തോല്‍പ്പിച്ചത് ജില്ലാസംസ്ഥാന നേതാക്കളെന്ന് ശോഭ സുരേന്ദ്രന്‍; അമിത് ഷായ്ക്ക് പരാതി നല്‍കി

shoba-surendran

പാലക്കാട്: സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി. തന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നില്‍ ജില്ലാസംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പരാതിയുമായി പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ രംഗത്ത്. തോല്‍വിക്ക് പിന്നില്‍ ജില്ലാസംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കാട്ടി ശോഭ സുരേന്ദ്രന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പങ്കെടുത്ത പൊതുയോഗവും പാലക്കാട്ടേതായിരുന്നു.

ബിജെപി സംസ്ഥാന സെക്രട്ടറിയും ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ വൈസ് ചെയര്‍മാനുമായ സി.കൃഷ്ണകുമാറിനെ പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥിയാക്കാനായിരുന്നു പ്രാദേശിക നേതൃത്വത്തിന് താല്‍പര്യം. എന്നാല്‍, ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകട്ടെയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കൃഷ്ണകുമാറിനെ മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. എന്നാല്‍, പാലക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകരെ കൃഷ്ണകുമാര്‍ പ്രചാരണത്തിനായി മലമ്പുഴയിലേക്ക് കൊണ്ടുപോയെന്നും തനിക്ക് ആവശ്യമായ പിന്തുണ പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചില്ലെന്നുമാണ് ശോഭ സുരേന്ദ്രന്റെ പരാതി. ഇതോടെ, സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടര്‍ന്നുവരുന്ന ഉള്‍പ്പോരാണ് ഇപ്പോള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.

പാലക്കാട് മണ്ഡലത്തില്‍ ഒരുഘട്ടത്തില്‍ ഇവിടെ വിജയപ്രതീക്ഷയുണര്‍ത്തി മുന്‍പന്തിയിലെത്തിയ ശോഭ സുരേന്ദ്രന്‍ അവസാനഘട്ടത്തിലാണ് പിന്നോക്കം പോയത്. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.എന്‍.കൃഷ്ണദാസിനെ പിന്നിലാക്കി യുഡിഎഫിന്റെ ഷാഫി പറമ്പിലിന് പിന്നില്‍ രണ്ടാമതെത്തുകയും ചെയ്തു.

You must be logged in to post a comment Login