തെരഞ്ഞെടുപ്പ് ചൂടും കാഴ്ചകളും; കേരളം കണ്ടത്

  • ലിബിന്‍ ടി.എസ്

വയനാട്, ആലത്തൂര്‍, മണ്ഡലങ്ങളാണ് ഇത്തവണ പ്രചാരണ ചൂടിലും വിവാദത്തിലും പ്രസിദ്ധമായത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും വിവാദങ്ങളുമാണ് വയനാട് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആലത്തൂര്‍ വിവാദം കൊണ്ടും പ്രചാരണ ചൂടുകൊണ്ടും ഒരു യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് മണ്ഡലമായി മാറി.

ഇന്ത്യയിലെ പതിനേഴാം ലോക്‌സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ് 2019 ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുകയാണ്. 543 അംഗങ്ങളെയാണ് 543 ലോകസഭാ മണ്ഡലങ്ങളില്‍ നിന്നായി ലോക്സഭയിലേക്ക് വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ രണ്ടു പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്യുന്നു.

ഇത്തവണ സംസ്ഥാനത്ത് മിക്ക മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫും- യുഡിഎഫും കുത്തക സീറ്റുകള്‍ നിലനിര്‍ത്തുവാനും അട്ടിമറി വിജയം നേടുവാനും ഉറപ്പിച്ചിറങ്ങുമ്പോള്‍ ബിജെപിയും അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ്. തങ്ങളുടെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പാര്‍ട്ടികള്‍ കച്ചമുറുക്കി ഇറങ്ങിയിട്ടുള്ളത്.

വിവാദങ്ങളും വിമര്‍ശനങ്ങളും കോഴ ആരോപണങ്ങളും തുടങ്ങി സ്ഥിരം കാഴ്ചകള്‍ ഇത്തവണയും തെരഞ്ഞെടുപ്പ് അങ്കത്തില്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഹൈലൈറ്റ് മറ്റൊന്നാണ്. കേരളത്തില്‍ ഇത്തവണ ഒരു വിവിഐപി സ്ഥാനാര്‍ത്ഥി കൂടി ഉണ്ട്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ആ ദേശീയ നേതാവ്. വയനാട് മണ്ഡലത്തിലാണ് മത്സരം. ഇതോടെ കേരള തെരഞ്ഞെടുപ്പ് ദേശീയ ചര്‍ച്ചയായി.

വോട്ടെടുപ്പിനൊരുങ്ങി കേരളം…

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പേരിലുള്ള വിവാദം കത്തിനില്‍ക്കെ എല്ലാ ജില്ലകളിലും വോട്ടിങ് യന്ത്രം എത്തിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിനു സജ്ജമായി തെരഞ്ഞെടുപ്പു കമ്മിഷന്‍. സംസ്ഥാനത്ത് ആദ്യമായി എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇത്തവണ വിവിപാറ്റ് യന്ത്രവും വോട്ടിങ് മെഷീനൊപ്പം ഉണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ മത്സരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്.

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് മാര്‍ച്ച് 28ന് തുടക്കമായി. ഏപ്രില്‍ 4 വരെ സ്ഥാനാര്‍ഥികള്‍ക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയപരിധി നല്‍കി. പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ 5ന്. പിന്‍വലിക്കാനുള്ള തീയതി 8. വോട്ടെടുപ്പ് 23ന്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അങ്കത്തിന് 227 സ്ഥാനാര്‍ഥികള്‍ രംഗത്ത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം:

എല്ലാ തെരഞ്ഞെടുപ്പുകളിലെയും പോലെ ഇത്തവണയും സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടികള്‍ക്ക് കീറാമുട്ടിയായി. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് മാതൃകയായി എല്‍ഡിഎഫ്. മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് 20 ദിവസത്തോളം മുമ്പ് തന്നെ വിവാദങ്ങള്‍ക്ക് വഴിവെക്കാതെ തങ്ങളുടെ മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്തി മേല്‍ക്കൈ നേടി. ഇത് പ്രചാരണരംഗത്തും പ്രതിഫലിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസാണ് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും അഭ്യൂഹങ്ങളും വലിയ വിവാദമായി. ബിജെപിയും വിവാദങ്ങളില്‍ ഒട്ടും പിന്നിലായിരുന്നില്ല.

