തേന്‍ മുനമ്പിലെ അവസാന പോരാളി

വീണാദേവി മീനാക്ഷി

 

അന്തരീക്ഷത്തില്‍ മൂന്നൂറ് അടിയോളം ഉയരത്തില്‍ തങ്ങിനിന്നുകൊണ്ട് മൗലിധന്‍ മുകളിലേക്ക് നോക്കി. കുറച്ചുയരെ വശത്തായി കരിങ്കല്‍പ്പാളിയുടെ അറ്റത്ത് ഹിമാലയന്‍ തേനീച്ചകള്‍ തീര്‍ത്ത കരിമ്പടം പുതച്ച കനകനിറമുള്ള അര്‍ദ്ധചന്ദ്രന്‍മാര്‍ തൂങ്ങി നില്‍ക്കുന്നു. ഓരോന്നിലും ലിറ്റര്‍ കണക്കിന് തേന്‍ നിറഞ്ഞിരിക്കുകയാണ്.

നേപ്പാളിലെ കുളുങ്ങ് അഥവാ ഗുരുങ് വംശജര്‍ ടിബറ്റില്‍ നിന്നും വന്നവരാണ്. നൂറ്റാണ്ടുകളായി കുളുങുകള്‍ പുറം ലോകത്തു നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന സമൂഹമാണ്. ഹിമാലയത്തിലെ അന്നപൂര്‍ണ്ണ പര്‍വ്വതനിരകളുടെ അറ്റത്ത് സ്ഥിതിചെയ്യുന്ന തേന്‍ മുനമ്പുകള്‍ക്ക് എതിര്‍വശത്തായി ഹോംഗുനദിയുടെ മറുകരയിലാണ് സദ്ദി എന്നുപേരുള്ള വനത്താല്‍ ചുറ്റപ്പെട്ട ഗ്രാമം. പര്‍വ്വതാരോഹകര്‍ക്കു പ്രിയംകരമായ ഖുംമ്പു ട്രെക്കിങ്ങിനു മാത്രമാണ് സദ്ദിഗ്രാമം വഴി സന്ദര്‍ശകര്‍ എത്തുക. എങ്കില്‍പ്പോലും വനത്തിന്റെ ഭൂരിഭാഗവും ഇനിയും മനുഷ്യഗന്ധം ഏറ്റിട്ടില്ലാത്തതാണ്.

ഒരു പുരാതന പൈതൃകത്തിന്റെ അവസാന കണ്ണിയാണ് സദ്ദിഗ്രാമവാസിയായ മൗലിധന്‍. ഈ അമ്പത്തിയേഴുകാരന്‍ എന്തുകൊണ്ടാണ് ഒരപൂര്‍വ്വതയുടെ അവസാന കണ്ണിയാവുന്നത്. ഒന്നാമത്തെ കാരണം, ഈ തേന്‍ ശേഖരണം ഒരു നിയോഗമാണെന്ന് കുളുങ് വംശജര്‍ വിശ്വസിക്കുന്നു.അതിന്റെ വിശദാംശങ്ങള്‍ അവര്‍ ആരാധിക്കുന്ന ‘രംഗ്‌കെമി ‘എന്ന വനത്തിന്റെ കാവല്‍ ദേവതയില്‍ നിന്നുമാണ് തുടങ്ങുന്നത്. തേനീച്ചകളുടെയും കുരങ്ങുകളുടെയും കാവല്‍ മാലാഖയാണിത് മാത്രവുമല്ല, മനുഷ്യര്‍ക്ക് ചെന്നുപറ്റാന്‍ കഴിയാത്ത അപകട മേഖലകളുടെ അധിപതിയും രംഗ്‌കെമിയത്രെ. ഈ ദേവതയുടെ നിയോഗത്താല്‍ കുളുങ് വംശക്കാര്‍ വെറും കയ്യാല്‍ ഈ പ്രത്യേക തേന്‍ കൂടുകള്‍ സ്പര്‍ശിക്കുവാനും എടുക്കുവാനും അര്‍ഹരാകുന്നു എന്നാണ് കരുതപ്പെടുന്നത്. അതിനായി ഇവര്‍ പിന്തുടരുന്ന മാറ്റമില്ലാത്ത പരമ്പരാഗത രീതികളുമുണ്ട്. നേപ്പാളില്‍ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ച് തേന്‍ ശേഖരിക്കുന്നവരില്‍ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നത് ഈ ഒരു കാരണമാണ്. തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുവാനുള്ള വലയോ, പ്രത്യേക വസ്ത്രങ്ങളോ ഇല്ലാതെ കുളുങുകള്‍ അതിസാഹസികമായി തേന്‍ ശേഖരിക്കുന്നു.

