വിഷ്ണുമൂര്‍ത്തിതെയ്യം തുടങ്ങിയവ തീയില്‍ ചാടുന്ന തെയ്യങ്ങളാണ്. അരയിലും കൈയ്യിലും തീപന്തങ്ങളുള്ള തെയ്യങ്ങളുണ്ട്. രൗദ്രമൂര്‍ത്തികളായ ധൂമാഭഗവതി, ചുടല ഭദ്ര, കക്കര ഭഗവതി തുടങ്ങി നിരവധി ഭഗവതി തെയ്യങ്ങള്‍ കോലം കെട്ടി ആടാറുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ, ബ്രാഹ്മണരുടെ തറവാടുകളില്‍ മാത്രം കെട്ടിയാടുന്ന ചാമുണ്ഡിതെയ്യത്തിനും തീപ്പന്തങ്ങളുണ്ട്. ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ കെട്ടിയാടുന്ന അന്തിതിറ, താളത്തിന്റെ അകമ്പിയോടെ ചൂട്ടുപിടിച്ചു നൃത്തം ചെയ്യുന്നു. ഭഗവതി തെയ്യങ്ങള്‍ക്കും, ഭൈരവ തെയ്യത്തിനും ക്ഷേത്രപാലകന്റെ കോലത്തിലും പാമ്പിന്‍ തേറ്റ കാണാം. ഭൈരവന്റെ മൂക്കിലും ക്ഷേത്രപാലകന്റെ താടിയിലും ഭഗവതിക്കോലങ്ങള്‍ക്ക് വായിലുമാണ് തേറ്റ വയ്ക്കുന്നത്. അമ്മ ഭൈരവങ്ങളുടെ ഗണത്തില്‍പ്പെടുന്ന തെയ്യങ്ങള്‍ക്ക് മാര്‍മുലയുണ്ടാകും. ഓട്, വെള്ളി എന്നിവകൊണ്ടു നിര്‍മ്മിച്ച മാര്‍മുലകളാണ് തെയ്യങ്ങള്‍ അണിയാറ്. തെയ്യത്തില്‍ ഭദ്രകാളി, ചാമുണ്ഡി, ഭഗവതി എന്നീ മൂന്നുപേരിലാണ് മാതൃദേവതാ സങ്കല്‍പം കുടികൊള്ളുന്നത്. ശക്തിസ്വരൂപമായ ദേവതകള്‍ ഒന്നാണെങ്കിലും തെയ്യത്തില്‍ ഇവര്‍ക്ക് രൂപ വ്യത്യാസങ്ങളുണ്ട്. മനുഷ്യസ്ത്രീകള്‍ ദേവതകളായി ഉയര്‍ത്തപ്പെട്ടാല്‍ അവരെ ഭഗവതി എന്നു വിളാക്കാറുണ്ട്. തെയ്യത്തിലെ ഭദ്രകാളിത്തെയ്യത്തിനു വേഷപകര്‍ച്ചകളുണ്ട്. ‘തായ്പരദേവത’ എന്ന പേര് ഭദ്രകാളിതെയ്യത്തിനു മാത്രമേയുള്ളൂ. കോലത്തിരി രാജാക്കന്മാരുടെ മുഖ്യ ആരാധനാ ദേവതയാണ്, ‘തായ്പരദേവത’. കോലത്തിരിയുടെ ‘കോലസ്വരൂപത്തിങ്കല്‍’ തായി എന്നും ഈ ദേവത, അറിയപ്പെടുന്നു. പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നും ഉയര്‍ന്നവളായതുകൊണ്ട് ഭഗവതിക്കോലങ്ങളില്‍ ഏറ്റവും ശക്തിസ്വരൂപിണിയായി, വിശ്വസിക്കുന്നു. അതുകൊണ്ടാണ്, ഗ്രാമദേവതയായി തായ്പ്പരദേവതയെ ആരാധിക്കുന്നത്. പ്രേതാരാധന, പരേതാരാധന