തെരഞ്ഞെടുപ്പ് കമ്മീഷനിലെ വിയോജിപ്പ് പരസ്യപ്പെടുത്തില്ല; അശോക് ലവാസയുടെ ആവശ്യം കമ്മീഷൻ തള്ളി

വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയോടുള്ള തന്റെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന അശോക് ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക യോഗം കീഴ്‌വഴക്കങ്ങൾ പരിഗണിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് അംഗങ്ങളുടെ വിയോജിപ്പ് പരസ്യപ്പെടുത്തണമെന്ന ആവശ്യം തള്ളിയത്. ഭിന്നാഭിപ്രായം രേഖപ്പെടുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണാഘടനാപരമായ ബാധ്യതയാണെന്ന് ലവാസ വാദിച്ചെങ്കിലും ഇത് പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ല.

മൂന്നിൽ രണ്ട് പേരുടെ പിന്തുണയോടെയാണ് അശോക് ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരോട് അഭിപ്രായം ആരാഞ്ഞും, നിയമോപദേശം തേടിയുമാണ് നടപടി കൈകൊണ്ടതെന്നാണ് കമ്മീഷന്റെ വിശദീകരണം. ഭരണഘടനയുടെ 324-ാം ചട്ടപ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതികൾ പരിശോധിക്കുന്നതെന്നും, ഇതിനാൽ വിധി പ്രസ്ഥാവങ്ങളിൽ ജഡ്ജിമാർ എതിർപ്പ് രേഖപ്പെടുത്തുന്നത് പോലെ തനിക്കും എതിർപ്പ് രേഖപ്പെടുത്താൻ കഴിയണമെന്നും യോഗത്തിൽ ലവാസ വാദിച്ചു. പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപക ആരോപണങ്ങളുമായി രംഗത്തെത്തുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷണർ തന്നെ പരസ്യമായി രംഗത്തെത്തിയത് കമ്മീഷനിൽ ആഭ്യന്തര പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് ലവാസയെ അനുനയിപ്പിക്കാൻ കമ്മീഷൻ ശ്രമിച്ചെങ്കിലും ലവാസ വാദത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.

You must be logged in to post a comment Login