ഇപ്പോഴത്തെ തേന്‍വേട്ടക്കാരന്‍ മൗലിക്ക് പതിനഞ്ചാം വയസ്സില്‍ ഒരു സ്വപ്‌ന ദര്‍ശനമുണ്ടായി. ആ സ്വപ്‌നം കാരണവന്‍മാര്‍ നിര്‍വ്വചിച്ചതനുസരിച്ച് മുനമ്പുകളിലും വനാന്തരങ്ങളിലും അപായം കൂടാതെ ചെന്നെത്തുവാന്‍ വനദേവതയായ രംഗ്‌കെമിയുടെ അനുഗ്രഹവും അനുവാദവും അവനു ലഭിച്ചിരിക്കുന്നു എന്നതായിരുന്നു. ആ അനുജ്ഞ അന്ന് മൗലി ശിരസാവഹിച്ചു. അത്യധികം അപകടവും കാഠിന്യവും നിറഞ്ഞ ചുമതല അന്നുമുതല്‍ ഇപ്പോള്‍ വരെ ഓരോ വര്‍ഷവും ഓരോ വസന്തകാലവും ശരത്കാലവും അവസാനിക്കുമ്പോള്‍ മൗലിധനിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം, പൂര്‍വ്വികര്‍ ചെന്നെത്തിയ അതേ മുനമ്പുകളില്‍ എത്തി തേന്‍കൂടുകള്‍ ശേഖരിച്ചു പോരുന്നു.

തേനീച്ചകളില്‍ വച്ച് ഏറ്റവും വലിയ ഇനമായ ഹിമാലയന്‍ തേനീച്ചകള്‍ (എപിസ് ഡോര്‍സറ്റ ലബോറിയോസ എന്നാണ് ഇതിന്റെ ശാസ്ത്രനാമം) ആണ് ഹോംഗുനദിയുടെ അപ്പുറത്തുള്ള തേന്‍ മുനമ്പുകളില്‍ കൂടുകൂട്ടി തേന്‍ ശേഖരിക്കുന്നത്. സീസണ്‍ അനുസരിച്ച് ഇവ ശേഖരിക്കുന്ന തേനിന്റെ രാസഘടന വ്യത്യസ്തമായിരിക്കും.