സമ്പ്രദായത്തില്‍ നിന്നും ഉണ്ടായതാണ് പ്രേതക്കോലങ്ങള്‍. ദുര്‍മരണം സംഭവിച്ചവര്‍, മോക്ഷം കിട്ടാതെ വരുമ്പോള്‍, ജീവിച്ചിരിക്കുന്ന ബന്ധുക്കളെ ഉപദ്രവിക്കും എന്നൊരു വിശ്വാസമുണ്ട്. അത്തരം പ്രേതാത്മാക്കള്‍ തെയ്യങ്ങളുടെ കൈവശം അകപ്പെട്ടാല്‍, ആ പ്രേതങ്ങളെ തെയ്യംകെട്ടി ആടുന്നവരാണ് ഒഴിപ്പിക്കുക. ഈ ചടങ്ങിനു ‘പേനയും കുറിയും വാങ്ങുക’ എന്നാണു പേര്. തെയ്യത്തില്‍ നിന്നും പ്രേതത്തെ ഒഴിപ്പിച്ചാലേ, ബ്രാഹ്മണകര്‍മ്മം ഫലിക്കൂ എന്നൊരു വിശ്വാസമുണ്ട്. ചില പ്രേതങ്ങള്‍ തെയ്യത്തില്‍ നിന്നും ഒഴിപ്പിക്കേണ്ട എന്നു സ്വയം നിശ്ചയിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ തെയ്യങ്ങളെ പ്രേതക്കോലമായി മാറ്റാറുണ്ട്. തെയ്യത്തിലെ പ്രേതക്കോലങ്ങളാണ് ആലിയും, വീരനും, വണ്ണായി പോതിയുമൊക്കെ. പാണന്മാര്‍ കെട്ടിയാടുന്ന ഭദ്രകാളി ധിക്കാരിയായ ഒരു വണ്ണാത്തിയെ ശിക്ഷിക്കുകയും ഒപ്പം തെയ്യമായി കൂട്ടുകയും ചെയ്തിട്ടുണ്ട്. ആ വണ്ണാത്തിയും ഭദ്രകാളിക്കൊപ്പം ആടാറുണ്ട്. അതാണ് വണ്ണാത്തിപ്പോതി. മാന്ത്രിക വിഷയവുമായി ബന്ധമുള്ള തെയ്യങ്ങളെ മന്ത്രമൂര്‍ത്തി തെയ്യങ്ങള്‍ എന്നു വിളിക്കാറുണ്ട്. മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ഇത്തരം തെയ്യങ്ങളില്‍ ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഗുളികന്‍, പൊട്ടന്‍, വിഷ്ണുമൂര്‍ത്തി,രക്തചാമുണ്ഡി, ഘണ്ടാകര്‍ണ്ണന്‍ പ്രധാനം. മന്ത്രമൂര്‍ത്തികളില്‍ ഭൈരവാദി പഞ്ചമൂര്‍ത്തി എന്നൊരു വിഭാഗമുണ്ട്. ഇതില്‍ ഭൈരവനാണു പ്രധാനി. ഭൈരവന്‍, കുട്ടിച്ചാത്തന്‍ എന്നിവര്‍ക്കൊപ്പം മന്ത്രമൂര്‍ത്തിത്തെയ്യങ്ങളില്‍ മൂന്നുപേരെ ചേര്‍ത്തു അഞ്ചാക്കുന്നു. സാധാരണയായി ഒരു സ്ത്രീദേവതയേയും, രണ്ടു പുരുഷദൈവങ്ങളേയും ചേര്‍ത്താല്‍, ഭൈരവ പഞ്ചമൂര്‍ത്തികളായി. മൂലമന്ത്രം ജപിച്ചും മാന്ത്രിക കര്‍മ്മങ്ങള്‍, നിര്‍വഹിച്ചുമാണ് കോലക്കാര്‍ മന്ത്രമൂര്‍ത്തിയുടെ തെയ്യങ്ങള്‍ കെട്ടിയാടുന്നത്.