തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നാളെ ചര്‍ച്ചയില്ലെന്ന് എന്‍സിപി

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നാളെ ചര്‍ച്ചയില്ലെന്ന് എന്‍സിപി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. തീരുമാനം ഹൈക്കോടതി വിധി അറിഞ്ഞ ശേഷം മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാടെന്ന് അദ്ദേഹം അറിയിച്ചു.നാളത്തെ യോഗം നേരത്തെ തീരുമാനിച്ച പ്രകാരമാണ്. രാജിക്കാര്യം തീരുമാനിക്കാന്‍ എല്‍ഡിഎഫ് സമയപരിധി നല്‍കിയിട്ടില്ലെന്നും ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

ആരോപണം മന്ത്രിയുടെ കമ്പനിയെക്കുറിച്ചാണ്, മന്ത്രിയെപറ്റിയല്ല. കലക്ടറുടെ റിപ്പോര്‍ട്ട് തെറ്റെന്നാണ് നിലപാട്. അക്കാര്യം ഇടതുമുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

തോമസ് ചാണ്ടി രാജിവച്ചാല്‍ പാര്‍ട്ടിക്കു മന്ത്രിസ്ഥാനം ഇല്ലാതാകുമെന്നതാണ് എന്‍സിപിയുടെ പ്രശ്‌നം. പുതിയ മന്ത്രി അധികാരത്തിലേറുന്നതു നീണ്ടുപോയാല്‍ മന്ത്രിസ്ഥാനം നഷ്ടമാകുമോയെന്നാണ് ആശങ്ക. അങ്ങനെയൊരു സാഹചര്യമൊഴിവാക്കണം എന്നു ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായെത്തിയാല്‍ തോമസ് ചാണ്ടി മാറിക്കൊടുക്കുമെന്ന ധാരണ നേരത്തേയുണ്ട്. ഫോണ്‍കെണി കേസ് അന്വേഷിച്ച ജസ്റ്റിസ് പി.എ. ആന്റണി കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ടു നല്‍കുമെന്നാണ് എന്‍സിപിയുടെ പ്രതീക്ഷ. എന്നാല്‍ ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി ഇനി ഹൈക്കോടതി 24നെ പരിഗണിക്കൂ.

തോമസ് ചാണ്ടിക്കെതിരായ മൂന്നു പൊതുതാല്‍പര്യഹര്‍ജികളും കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയും നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയില്‍നിന്ന് എതിരായ തീരുമാനമോ പരാമര്‍ശമോ വന്നാല്‍ ഉടന്‍ രാജി വയ്‌ക്കേണ്ടിവരും. ഈ വിഷമസ്ഥിതിയിലാണു നാളെ പാര്‍ട്ടി നേതൃത്വം യോഗം ചേരുന്നത്. തീരുമാനം നീണ്ടുപോയാല്‍ പരസ്യമായി രാജി ആവശ്യപ്പെടുമെന്ന് സിപിഐ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login