വസന്തത്തില്‍ ഉള്‍വനത്തില്‍ ധാരാളമായി പൂവിടുന്ന വിവിധതരം റോഡോഡെന്‍ ഡ്രോണ്‍ വൃക്ഷങ്ങളില്‍ നിന്നാണ് തേന്‍ ശേഖരിക്കുന്നതെങ്കില്‍ ശരത്കാലത്ത് താരതമ്യേന ചെറുപൂച്ചെടികളില്‍ നിന്നുമാണ്. ഗ്രയാനോടോക്‌സിന്‍ എന്ന മാരകമായ രാസവസ്തു അടങ്ങിയ റോഡോഡെന്‍ഡ്രോണുകൡ നിന്നുള്ള തേനിന് ‘അബിസിന്ത് ‘എന്ന എന്ന ആല്‍ക്കഹോളിനു തുല്യമായ ലഹരിയുണ്ടാക്കുവാനുള്ള ശേഷിയുണ്ട്. ചെറിയ അളവുകളില്‍ അത്ഭുതകരമായ രോഗപ്രതിരോധശേഷിക്കുതകുന്ന മരുന്നായ് ഉപയോഗിക്കാം. ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ വന്‍വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നത് കാമസംവര്‍ദ്ധക ഔഷധമായിട്ടാണ്. രേേണ്ടാ മൂന്നോ ചെറിയ സ്പൂണ്‍ അളവില്‍ കൂടുതല്‍ കഴിച്ചാല്‍ അത് നാഢീവ്യവസ്ഥയെ തന്നെ തകരാറിലാക്കുകയും മാനസിക വിഭ്രാന്തി ഉണ്ടാക്കുകയും ചെയ്യും. ചിലപ്പോള്‍ മരണം പോലും സംഭവിച്ചേക്കാം. ഇത്രയേറെ പ്രത്യേകതകളുള്ള ഈ അപൂര്‍വ്വ വനവിഭവം ശേഖരിക്കുന്നതോ അത്രതന്നെ ആചാരനിഷ്ഠകളോടെ എന്നതാണ് വാസ്തവം.
തേന്‍ ശേഖരിക്കുന്നതിന് മുന്‍പടിയായി ഗ്രാമത്തിലെ മന്ത്രവാദിയുടെ നേതൃത്വത്തില്‍ വനാന്തരത്തിലേക്കു പോയി തേന്‍ മുനമ്പുകള്‍ നോക്കിയാല്‍ കാണാവുന്ന ഇടത്ത് പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ചെയ്യുന്നു. മൗലിയും പ്രധാന സഹായിയായ അന്ധനും മറ്റു കുട്ടാൡകളും ഈ പൂജയില്‍ പങ്കെടുക്കുവാനുണ്ടാകും. മുളംകാലുകള്‍ ചുറ്റും നാട്ടി അതില്‍ വെള്ളനൂല്‍ ചുറ്റിയുണ്ടാക്കിയ വേലിക്കുള്ളിലാണ് പൂജ. രണ്ടു വാഴയിലകളിലായി ചോളം, പയര്‍, അരി, ഇവ ഒരുക്കി വയ്ക്കും. വെണ്ണയില്‍ കുതിര്‍ത്ത തിരികള്‍ കൊളുത്തി വനദേവതകളായ രംഗ്‌കെമിയെയും ബനസ്‌കന്ദിയെയും ആരാധിക്കും. മന്ത്രജപവും അനുഷ്ഠാന നൃത്തവും തീര്‍ത്ഥം തളിയ്ക്കലും കഴിഞ്ഞ് ഒരു കോഴിയെ അറുത്ത് അതിന്റെ രക്തം തര്‍പ്പിക്കും. അവസാനം ശുഭശകുനമാണോയെന്ന് ഒരു കോഴിമുട്ട പിളര്‍ന്ന് ലക്ഷണം നോക്കും. ഈ പ്രാര്‍ത്ഥനകള്‍ ചെറിയ തോതില്‍ മുനമ്പിനു താഴെ ചെല്ലുമ്പോഴും ആവര്‍ത്തിക്കും. വനത്തിന് ഒരാത്മാവുണ്ടെന്ന് ഇവര്‍ കരുതുന്നു. അതുകൊണ്ടുതന്നെ ഒരു സംവേദനം സാധ്യമാക്കുന്ന ധൈര്യവും അനുഗ്രഹവും അവര്‍ ഉറപ്പിച്ചുവരുത്തുകയാണ്. ‘ഞാന്‍ ആരുമല്ല, ദേവതയാല്‍ നിശ്ചയിക്കപ്പെട്ട ഒരു മണ്‍ പ്രതിമ മാത്രം. ‘മൗലി പറയുന്നു.