കോട്ടയം സീറ്റിനായി പി.ജെ. ജോസഫിന്റെ കടുംപിടുത്തം കേരള കോണ്‍ഗ്രസിനെ വലച്ചു. എന്നാല്‍ കെ.എം. മാണിയ്ക്കു മുന്നില്‍ ഒടുവില്‍ ജോസഫ് നിശബ്ദനായി. അവസാനം വരെ അനിശ്ചിതത്വത്തിലായിരുന്ന വടകര സീറ്റില്‍ കെ. മുരളീധരന്‍ എംഎല്‍എയെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം. മണ്ഡലത്തില്‍ സ്വാധീനമുള്ള മുസ്ലിം ലീഗിന്റെയും ആര്‍എംപിയുടെയും പിന്തുണയും സ്ഥാനാര്‍ത്ഥി തീരുമാനത്തില്‍ നിര്‍ണായകമായി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തി. തീരുമാനം പ്രതികൂലമെങ്കില്‍ യുഡിഎഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന് വാദം. ഒടുവില്‍ ടി. സിദ്ധിഖിന് പകരം രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ത്ഥി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക മാര്‍ച്ച് 21ന് പ്രഖ്യാപിച്ച് ബിജെപി. ബിജെപി നേതൃത്വം ആര്‍എസ്എസിന്റെ സമ്മര്‍ദത്തിനു വഴങ്ങിയതോടെ മിസോറം ഗവര്‍ണര്‍ പദവി രാജിവച്ച് കുമ്മനം രാജശേഖരന്‍ വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക്. കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി. വിവാദങ്ങള്‍ക്കൊടുവില്‍ വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയും തൃശൂര്‍ സുരേഷ്ഗോപിയുമെന്ന് തീരുമാനം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായി കെ. സുരേന്ദ്രനെ പ്രഖ്യാപിച്ചു. മൂന്നാം ഘട്ട പട്ടികയിലാണ് സുരേന്ദ്രന്‍ സ്ഥാനം പിടിച്ചത്.

സ്വയം വിരമിക്കല്‍ അപേക്ഷയില്‍ തീര്‍പ്പാകാത്തത് കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന് ജേക്കബ് തോമസ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. എറണാകുളത്തും വയനാടും മത്സരിക്കാന്‍ പത്രിക നല്‍കി സരിത എസ്. നായര്‍. എന്നാല്‍ പത്രിക തള്ളി. അതേസമയം ഇത്തവണയും പല സ്ഥാനാര്‍ഥികള്‍ക്കും അപരഭീഷണി പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

 

ഗോദയിലെ വിവാദങ്ങള്‍:

എല്‍ഡിഎഫ്: പൊന്നാനിയിലെ എല്‍ഡിഎഫ് യോഗത്തില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ സഭ്യേതരമായ പരാമര്‍ശങ്ങള്‍ വിവാദമായി. രമ്യ ഹരിദാസിന്റെ പേരു പറയാതെ ‘ആലത്തൂരിലെ സ്ഥാനാര്‍ഥിയായ പെണ്‍കുട്ടി’ എന്ന പേരിലാണ് പരാമര്‍ശം നടത്തിയത്. സ്ത്രീത്വത്തെ അവഹേളിച്ച വിജയരാഘവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധം ശക്തമായി. ഒടുവില്‍ പാര്‍ട്ടി നേതൃത്വവും അതൃപ്തി അറിയിച്ചു.

