‘തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടു കുറയും’; തുഷാര്‍ വെള്ളാപ്പള്ളി

 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ കാലുവാരുമെന്ന് സൂചന നല്‍കി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടു കുറയുമെന്നും ബിജെപിയുടെ നിലപാടായിരിക്കും മുന്നണിയെ ശിഥിലമാക്കുന്നതെന്നും അദേഹം പറഞ്ഞു. ബിജെപി നേതൃത്വം ബിഡിജെഎസിനോട് അവഗണന തുടരുകയാണെന്നും തുഷാര്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല്‍ നിരാശയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

ബിഡിജെഎസ് ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമാണെന്നും തുഷാര്‍ വിശദീകരിച്ചു. ബി.ഡി.ജെ.എസ് പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റിനായുള്ള അവകാശവവാദം ബിജെപി കേന്ദ്രനേതൃത്വം ഇന്നലെയാണ് തള്ളിയത്. തുടര്‍ന്ന് കേരളത്തില്‍ നിന്നും ബിജെപി നേതാവ് വി.മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. മുഴുവന്‍ രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടികയും ബിജെപി പുറത്തുവിട്ടു. 18 രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയിലും മത്സരിക്കും.

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ നിലനിന്ന അതൃപ്തിയെ തുടര്‍ന്നാണ് പുതിയ നീക്കം നടത്തിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ മുന്നണിവിടുമെന്ന് ബിഡിജെഎസും വ്യക്തമാക്കിയിരുന്നു.
രണ്ട് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയെയും േകരളത്തിന് നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ചതാണ് പ്രധാന പ്രശ്‌നം. തുഷാര്‍ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടിവിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.

നാല് വര്‍ഷമായി വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയിട്ടില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിഡിജെഎസ്. വരുന്ന പതിനാലം തിയ്യതി നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ മുന്നണി ബന്ധം പുനപരിശോധിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login