മുള ചീന്തിയെടുത്ത കട്ടിയുള്ള നാരുകള്‍ പിരിച്ചു ചേര്‍ത്താണ് ഏണിക്കുവേണ്ട കയര്‍ ഉണ്ടാക്കുക. മൂന്നൂറടിയിലേറെ നീളമുണ്ടാകും ഈ ഏണിക്ക് കയറിന്റെ പിരിച്ച കണ്ണികള്‍ക്കിടയില്‍ ബലമുള്ള കമ്പുകള്‍ തിരുകി കെട്ടിയുറപ്പിച്ച് ഏണിപ്പടികള്‍ ഉണ്ടാക്കുന്നു. തേന്‍ മുനമ്പുകള്‍ ലക്ഷ്യമാക്കി നീങ്ങുന്ന സംഘത്തിന്റെ ചുമലില്‍ ഏണികൂടാതെ തേന്‍ ശേഖരിക്കുവാനും അരിച്ചെടുക്കുവാനുമുള്ള പാത്രങ്ങള്‍, ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍ അരി എന്നിവ ഉണ്ടാകും. മുനമ്പിന്റെ മുകൡ ഭദ്രമായി ഉറപ്പിക്കുന്ന ഏണിയിലൂടെ താഴേക്കിറങ്ങി പാറയുടെ വശങ്ങളില്‍ അള്ളിപ്പിടിച്ചു നീങ്ങി അറ്റം കൂര്‍പ്പിച്ച മുളകൊണ്ട് തേന്‍കൂട് കൊരുത്തുപിടിക്കുന്നു. ഇരുപത്തിയഞ്ച് അടിയോളം നീളമുള്ള രണ്ടു മുളകള്‍കൊണ്ടാണ് ഇതു ചെയ്യുന്നത്. ഒരുമുള കക്ഷത്തിലിറുക്കി തേന്‍കൂട് കോര്‍ത്ത് മറുകയ്യാല്‍ രണ്ടാമത്തെ മുളകൊണ്ട് അതിനെ സാവകാശം മുറിക്കുന്നു. കയ്യിലുള്ള പുകയുന്ന പച്ചിലക്കെട്ടുകൊണ്ട് വീശി തേനീച്ചക്കൂട്ടത്തെ അകറ്റിയാണ് തേന്‍കൂട് അറുത്തെടുക്കുന്നത്. ഇതേസമയം മുനമ്പിന്റെ താഴ്ഭാഗത്തുനിന്നും കൂട്ടാളികള്‍ പച്ചിലക്കെട്ടുകള്‍ കൂട്ടിയിട്ട് പുകയ്ക്കുന്നുണ്ടാവും.