ഇടതു സ്ഥാനാര്‍ഥി എം.ബി. രാജേഷിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്ത ബൈക്ക് യാത്രികരില്‍ നിന്നു വടിവാള്‍ താഴെ വീണതു വിവാദമായി. പര്യടന വാഹനങ്ങള്‍ ഒറ്റപ്പാലം ഉമ്മനഴി ഭാഗത്തെത്തിയപ്പോഴായിരുന്നു സംഭവം. സ്ഥാനാര്‍ഥിയുടെ വാഹനത്തിനു തൊട്ടുപിന്നാലെ എത്തിയ ബൈക്കുകളിലൊന്നില്‍ നിന്നാണു വടിവാള്‍ ഊര്‍ന്നുവീണത്.

പത്തനംതിട്ടയില്‍ ഒളിഞ്ഞും തെളിഞ്ഞും ശബരിമല തന്നെ മുഖ്യ പ്രചാരണ വിഷയം. പ്രളയക്കെടുതിയുടെ മുറിവുകളും ഏറെയുണ്ട്. റാന്നി, തിരുവല്ല, ആറന്മുള മണ്ഡലങ്ങള്‍ തകര്‍ന്നടിഞ്ഞു.

യുഡിഎഫ്: രാഹുല്‍ ഗാന്ധിയെ പപ്പുവെന്നു വിളിച്ചു സിപിഎം പാര്‍ട്ടി പത്രത്തില്‍ മുഖപ്രസംഗം. വയനാട്ടില്‍ മല്‍സരിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ചാണു പപ്പു പരാമര്‍ശം. അമേഠിയില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തെ തള്ളി അമേഠിയിലെ പരാജയഭീതി കൊണ്ടാണു രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന നിലപാടാണു പാര്‍ട്ടിപത്രം കൈക്കൊണ്ടതെന്നതു ശ്രദ്ധേയമായി.

കേരളത്തില്‍ ഇടതുപക്ഷത്തിനെതിരായാണ് പ്രധാന മത്സരമെങ്കിലും ഇവിടെ സിപിഎമ്മിന് എതിരായി ഒരു വാക്കു പോലും താന്‍ പറയില്ലെന്ന് രാഹുല്‍ ഗാന്ധി. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെയാണ് പ്രധാന മത്സരമെന്നും രാഹുല്‍ ഗാന്ധി.

പ്രചാരണരംഗത്ത് പാര്‍ട്ടിയില്‍ നിന്ന് വേണ്ട സഹകരണം ലഭിക്കുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. കെപിസിസിയോടും ഹൈക്കമാന്‍ഡിനോടും ഇത് സംബന്ധിച്ച് പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെ ഞെട്ടിച്ച് എ.ഐ.സി.സി മുന്‍വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ടോം വടക്കന്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി. ടിവി 9 ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് രാഘവന്‍ കുടുങ്ങിയത്. രണ്ട് കോടി രൂപ കോഴ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാര്‍ട്ടി രണ്ടു കോടി രൂപ മുതല്‍ അഞ്ചുകോടിരൂപ വരെ നല്‍കാറുണ്ടെന്നും അതും കണക്കില്‍പ്പെടാതെ കറന്‍സിയായാണ് നല്‍കുന്നതെന്നും ദൃശ്യങ്ങളിലുണ്ട്.

ബിജെപി: പ്രചാരണ പരിപാടിക്കിടെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം കോടതി മുറിയില്‍ കയറിയതു വിവാദമായി. കോടതിയില്‍ കയറി വോട്ട് അഭ്യര്‍ഥിച്ചെന്നും ഇതു ചട്ടലംഘനമാണെന്നുമാണ് ആക്ഷേപം. കോടതിമുറിയില്‍ കയറിയെങ്കിലും വോട്ട് അഭ്യര്‍ഥിച്ചിട്ടില്ലെന്നു സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാക്കള്‍ വിശദീകരിച്ചു.