വടക്കേ മലബാറിലെ തെയ്യക്കോലങ്ങളില്‍ മാപ്പിള തെയ്യങ്ങളുണ്ട്. ബപ്പിരിയന്‍,കലന്തന്‍ മുക്രി, മുക്രിപ്പോക്കര്‍,ആലിത്തെയ്യം, നെയ്ത്തിയാര്‍, ആലിച്ചാമുണ്ട്,ബീവിത്തെയ്യം എന്നിവയാണ് പ്രധാനപ്പെട്ട മാപ്പിളത്തെയ്യങ്ങള്‍. ആലിചാമുണ്ഡിയെ തെയ്യം നേരിട്ടു കോലമാക്കിയ മൂര്‍ത്തിയാണ്. ആലിക്കു മാപ്പിള വേഷത്തെ ഓര്‍മ്മിപ്പിക്കന്ന തൊപ്പിയുണ്ട്. ഓരോ മാപ്പിളത്തെയ്യവും രൂപപ്പെട്ടത്, പരേതാരാധനയുടേയും, വീരാരാധനയുടേയും അടിസ്ഥാനത്തിലാണ്.വീരന്മാരേയും, സ്ഥാനികരേയും, കാരണവന്‍മാരേയും ആരാധിച്ചു കെട്ടുന്ന കോലങ്ങളാണ് വീരക്കോലങ്ങള്‍ എന്നറിയപ്പെടുന്നത്. തറവാട്ടുകാരണവരേയോ, സ്ഥാനികരേയോ കെട്ടിയാടുന്ന തെയ്യങ്ങള്‍ക്കു ‘കാര്‍ണോന്‍ തെയ്യം’ എന്നാണ് പറയുക. പടവീരന്മാരായി മരിക്കുന്നവരേയും ഇത്തരം തെയ്യങ്ങളാക്കി ആരാധിക്കുന്ന പതിവുണ്ട്. ഇവരെ പടവീരന്‍, കുടിവീരന്‍ തെയ്യങ്ങളെന്നും വിളിക്കാറുണ്ട്. തൊണ്ടച്ചന്‍ത്തെയ്യം എന്ന പേരില്‍ പരേതപൂജ തെയ്യത്തിലുമുണ്ട്. തൊണ്ടച്ചന്‍ തെയ്യം ഒരു ജാതിസമൂഹത്തിന്റേതാണെങ്കിലും, മറ്റു ജാതിക്കാരുമായും ബന്ധപ്പെട്ടു നില്‍ക്കുന്നു. പത്തില്ലക്കാരായ പുലയരുടെ കുലദൈവമാണ് ‘പുലി മറഞ്ഞ തൊണ്ടച്ചന്‍’. നായന്മാരുടെ തൊണ്ടച്ചനാണ് ക്ഷേത്രപാലകന്‍. തീയ്യരുടെ തൊണ്ടച്ചനാണ് വയനാട്ടു കുലവന്‍. കതിവന്നൂര്‍ വീരനാണ് വീരന്‍തെയ്യങ്ങളില്‍ ഏറ്റവും പ്രശസ്തന്‍. വടക്കന്‍ പാട്ടിലെ പല വീരഭദ്രന്‍മാരേയും തെയ്യങ്ങളായി ആടാറുണ്ട്. വീരഭദ്രന്‍, ക്ഷേത്ര പാലകന്‍, വേട്ടയ്‌ക്കൊരു മകന്‍ എന്നീ ശിവാംശജാതരും, ഊര്‍പ്പഴശ്ശി ദൈവത്താരും വൈഷ്ണവാശജാതനാണെങ്കിലും വീരക്കോലങ്ങളായി പരിഗണിക്കപ്പെടുന്നു.തെയ്യം എന്നതു അനുഷ്ഠാന കലാരൂപം മാത്രമല്ല. ഒരു വ്യക്തിയുടെ, ദേശത്തിന്റെ, സമൂഹത്തിന്റെ ഭക്തിയുടേയും, ആരാധനയുടേയും, ഏകാഗ്രമായ മനസ്സാണ് എന്നു പറയുന്നതാണ് കൂടുതല്‍ അഭികാമ്യം.

You must be logged in to post a comment Login