തേന്‍കൂടുകള്‍ മുറിച്ചെടുക്കുവാന്‍ വരുന്നത് ഈ പ്രാണികള്‍ തിരിച്ചറിയും എന്ന രസകരമായ അനുഭവസാക്ഷ്യം കൂടി മൗലിക്ക് പറയുവാനുണ്ട്. കമ്പനം കൊള്ളുന്ന വലിയ അരിപ്പയിലൂടെ എന്നപോലെ അലകളായി തേനിച്ചക്കൂട്ടങ്ങള്‍ വരികയും പോവുകയും ചെയ്യും. എന്നാല്‍ അവയെ നേരിടാവന്‍ നിര്‍ഭയമായിരിക്കുക എന്നതു മാത്രമാണ് പോംവഴി. ഭയംതിരിച്ചറിയുകയും കൂട്ടമായി ആക്രമിക്കുകയും ചെയ്യുമെന്ന് ഇവര്‍ക്കറിയാം. എങ്കിലും ഓരോ തേന്‍ വട്ടയിലും മൗലിക്ക് തേനീച്ചകുത്തുകള്‍ ഏല്‍ക്കാറുണ്ട്.
മൗലിധന്‍ പ്രാര്‍ത്ഥന ചൊല്ലുകയാണ്.
‘അവിടുന്ന് രംഗ്‌കെമിയാണല്ലോ
അവിടുന്ന് തേനീച്ചകളുടെ ദേവതയാണല്ലോ
ഞങ്ങള്‍ കള്ളന്‍മാരല്ല
ഞങ്ങള്‍ കൊള്ളക്കാരല്ല
ഞങ്ങള്‍ കാരണവര്‍ക്കൊപ്പമാണ്
ദയവുചെയ്ത് പറന്നുപോകൂ, ദയവു ചെയ്ത്
കൂടുപേക്ഷിക്കൂ.’
ചെന്തേന്‍, ഭ്രാന്തിന്റെ തേന്‍ എന്നെല്ലാം അറിയപ്പെടുന്ന ഈ മാസ്മരിക മധുരം ഓരോ തേന്‍കൂടിലും ലിറ്റര്‍ കണക്കിനുണ്ടാകും. മൗലിധനിന് ഒപ്പമാണ് വനത്തിന്റെ ആത്മാവെന്ന് തോന്നുംവിധം, അയാള്‍ തേനീച്ചകളെ പച്ചിലത്തുമ്പുകൊണ്ട് തുടച്ചു വീഴ്ത്തുന്നു.കൂറ്റന്‍ കൂട് അറുത്ത് കയറില്‍ കെട്ടിയ ബക്കറ്റില്‍ വയ്ക്കുന്നു. മുറിഞ്ഞ തേന്‍ കൂട്ടില്‍ നിന്നും തേന്‍മഴയും, ചത്ത ഈച്ചകളും പൊഴിയുന്നുണ്ട്.

അതീവ സാഹസികമായ തേനെടുപ്പായിരുന്നു അത്. ഏണിയില്‍ നിന്നും കുറച്ചു ദൂരത്തു മാറിയാണ് തേനീച്ചകൂടുകള്‍. ചെങ്കുത്തായ പാറക്കൂട്ടങ്ങള്‍ക്കു താഴെ മണ്‍സൂണ്‍ മഴക്കാലത്തെ പതഞ്ഞൊഴുകുന്ന ഹൊംഗു നദിയുടെ അഗാധതാഴ്‌വര. മൗലി കാല്‍വക്കാന്‍ മാത്രം സ്ഥലമുള്ള ഒരു പാറയിടുക്കില്‍ അള്ളിപ്പിടിച്ചു കയറിനിന്നു. ഏണിയില്‍ നിന്നും പിടിവിട്ടു. കൂടെ കൂട്ടുകാരന്‍ അന്ധനും കയറി. അവര്‍ ഇഞ്ചിഞ്ചായി തേന്‍കൂടിനു നേരെ നീങ്ങി. പത്തടിയോളം അകലത്തെത്തിയപ്പോള്‍ കയ്യിലെ പച്ചിലപ്പുകക്കമ്പ് നീട്ടി കൂടിനെപ്പൊതിഞ്ഞ ഈച്ചക്കൂട്ടത്തെ തുടച്ചു താഴെയിട്ടു. നീളന്‍ മുളന്തണ്ടുകള്‍ കൊണ്ട് തേന്‍കൂട് അറുത്ത് അന്ധന് കൈമാറി. ഒരു വട്ടമേശയുടെ പകുതിയോളം പോന്ന വലിയ തേന്‍കൂട്. ഇനി തിരിച്ച് പാറയുടെ വക്കുകള്‍ പിടിച്ച് മടക്കം. ഒരു ചെറിയ തെന്നല്‍ മരണത്തിലേക്കാണ് എന്നിട്ടും.

ശേഖരിക്കുന്ന തേന്‍, കാഠ്മണ്ഡു വഴിയാണ് വിദേശത്തേക്കു പോകുന്നത്. കണക്കുകള്‍ പ്രകാരം കിലോവിന് 16000 രൂപമുതല്‍ 18000 രൂപവരെ വില വരും. വിദേശ മാര്‍ക്കറ്റില്‍ ചിലപ്പോള്‍ ഇതിലും അധികമാവും വില. തേന്മെഴുക്, ഉരുക്കി കരടുകളഞ്ഞ് കട്ടകളാക്കി ദേവീദേവന്മാരുടെ പ്രതിമകള്‍ ഉണ്ടാക്കുവാന്‍ കരുക്കളായി ഉപയോഗിക്കുന്നു.

