തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളെജില്‍ 8 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ മേല്‍നോട്ട സമിതി തീരുമാനം സുപ്രീം കോടതി തടഞ്ഞു; മേല്‍നോട്ട സമിതിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളെജില്‍ 2016-17ല്‍ എംബിബിഎസിന് പ്രവേശനം നേടിയതില്‍ 8 വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നത് വിലക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി തടഞ്ഞു. പ്രവേശന മേല്‍നോട്ട സമിതിക്ക് നോട്ടീസ് അയക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളെജ് മാനേജ്‌മെന്റ് അഡ്വ: ഹാരിസ് ബീരാന്‍ മുഖേനയും 8 വിദ്യാര്‍ത്ഥികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അദ്ധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. മേല്‍നോട്ട സമിതിക്കുവേണ്ടി സി കെ ശശിയും ഹാജരായി.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ആരോപിച്ചാണ് 8 വിദ്യാര്‍ത്ഥികളുടെ പ്രവേശനം പ്രവേശന മേല്‍നോട്ട സമിതി റദ്ദാക്കിയത്. ഇതിനെതിരെ അല്‍ അസ്ഹര്‍ കോളെജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും ആദ്യം ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ മേല്‍നോട്ട സമിതിയുടെ നടപടി റദ്ദാക്കി.ഇതിനെതിരെ മേല്‍നോട്ട സമിതി സുപ്രീം കോടതിയെ സമീപിച്ചു.ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.ഇതേ തുടര്‍ന്ന് മേല്‍നോട്ട സമിതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഡിവിഷന്‍ ബെഞ്ച് മേല്‍നോട്ട സമിതിയുടെ തീരുമാനം ശരിവച്ചു. ഇതിനെതിരെ അല്‍ അസ്ഹര്‍ മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും സുപ്രീം കോടതിയെ സമീപിച്ചു.ഈ ഹര്‍ജിയിലാണ് പ്രവേശന മേല്‍നോട്ട സമിതിക്കും സംസ്ഥാന സര്‍ക്കാരിനും തിരിച്ചടി നല്‍കി വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ നടപടി സുപ്രീം കോടതി തടഞ്ഞത്.

You must be logged in to post a comment Login