തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആര്‍എസ്എസ് പ്രകടിപ്പിക്കുന്ന അപ്രമാദിത്തത്തില്‍ അതൃപ്തരായി ബിജെപി സംസ്ഥാന ഘടകം; ആര്‍എസ്എസിന്റെ പിന്നാലെ പോകേണ്ടിവരുന്ന അവസ്ഥ സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണെന്ന വിമര്‍ശനം ശക്തം

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്നതോടെ മുന്‍പെങ്ങുമില്ലാത്ത വിധം ആശയക്കുഴപ്പത്തിലും അന്തര്‍ സംഘര്‍ഷത്തിലുമാണ് ബിജെപി സംസ്ഥാന ഘടകം. കോര്‍കമ്മിറ്റിയോഗം നാളെ തൃശ്ശൂരില്‍ ചേരും. സംസ്ഥാന ഭാരവാഹിയോഗവും ലോക്‌സഭാ മണ്ഡലം ചുമതലക്കാരുടെ യോഗവുമെല്ലാം കൂടെയുണ്ട്. ശബരിമല സമരത്തെ തുടര്‍ന്നിങ്ങോട്ട് മുന്‍പെങ്ങുമില്ലാത്ത വിധം ബിജെപി സംസ്ഥാന ഘടകത്തിന് മേല്‍ ആര്‍എസ്എസ് പിടിമുറുക്കി.

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ആര്‍എസ്എസിന്റെ അഭിപ്രായം കണക്കിലെടുക്കുന്ന പതിവ് ബിജെപിക്കുണ്ട്. പക്ഷെ ഇത്തവണ ഒരു പടി കൂടി കടന്ന് കടിഞ്ഞാണ്‍ മുഴുവന്‍ ആര്‍എസ്എസ് ഏറ്റെടുത്ത് കഴിഞ്ഞു. അതേസമയം വി മുരളീധരപക്ഷം സമരവുമായി സഹകരിച്ചില്ലെന്ന വിമര്‍ശനം കോര്‍കമ്മിറ്റിയിലും ഭാരവാഹി യോഗത്തിലുമെല്ലാം ശ്രീധരന്‍ പിള്ളയെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുമെന്ന് ഉറപ്പ്. കാര്യമെന്തായാലും വലിയ തമ്മില്‍ തല്ല് ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥി സാധ്യതയും അനുകൂല ഘകങ്ങളും വിലയിരുത്താന്‍ പ്രത്യേക സംവിധാനം ഇതിനകം തന്നെ ആര്‍എസ്എസ് രൂപപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ആര്‍എസ്എസ് തയ്യാറാക്കുന്ന ലിസ്റ്റ് പരിഗണിക്കാന്‍ അതുകൊണ്ടു തന്നെ ബിജെപി നേതൃത്വം നിര്‍ബന്ധിതരാകും. ആര്‍എസ്എസിന് പിന്നാലെ പോകേണ്ടിവരുന്ന അവസ്ഥ സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണെന്ന വിമര്‍ശനം ബിജെപിക്കകത്തും ശക്തമാണ്. ശബരിമല സമരം ബിജെപി തുടങ്ങി വച്ചെങ്കിലും അത് കര്‍മ്മസമിതി ഹൈജാക്ക് ചെയ്തു. അയ്യപ്പ സംഗമത്തിന്റെ വേദിയില്‍ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള അടക്കം ബിജെപി നേതാക്കള്‍ക്കാര്‍ക്കും ഇരിപ്പിടം പോലും കിട്ടിയില്ല, തുടക്കത്തില്‍ സമരം ഏറ്റെടുത്ത ബിജെപിക്ക് അതിന്റെ തുടര്‍ച്ച നിലനിര്‍ത്താനാകാത്തതിന് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് വി മുരളീധര പക്ഷം പറയുന്നത്.

കെ സുരേന്ദ്രന്റെ അറസ്റ്റിന് ശേഷം ശബരിമല സമരം മലയിറങ്ങിയപ്പോള്‍ മുതല്‍ അവസരമെല്ലാം പിഎസ് ശ്രീധരന്‍ പിള്ള പിടിപ്പുകേടുകൊണ്ട് മാത്രം കളഞ്ഞുകുളിച്ചെന്ന ആക്ഷേപവും ശക്തമാണ്. ആശയക്കുഴപ്പം പരിഹരിക്കാന്‍ നേതൃതലത്തില്‍ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഏറ്റെടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയുണ്ടായി. എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായ സമരത്തിന്റെ സമാപനത്തിന് ആളെ കൂട്ടാന്‍ പോലും ബുദ്ധിമുട്ടിയത് നാണക്കേടായെന്ന കടുത്ത വിമര്‍ശനവും ശ്രീധരന്‍പിള്ള വിരുദ്ധ പക്ഷത്തിനുണ്ട്.

അടിക്കടി പ്രഖ്യാപിച്ച ഹര്‍ത്താലുകളും അക്രമങ്ങളും മാധ്യമവിലക്കും എല്ലാം തിരിച്ചടിയായെന്ന വിലയിരുത്തലാണ് വലിയൊരു വിഭാഗത്തിന് ഉള്ളത്. മികച്ച അവസരം ഉണ്ടായിട്ടും ബിജെപിക്ക് അത് ഫലപ്രദമായി ഉപയോഗിക്കാനാകാത്തത് കോര്‍കമ്മിറ്റിയോഗത്തിലടക്കം പിഎസ് ശ്രീധരന്‍ പിള്ളയെ കാത്തിരിക്കുന്ന കുറ്റപത്രമാണ്. ഒപ്പം ആര്‍എസ്എസ് കുരുക്കിനെ മറികടന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയവും സംസ്ഥാന ബിജെപിക്ക് തലവേദനയുണ്ടാക്കും

You must be logged in to post a comment Login