മൗലിധന്‍,പുല്ലുമേഞ്ഞ തന്റെ ഒറ്റമുറിപ്പുരയില്‍ ഇരിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടുതവണയായി നടക്കുന്ന തേന്‍വേട്ട അദ്ദേഹത്തിന്റെ ജീവിതത്തില്‍ സാമ്പത്തികനേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. മക്കളും ചെറുമക്കളും അടങ്ങുന്ന ഒരു വലിയ കുടുംബം ജീവിച്ചുപോകുന്നു അത്രമാത്രം. പുതിയ തലമുറയിലുള്ളവര്‍ക്ക് ഈ പാരമ്പര്യം നിസ്സാരവും അനാകര്‍ഷകവുമാണ്. മൗലിയെ ക്ഷീണം ബാധിച്ചിരിക്കുന്നു. പക്ഷെ ദാരിദ്ര്യം, പകരം ആരുമില്ല എന്നീ അവസ്ഥകള്‍കൊണ്ട് വീണ്ടും തേന്‍ മുനമ്പുകള്‍ തേടിപ്പോകാന്‍ നിര്‍ബന്ധിതനാവുകയാണ്.

മൗലിധനിന്റെ സഹായി അന്ധന്‍ കുളുങ് ആരോഗ്യദൃഢഗാത്രനായ ചെറുപ്പക്കാരനാണ്. പതിനഞ്ചുവര്‍ഷമായി മൗലിയോടൊപ്പം തേന്‍ ശേഖരണത്തിന് പ്രധാന സഹായിയായി അയാള്‍ കൂടെയുണ്ട്. എന്നാല്‍ അന്ധനിന് ഇനിയും സ്വപ്നദര്‍ശനമുണ്ടായിട്ടില്ല.. അതുകൊണ്ട് കുളുങ് വിശ്വാസമനുസരിച്ച് അയാള്‍ തേന്‍കൂടുകള്‍ അറുക്കുന്നതിനു മുമ്പ് അവയില്‍ ഒരിക്കലും സ്പര്‍ശിച്ചിട്ടില്ല. അത് മൗലി മാത്രം നിയോഗത്താല്‍ ചെയ്യേണ്ടുന്ന ഒന്നാണ് തനിക്കും തേന്‍കൂടുകള്‍ എടുക്കുവാന്‍ കഴിയും എന്നാത്മവിശ്വാസം അന്ധനിന്നുണ്ട്. പക്ഷെ സ്വപ്‌നദര്‍ശനത്താല്‍ താന്‍ നിയോഗിക്കപ്പെട്ടിട്ടില്ല എന്നത് ഭയപ്പെടുത്തുകയും ചെയ്യുന്നു. മൂന്നും പിന്നും നോക്കാതെ തേന്‍വേട്ടയ്ക്ക് പുറപ്പെട്ടവര്‍ എല്ലാവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുരന്തങ്ങളുണ്ടായി എന്നത് അന്ധനിനെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