15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്കു തള്ളി തരുമെന്നാണോ വിചാരിച്ചതെന്ന സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പു പ്രചാരണ വേദിയിലെ പ്രസംഗം വിവാദമായി. എല്ലാ അക്കൗണ്ടുകളിലേക്കും 15 ലക്ഷം രൂപ വീതം ഇടുമെന്നു മോദി പറഞ്ഞതിനെക്കുറിച്ചു സംസാരിക്കവെയാണു സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെ പരിഹസിച്ച് വി.ടി. ബല്‍റാം ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി. ഇതിനു പിന്നാലെ അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് സുരേഷ് ഗോപിയോട് കളക്ടര്‍ വിശദീകരണം തേടി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള മുസ്ലിംവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്ത്. എല്‍ഡിഎഫ് ശ്രീധരന്‍പിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കു ഗണ്‍മാനെ നിയോഗിച്ചു.

കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ച് മത്സരിക്കുന്നത് ജയിലില്‍ നിന്നും. കഴിഞ്ഞ തവണ താരശോഭയില്‍ മത്സരിച്ച ശ്രീശാന്തിനെ ഇത്തവണ ചിത്രത്തില്‍ പോലും കാണാനായില്ല. തുഷാര്‍ മല്‍സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അതേസമയം തുഷാറിനുവേണ്ടി പ്രചാരണത്തിനിറങ്ങാനോ തുഷാറിന് അനുകൂലമായി പരസ്യ പ്രസ്താവനകള്‍ നടത്താനോ താന്‍ ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ജനപക്ഷം: കോണ്‍ഗ്രസ് വഞ്ചിച്ചതിനാല്‍ പത്തനംതിട്ടയില്‍ ജനപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ജനപക്ഷത്തെ യുഡിഎഫ് മുന്നണിയില്‍ ചേര്‍ക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ഇതുകൊണ്ടാണ് മല്‍സരത്തിനില്ലെന്ന് അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചു. ഇതോടെയാണ് മല്‍സരിക്കാന്‍ തീരുമാനിച്ചതെന്നും ജോര്‍ജ് പറഞ്ഞു. ജോര്‍ജ്ജ് പിന്നെയും പിന്നെയും മലക്കം മറിഞ്ഞു.

മായാവതിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ ഏക പൊതുയോഗം. തുടക്കം മുതല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ ആക്രമിച്ച പ്രസംഗത്തില്‍ സിപിഎമ്മിനെക്കുറിച്ചു മിണ്ടിയില്ല.

ശത്രുവിന്റെ ശത്രു മിത്രം:

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജനെ തോല്‍പിക്കാനായി വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് ആര്‍എംപി. കെ.കെ. രമയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം ഇതോടെ പിന്‍വലിക്കുകയും ചെയ്തു.

വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ മല്‍സരിക്കില്ല, ബിജെപിയുടെ പരാജയം ഉറപ്പു വരുത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ ഒരു മണ്ഡലത്തിലും മല്‍സരിക്കാതെ യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും. സിപിഎമ്മിനു ദേശീയ രാഷ്ട്രീയത്തില്‍ കാര്യമായ പ്രസക്തി ഇല്ലാത്തതിനാലാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാത്തത്.

അതേസമയം പിന്തുണ ആര്‍ക്കെന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍എസ്എസ് പരസ്യമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നതായി നിലപാട് സ്വീകരിച്ചിട്ടില്ല. സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാരിനോട് കടുത്ത വിയോജിപ്പിലെന്ന് പ്രസ്താവനകളും സാഹചര്യങ്ങളും വ്യക്തമാക്കുന്നു.

