തോമസ് ചാണ്ടിയുടെ ഹർജി: കോൺഗ്രസ് എംപി അഡ്വ.വിവേക് തൻഖ ഹാജരാകും

 


കൊച്ചി ∙ കായൽ കയ്യേറ്റ ആരോപണത്തിൽ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ വിവേക് തൻഖ ഹാജരാകും. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപിയാണ് വിവേക് തൻഖ. ഹൈക്കോടതിയിൽ ഹാജരാകാൻ വേണ്ടി വിവേക് തൻഖ കൊച്ചിയിൽ എത്തി. ചൊവ്വാഴ്ചയാണ് ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്.

ദുരൂഹമായ മരണങ്ങളുടെ പേരിൽ ഏറെ വിവാദമായ വ്യാപം അഴിമതി കേസിലെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച അഭിഭാഷകനാണ് തൻഖ. മധ്യപ്രദേശിൽനിന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ജനറൽ ഓഫ് ഇന്ത്യ സ്ഥാനത്തെത്തുന്ന ആദ്യ അഭിഭാഷകൻ എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിൽ പ്രതിപക്ഷം തോമസ് ചാണ്ടിക്കെതിരെ സമരം ശക്തമാക്കിയിരിക്കെയാണ്, കോൺഗ്രസിന്റെ അഭിഭാഷകനായ എംപി ഹൈക്കോടതിയിൽ ഹാജരാകുന്നതെന്ന വൈരുധ്യവുമുണ്ട്.

ലേക്ക് പാലസ് ഒരു കമ്പനിയുടെ കൈവശമുള്ള സ്ഥാപനമാണ്. കമ്പനിയുടെ ഭാഗം കേൾക്കാതെയാണു കലക്ടർ റിപ്പോർട്ട് തയാറാക്കിയത്. അതിനാൽതന്നെ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു തടയണമെന്നും തോമസ് ചാണ്ടി ഹർജിയിൽ ആവശ്യപ്പെട്ടു.

കുട്ടനാട്ടിൽ മന്ത്രി തോമസ് ചാണ്ടിയുടെയും ബന്ധുവിന്റെയും ഭൂമി ഇടപാടുകളിൽ ഭൂസംരക്ഷണ നിയമവും നെൽവയൽ‌, തണ്ണീർ‌ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായുമാണു കലക്ടർ ടി.വി.അനുപമ റിപ്പോർട്ട് നൽകിയത്. നികത്തിയ സ്ഥലങ്ങൾ പൂർവസ്ഥിതിയിലാക്കണമെന്നും ഇതിന് ഒത്താശ ചെയ്ത റവന്യു, ജലവിഭവ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ലേക്ക് പാലസ് റിസോർട്ടിലേക്കുള്ള റോഡ് നിർമാണം, റിസോർട്ടിന്റെ പാർക്കിങ് ഗ്രൗണ്ട് നിർമാണം, മാർ‌ത്താണ്ഡം കായൽ നികത്തൽ, കായൽ ബോയ കെട്ടി തിരിക്കൽ എന്നിവ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണു നിയമലംഘനങ്ങൾ കണ്ടെത്തിയത്.

You must be logged in to post a comment Login