തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും; റവന്യൂമന്ത്രി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കില്ലെന്ന് സിപിഐയുടെ തീരുമാനം

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കലക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ടിലെ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. റിപ്പോര്‍ട്ടില്‍ റവന്യൂമന്ത്രി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കില്ലെന്നും അത് മുഖ്യമന്ത്രിയ്ക്ക് വിടാമെന്നും സിപിഐ തീരുമാനിച്ചെന്നാണ് വിവരം.

റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനങ്ങളാണ് മന്ത്രി തോമസ് ചാണ്ടി നടത്തിയതെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. നെല്‍വയല്‍, നീര്‍ത്തട നിയമമനുസരിച്ച് ക്രിമിനല്‍കേസും പിഴയും ചുമത്താവുന്ന ക്രമക്കേടുകളാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളടങ്ങിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം തന്റെ നിര്‍ദേശങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയാകും മന്ത്രി അത് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക.

അതേസമയം മന്ത്രി തോമസ് ചാണ്ടിക്കെതിരെ കലക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനമെടുക്കും. റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള സമയം സര്‍ക്കാരിന് നല്‍കണമെന്നും കോടിയേരി പറഞ്ഞു.

You must be logged in to post a comment Login