മുന്നണികള്‍ പ്രചാരണച്ചൂടില്‍; ദേശീയ നേതാക്കളുടെ പര്യടനം മൂര്‍ച്ച കൂട്ടി

സ്ഥാനാര്‍ഥികള്‍ പത്രികാസമര്‍പ്പണത്തിലേക്കു കടന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം വാശിയേറിയ ഘട്ടത്തിലേക്ക് കടന്നു. മറ്റ് പാര്‍ട്ടികളെക്കാള്‍ 20 ദിവസത്തോളം മുമ്പുതന്നെ സ്ഥാനാര്‍ഥികളെ അണിനിരത്തി ഇടതുമുന്നണി മേല്‍ക്കൈ നേടിയിരുന്നു. പ്രചാരണരംഗത്തും മുന്നില്‍ തന്നെ. സിപിഎമ്മിന്റെ ദേശീയ- സംസ്ഥാന നേതൃനിര ഏപ്രില്‍ ആദ്യം തന്നെ പ്രചാരണം ആരംഭിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തിരുവനന്തപുരത്തു പ്രചാരണത്തിന് തുടക്കമിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാഴ്ചത്തെ പര്യടനം ഏപ്രില്‍ ഒന്നിനു ചാലക്കുടിയില്‍ തുടങ്ങി. സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി അടക്കമുള്ള നേതാക്കളുമെത്തി. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടികള്‍ നാല്‍പതംഗ താരപ്രചാരകരുടെ പട്ടിക തയാറാക്കി. അതേസമയം സിപിഎമ്മിന്റെ താരപ്രചാരക പട്ടികയില്‍ നിന്നു കഴിഞ്ഞുപോയ തെരഞ്ഞെടുപ്പുകളിലെ തുറുപ്പു ചീട്ടായ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പുറത്തായി.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പര്യടന പരിപാടിക്ക് മാര്‍ച്ച് 30 ഓടെ തുടക്കമായി. 20 മണ്ഡലങ്ങളിലും ഇവര്‍ വിവിധ തലങ്ങളിലുള്ള യോഗങ്ങളില്‍ പങ്കെടുത്തു. സീറ്റ് നിഷേധിക്കപ്പെട്ട കെ.വി. തോമസ് ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തി പ്രചാരണത്തില്‍ സജീവമായി. വയനാട് രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതോടെ പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനായെത്തി. ആവേശത്തിന് അതിരുകളില്ലതായി. ഇതോടെ കേരള രാഷ്ട്രീയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. രണ്ടാം തവണ കേരളത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി അന്തരിച്ച കെ.എം. മാണിയുടെ വീട് സന്ദര്‍ശിച്ചു.

ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ നിര്യാണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്രത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത യാത്രയയപ്പാണ് അദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുസമൂഹവും ചേര്‍ന്ന് നല്‍കിയത്. ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ചികിത്സയെ തുടര്‍ന്നു ഒന്നര ആഴ്ച പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്നു. ഇടവേളയ്ക്കു ശേഷം ഏപ്രില്‍ 14 മുതല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായി. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി താഴെ വീണ് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനു പരുക്ക്. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. തരൂരിന്റെ തലയില്‍ ഇരുവശത്തുമായി ആറ് സ്റ്റിച്ച് ഇടേണ്ടി വന്നു. വീണ്ടും പ്രചാരണ രംഗത്ത് സജീവമായി.

ബിഡിജെഎസിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചതോടെ എന്‍ഡിഎയുടെ 20 പേരും മാര്‍ച്ച് 26 ഓടെ നിരന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നില്‍ കൂടുതല്‍ റാലികളില്‍ എന്‍ഡിഎയ്ക്കുവേണ്ടി വോട്ടു തേടി എത്തി. ബിജെപി പ്രസിഡന്റ് അമിത് ഷായും പ്രചാരണത്തിനായി എത്തി. രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി എന്നിവരും ഏപ്രില്‍ 10നു ശേഷം എത്തി. കന്നി സീറ്റിനായി ശക്തമായ പ്രചാരണം തന്നെ നടന്നു. രണ്ടു മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കി വിജയ സാധ്യത നിലനിര്‍ത്തുന്നു.

എംപിയാകാന്‍ 9 എംഎല്‍എമാര്‍:

ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍. അടൂര്‍ പ്രകാശും ഹൈബി ഈഡനും മുരളീധരനും. എല്‍ഡിഎഫില്‍ 6 എംഎല്‍എമാര്‍ രംഗത്തുണ്ട്. സി. ദിവാകരന്‍, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, എ.എം. ആരിഫ്, പി.വി. അന്‍വര്‍, എ. പ്രദീപ്കുമാര്‍ എന്നിവര്‍. ഫലത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ മത്സരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണിത്. മുന്‍പ് ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ മത്സരിച്ചത് 1952, 2009 തിരഞ്ഞെടുപ്പുകളിലാണ് 3 വീതം.

