തൊവരിമല ഭൂസമരം; എം പി കുഞ്ഞിക്കണാരൻ അടക്കമുള്ള നേതാക്കൾക്ക് ജാമ്യം; റിലേ നിരാഹാര സമരം അവസാനിപ്പിച്ചു

വയനാട് കളക്ടറേറ്റിന് മുന്നിൽ ഭൂരഹിതരായ ആദിവാസികൾ നടത്തിവന്ന റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. തൊവരിമല ഭൂസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭൂസമരസമിതി നേതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് നിരാഹാരം ആവസാനിപ്പിച്ചത്. 27 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് സമര സമിതി നേതാക്കൾക്ക് ജാമ്യം ലഭിച്ചത്. നിരാഹാരസമരം അവസാനിപ്പിച്ചെങ്കിലും ഭൂമി ലഭ്യമാകുംവരെ ധർണ്ണാസമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.

തൊവരിമല ഭൂസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കഴിഞ്ഞ ഏപ്രിൽ 24 നാണ് ഭൂസമര സമിതി നേതാക്കളായ എം പി കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട്, കെ ജി മനോഹരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. തൊവരിമലയിലെ നിക്ഷിപ്ത വനഭൂമിയിൽ കുടിൽകെട്ടി താമസം ആരംഭിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തുടർന്ന് വൈത്തിരി സബ്ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലുമായി 27 ദിവസങ്ങൾ തടവിൽ കഴിഞ്ഞ ശേഷമാണ് ഹൈക്കോടതി സമരനേതാക്കൾക്ക് ജാമ്യം അനുവദിച്ചത്. എം വി കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട് എന്നിവർ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും, കെ ജി മനോഹരൻ തൊവരിമലയിൽ പോകരുതെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.

You must be logged in to post a comment Login