തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് റവന്യൂവകുപ്പിന്റെ നിര്‍ദ്ദേശം


തിരുവനന്തപുരം: മന്ത്രിസ്ഥാനം തോമസ് ചാണ്ടി രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭൂമി കൈയ്യേറ്റ വിഷയത്തില്‍ നടപടിക്ക് റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശം. നടപടികള്‍ ഉടന്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശമാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് നല്‍കിയിട്ടുള്ളത്.

തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടര്‍ന്ന് റവന്യൂ വകുപ്പിന്റെ നടപടികള്‍ക്ക് നേരിയ തടസം സൃഷ്ടിച്ചിരുന്നു. തോമസ് ചാണ്ടിയുടെ രാജിയോടെ തടസങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. മണ്ണിട്ട് നികത്തിയ സ്ഥലം പൂര്‍വ സ്ഥിതിയിലാക്കുന്നത് അടക്കമുള്ള നടപടികള്‍ക്കുള്ള നിര്‍ദ്ദേശമാണ് ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് നല്‍കിയിട്ടുള്ളത്.

മന്ത്രിസ്ഥാനം രാജിവച്ച ശേഷവും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഒരുപാട് തെറ്റുകളുണ്ടെന്ന് തോമസ് ചാണ്ടി ആരോപിച്ചിരുന്നു. ധൃതിപിടിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുകൊണ്ടാണ് തെറ്റുകള്‍ വന്നതെന്നും തോമസ് ചാണ്ടി ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഭൂമി കൈയ്യറ്റ വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് റെവന്യൂ വകുപ്പ് നല്‍കിയിട്ടുള്ളത്. കായല്‍ കൈയ്യേറ്റ വിഷയത്തില്‍ തുടക്കം മുതല്‍ ശക്തമായ നിലപാടാണ് സി.പി.ഐ സ്വീകരിച്ചു വന്നത്. തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍നിന്ന് സി.പി.ഐ മന്ത്രിമാര്‍ ഇന്ന് വിട്ടുനിന്നിരുന്നു.

You must be logged in to post a comment Login