പ്രസിദ്ധമായ മണ്ഡലങ്ങള്‍:

വയനാട്, ആലത്തൂര്‍, മണ്ഡലങ്ങളാണ് ഇത്തവണ പ്രചാരണ ചൂടിലും വിവാദത്തിലും പ്രസിദ്ധമായത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും വിവാദങ്ങളുമാണ് വയനാട് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആലത്തൂര്‍ വിവാദം കൊണ്ടും പ്രചാരണ ചൂടുകൊണ്ടും ഒരു യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് മണ്ഡലമായി മാറി. എല്‍ഡിഎഫ് സ്വാധീന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ യുവ വനിതാ സ്ഥാനാര്‍ത്ഥി പാട്ടും പാടി ആളുകളെ കൈയിലെടുത്തതോടെയാണ് പ്രചാരണത്തിന്റെ സ്വഭാവം തന്നെ മാറിയത്. ഒപ്പം എം. വിജയരാഘവന്റെ വിവാദ പ്രസ്താവനയും ചൂടുപിടിച്ചു.

ത്രികോണ മത്സരം:

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഈ മണ്ഡലങ്ങളില്‍ വിജയം ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതം.

പ്രചാരണത്തിലെ അബദ്ധം, കൗതുകങ്ങള്‍:

‘എനിക്ക് വോട്ടു ചെയ്യണം’; മണ്ഡലം മാറി വോട്ടു ചോദിച്ച് കണ്ണന്താനം: എറണാകുളം മണ്ഡലമാണെന്ന് കരുതി ചാലക്കുടി ലോക്‌സഭാ പരിധിയില്‍പ്പെടുന്ന ആലുവയില്‍ വോട്ടഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ആലുവ ചാലക്കുടി മണ്ഡലത്തിലാണെന്ന് പ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തിയപ്പോഴാണ് മന്ത്രി അബദ്ധം തിരിച്ചറിയുന്നത്.

പരിഭാഷകന്‍ പരിഹാസ കഥാപാത്രമായി മാറുന്നത് ഈ അടുത്തകാലത്തായി സ്ഥിരം സംഭവമാണ്. എന്നാല്‍ ഇത്തവണ ഈ കഥാപാത്രമായത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ പി.ജെ. കുര്യനാണ്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ കുര്യന് തുടക്കം മുതല്‍ പിഴച്ചു. തൊട്ടടുത്ത് നിന്ന് പ്രസംഗിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്നതാണ് കുര്യന്റെ നിലപാട്.

കെ. സുധാകരന്റെ വിവാദ പരസ്യം: ഒന്നിനു പുറകെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിലും കെ. സുധാകരന്‍ സ്വന്തം വാരിക്കുഴി തീര്‍ത്തു. സുധാകരന്റെ പ്രചാരണ പരസ്യം സ്ത്രീത്വത്തെ ആകെ അപമാനിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നു. പരസ്യം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. നേരത്തെ ഇറച്ചിവെട്ടുന്നയാളെ തൊഴിലിന്റെ പേരില്‍ ആക്ഷേപിച്ചെന്ന പരാതി സുധാകരന്റെ മറ്റൊരു പ്രചാരണ പരസ്യത്തിനെതിരെ ഉയര്‍ന്നിരുന്നു.

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന മൂന്നാമത്തെ ഗാന്ധി കുടുംബാംഗം: വയനാട് സ്ഥാനാര്‍ഥിത്വത്തോടെ ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന മൂന്നാമത്തെ ഗാന്ധി കുടുംബാംഗമായി രാഹുല്‍ ഗാന്ധി. കേരളത്തില്‍ മല്‍സരിക്കുന്ന ആദ്യ ഗാന്ധി കുടുംബാംഗവും. മുന്‍പ് ഇന്ദിര ഗാന്ധിയും സോണിയ ഗാന്ധിയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മല്‍സരിച്ചിട്ടുണ്ട്.

 

You must be logged in to post a comment Login