തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടത്തണോയെന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ഒന്‍പത് മാസം കാലാവധി ശേഷിക്കെ നിയമസഭ പിരിച്ചുവിട്ടതിനു പിന്നാലെ എന്നു തിരഞ്ഞെടുപ്പ് നടക്കുമെന്നതിനെച്ചൊല്ലി തെലങ്കാനയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം നവംബറില്‍ വോട്ടെടുപ്പ് നടത്താനാണ് കാവല്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആര്‍എസ്) പദ്ധതി. എന്നാല്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പറയുന്നു.

‘നാലു സംസ്ഥാനങ്ങളുടെ കൂടെ തെലങ്കാനയിലും തിരഞ്ഞെടുപ്പ് നടത്തണോയെന്ന കാര്യം ഞങ്ങള്‍ പരിശോധിക്കും. ഇതിനിടെ തിരഞ്ഞെടുപ്പ് തിയതിയെപ്പറ്റി ആരെങ്കിലും ജ്യോതിഷ പ്രവചനം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ഞങ്ങള്‍ക്കു പങ്കില്ല’ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി.റാവത്ത് എഎന്‍ഐയോട് പറഞ്ഞു. എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം കൂടാറുണ്ട്. ഇന്നത്തെ യോഗത്തില്‍ തെലങ്കാന വിഷയം ചര്‍ച്ചയാകുമെന്നാണ് അറിയുന്നത്.

ആഘോഷങ്ങള്‍, പരീക്ഷകള്‍, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചേ അന്തിമ തീരുമാനമുണ്ടാകൂ. അതേസമയം, നവംബറില്‍ മറ്റു നാലു സംസ്ഥാനങ്ങള്‍ക്കൊപ്പം തെലങ്കാന തിരഞ്ഞെടുപ്പിനു സാധ്യതയില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 2019 ജൂണ്‍ വരെയായിരുന്നു കെ.ചന്ദ്രശേഖര റാവു എന്ന കെസിആര്‍ സര്‍ക്കാരിന്റെ കാലാവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങളില്‍ മുങ്ങിപ്പോകാതിരിക്കാനാണ് കെസിആര്‍ നിയമസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

ഇതിനു മുന്‍പും അപ്രതീക്ഷിത നീക്കങ്ങള്‍ക്കു പേരുകേട്ടയാളാണു കെസിആര്‍. ഒന്നാം യുപിഎയുടെ കാലത്ത് (2008) പാര്‍ട്ടിയുടെ നാല് എംപിമാരെയും 16 എംഎല്‍എമാരെയും ഒരു സുപ്രഭാതത്തില്‍ രാജിവയ്പിച്ചാണു റാവു തെലങ്കാന പ്രക്ഷോഭം ശക്തമാക്കിയത്; ഇടക്കാല തിരഞ്ഞെടുപ്പില്‍ താല്‍ക്കാലിക തിരിച്ചടിയുണ്ടായെങ്കിലും. 2009ല്‍ ഡല്‍ഹിയില്‍ തണുപ്പുകാലമായപ്പോഴേയ്ക്കു തെലങ്കാന സമരം വീണ്ടും തണുത്തു. മരണം വരെ നിരാഹാരം പ്രഖ്യാപിച്ച റാവു കിടക്ക വിട്ടെണീറ്റത് ആന്ധ്ര വിഭജിച്ചു തെലങ്കാനയ്ക്കു രൂപം നല്‍കുമെന്ന ഉറപ്പുമായാണ്.

റാവുവിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണ്. 2008ലെ കൂട്ടരാജിക്കു മുമ്പും ‘ഒന്നാം നമ്പര്‍ വില്ലന്‍’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചതു കോണ്‍ഗ്രസിനെയാണ്. തന്റെയും ടിആര്‍എസിന്റെയും നിലനില്‍പിനു പ്രധാന ഭീഷണിയായി അദ്ദേഹം ഇന്നും കാണുന്നത്, തെലങ്കാനയില്‍ ബിജെപിയെക്കാള്‍ വേരുകളുള്ള കോണ്‍ഗ്രസിനെത്തന്നെ. ‘കോണ്‍ഗ്രസിനെ ചതിച്ചാല്‍ പുണ്യം കിട്ടും’ എന്നായിരുന്നു തെലങ്കാനയ്ക്കു മുമ്പും പിമ്പും റാവുവിന്റെ നിലപാട്.

രാഹുല്‍ ഗാന്ധിയെ കോമാളിയെന്നു പരിഹസിച്ചതിലൂടെ മുഖ്യ എതിരാളിയെ കയ്യകലത്തു നിര്‍ത്തുകയാണു റാവു. കോണ്‍ഗ്രസിനോട് ആഭിമുഖ്യം പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിക്കു നിലനില്‍പില്ലാതാകും. അതേസമയം, സംസ്ഥാനത്തു താരതമ്യേന അശക്തരായ ബിജെപിയോടു പരോക്ഷസ്‌നേഹം പ്രകടിപ്പിക്കുകയാവാം എന്നാണു ലൈന്‍. മമതയോടൊപ്പം ചേര്‍ന്നുള്ള ‘ഫെഡറല്‍ ഫ്രണ്ട്’ മുടന്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതൊരു ദീര്‍ഘകാല നിക്ഷേപവുമാകും. ഇതിനിടെ വരാനിരിക്കുന്ന തിര!ഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് വ്യക്തമാക്കിയ ടിആര്‍എസ്, 105 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചു.

You must be logged in to post a comment Login