തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തിന് രാഷ്ട്രപതിയുടെ പിന്തുണ

president

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്തുണ. തെരഞ്ഞെടുപ്പിന്റെ ഊര്‍ജവും ഉത്സാഹവും എങ്ങനെയായിരിക്കണമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്നാണ് അധ്യാപക ദിനത്തില്‍ നടത്തിയ ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു. പെരുമാറ്റച്ചട്ടങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ജനങ്ങളും ആലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെറ്റ്‌വര്‍ക് 18 ഗ്രൂപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടുവെച്ചത്. രാജ്യത്ത് ഇടക്കിടെ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്ന് അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ എല്ലാകാര്യങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. തുടര്‍ച്ചയായി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഭരണസംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അതിനാല്‍ പഞ്ചായത്ത്, നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നും സമയവും പണവും ലാഭിക്കാന്‍ ഇതാണ് നല്ലതെന്നുമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

2015 ഡിസംബറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 1967 വരെ ആദ്യത്തെ നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളോടൊപ്പമാണ് നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നത്.

You must be logged in to post a comment Login