തൊഴിലില്ലായ്മ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാകുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാകുക തൊഴിലില്ലായ്മ തന്നെയെന്ന് സര്‍വ്വേ ഫലം. അസീം പ്രേംജി യൂണിവേഴ്‌സിറ്റിയും ലോക്‌നീതി സിഎസ്ഡിഎസും ചേര്‍ന്ന് നടത്തിയ സര്‍വ്വേ ഫലത്തിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൊഴില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് പറയുന്നു. 12 സംസ്ഥാനങ്ങളില്‍ നിന്നായി 24000 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സര്‍വ്വേയിലാണ് 20 ശതമാനവും തൊഴിലില്ലായ്മ തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് പറയുന്നത്.

18 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് സര്‍വ്വേയില്‍ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്മ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് പറയുന്നത്. തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്ന രണ്ടാമത്തെ വിഷയം വികസനമാണെന്ന് സര്‍വ്വേ പറയുന്നു. വികസനത്തോടൊപ്പം നീതി ന്യായവ്യവസ്ഥയും ഭരണവും അഴിമതിയും നിര്‍ണായകമാകും.രാജ്യത്ത് ഏറ്റവും വിശ്വാസ്യതയുള്ള സംവിധാനം ഇന്ത്യന്‍ ആര്‍മിയാണെന്നും രണ്ടാം സ്ഥാനത്ത് നീതിന്യായ വകുപ്പാണെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്നാം സ്ഥാനത്താണ് രാഷ്ട്രീയ പാര്‍ട്ടികളാണ് ഒട്ടും വിശ്വാസ യോഗ്യതയില്ലാത്തവരാണെന്നും പറയുന്നു.

സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതില്‍ മതവുമ ജാതിയും നോക്കി തന്നെയാണ് വോട്ട് ചെയ്യുക എന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനം പേരും പറയുന്നു. സാക്ഷരര്‍ക്കിടയില്‍ രാജ്യത്ത് വര്‍ധിച്ച് വന്ന തൊഴിലില്ലായ്മ തന്നെയാണ് വലിയ വിഷയമായി കണക്കാക്കുക. കേരളം, തമിഴ്‌നാട്,നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിയമം,അഴിമതി,ഭരണം എന്നിവയാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന വിഷയങ്ങള്‍. തമിഴ്‌നാട്ടില്‍ കര്‍ഷക പ്രശ്‌നങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയും വലിയ വിഷയമാകുന്നു.

You must be logged in to post a comment Login