രൂഢമൂലമായ വിശ്വാസങ്ങളായാലും ഭൂമി ശാസ്ത്രപരമായും ഒറ്റപ്പെട്ട സദ്ദിഗ്രാമത്തിലെ കുളുങ് വംശജര്‍ സാവകാശം കാഠ്മണ്ഡുവിലെ നാഗരിക ജീവിതത്തിലേക്ക് ആകൃഷ്ടരാവുകയും ചെയ്യുന്നതായി പുതു തലമുറയുടെ രീതികള്‍ പറയുന്നു. സദ്ദിയില്‍ ഇന്റര്‍നെറ്റ് ലഭ്യമാണ്. ലോകത്തെ അവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരുനാള്‍ താഴ്‌വരകള്‍ക്കപ്പുറത്തേക്കു പറിച്ചുനടാന്‍ വെമ്പുന്ന ചെറുപ്പക്കാര്‍ ഏറെയുണ്ടിവിടെ.
ഇങ്ങനെ പോയാല്‍ ഏറെത്താമസിയാതെ ഞങ്ങളുടെ സംസ്‌കാരം പാരമ്പര്യം എല്ലാം ഇല്ലാതാകും. ആര്‍ക്കും സ്വപ്‌നങ്ങള്‍ ഇല്ലാത്തത് വെറുതെയല്ല. ഇനി അഥവാ അവര്‍ക്ക് ഒരു ദര്‍ശനമുണ്ടായിയെന്നു തന്നെയാകട്ടെ. അവരത് തുറന്നു പറയണം എന്നില്ലല്ലോ.?
ഹോംഗു വാലിയുടെ സമീപത്തുള്ള നിബിഢവനങ്ങളില്‍ തിളങ്ങുന്ന പിങ്കും ചുവപ്പും വെളുപ്പും നിറങ്ങളില്‍ റോഡോ ഡെന്‍ഡ്രോണിന്റെ വിഷ പുഷ്പങ്ങള്‍ ഇപ്പോഴും സമൃദ്ധമായി പൂക്കുന്നു.നാഗരികതയുടെ ചെറിയ കടന്നുകയറ്റങ്ങള്‍ അവിടത്തെ പരിസ്ഥിതിയുടെ താളത്തെ അത്ര ബാധിച്ചിട്ടില്ല. തേന്‍മുനമ്പുകള്‍ വര്‍ഷാവര്‍ഷം പുതുക്കിപ്പണിതുകൊണ്ട് ഹിമാലയന്‍ തേനീച്ചകള്‍ തിരക്കിലാണ്. തേന്‍വേട്ടക്കാര്‍ ആധുനിക സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമായി വന്നേക്കാം. എന്നാല്‍ മൗലിധന്‍ ഒരേ ഒരാള്‍ മാത്രമെ ഇനി അവശേഷിക്കുന്നുള്ളൂ. പ്രകൃതിയും മനുഷ്യനും മാത്രമായിരുന്ന പുരാതന കാലം മുതല്‍ക്ക്,നിഗൂഢവും ഗംഭീരവുമായ പര്‍വ്വതങ്ങളുടെയും വനങ്ങളുടെ ആത്മാവിനെ തിരിച്ചറിഞ്ഞ് അതുമായി താദാത്മ്യം പ്രാപിച്ച് ജീവിച്ചുപോന്ന ഒരു തലമുറയുടെ അവസാന കണ്ണി. സ്വപ്നദര്‍ശനത്താല്‍ നിയോഗിക്കപ്പെട്ട ഒരുവന്‍. അതാണ് മൗലിധന്‍ കുളുങ്.
തന്റെ കൊച്ചുകൂരയില്‍ ഇരുന്ന് മഞ്ഞിറങ്ങുന്ന താഴ്‌വാരങ്ങള്‍ കണ്ടുകൊണ്ടാണ് മൗലിധന്‍ രക്‌സി (തിനയില്‍ നിന്നുണ്ടാക്കുന്ന മദ്യം) കുടിച്ചു. ‘മുമ്പുകളില്‍ പാഞ്ഞുകയറുന്നവര്‍ വിഡ്ഢികളാണ്. മറ്റുള്ളവര്‍ക്ക്.’

അങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം എണീറ്റു നടന്നു. പുറകെ മറ്റു തേന്‍വേട്ടക്കാരും.
തേനീച്ചകളുടെ ഒരു ചെറുനിരപോലെ അവരതാ നടന്നു നീങ്ങുന്നു.

 

You must be logged in to post a comment Login