തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍; പ്രിയങ്ക ഗാന്ധി പങ്കെടുക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. എഐസിസി ആസ്ഥാനത്ത് വൈകീട്ട് നാലരയ്ക്കാണ് യോഗം. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രിയങ്ക ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന യോഗമാണിത്.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും ഉയര്‍ത്തിക്കാണിക്കേണ്ട വിഷയങ്ങളും സഖ്യസാധ്യകളും യോഗം വിലയിരുത്തും. എല്ലാ ജനറല്‍ സെക്രട്ടറിമാരും അതതു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ റാലികളെ സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടായേക്കും. ശനിയാഴ്ച പി.സി.സി അധ്യക്ഷന്മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗവും രാഹുല്‍ ഗാന്ധി വിളിച്ചിട്ടുണ്ട്. .

പുതിയ സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധിയെയും ഉള്‍പ്പെടുത്തി റാലികള്‍ സംഘടിപ്പിക്കാനും പാര്‍ട്ടി നീക്കം നടത്തുന്നുണ്ട്. പ്രിയങ്ക ഇന്നലെ എഐസിസി ആസ്ഥാനത്തു എത്തി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തിരുന്നു.

You must be logged in to post a comment Login