തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ ഉടന്‍ പരിശോധന നടത്താനാകില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ ഉടന്‍ പരിശോധന നടത്താനാകില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍. പരിശോധന നടത്താന്‍ നഗരസഭാ റവന്യൂ വിഭാഗം തീരുമാനിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് റിസോര്‍ട്ട് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. സഞ്ചാരികള്‍ നേരത്തെ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ജനുവരിയില്‍ പരിശോധന നടത്താമെന്നുമാണ് റിസോര്‍ട്ടിന്റെ ഉടസ്ഥരായ വാട്ടര്‍വേള്‍ഡ് കമ്പനിയുടെ എംഡി നഗരസഭയ്ക്ക് മറുപടി നല്‍കിയത്.

എന്നാല്‍ പരിശോധനയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം. കെട്ടിടങ്ങളുടെ അളവെടുക്കും. ഇതിനായി ഒരു തവണകൂടി നോട്ടീസയക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് വളച്ചൊടിക്കുകയാണെന്നാരോപിച്ച് വാട്ടര്‍ വേള്‍ഡ് കമ്പനി പരസ്യം നല്‍കി. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ എണ്ണിയെണ്ണി നിഷേധിക്കുന്നതാണ് പരസ്യം.മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസിന്റെയും വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെയും മാനേജര്‍ മാത്യുജോസഫിന്റെ പേരിലാണ് പരസ്യം നല്‍കിയിട്ടുള്ളത്. ഇപ്പോഴത്തെ കലക്ടറോ മുന്‍ കലക്ടറോ തോമസ് ചാണ്ടി ഒരിഞ്ചുഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍, ഇപ്പോഴത്തെ കളക്ടറുടെ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നാണ് പരസ്യത്തിലൂടെ പറയുന്നത്.

You must be logged in to post a comment Login