തോൽവിയോടെ തുടങ്ങി ബാഴ്സ; അദൂരിസിന്റെ അത്ഭുത ഗോളിൽ അത്ലറ്റിക് ബിൽബാവോയ്ക്ക് അട്ടിമറി ജയം

ലാലിഗ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് തോൽവിയോടെ തുടക്കം. അത്ലറ്റിക് ബിൽബാവോ ആണ് ചാമ്പ്യന്മാരെ അട്ടിമറിച്ചത്. അദൂരിസിന്റെ ബൈസിക്കിൾ ഗോളാണ് മത്സരത്തിൻ്റെ വിധി എഴുതിയത്.

സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് ബാഴ്സ ഇറങ്ങിയത്. ആദ്യ പകുതിയിലെ 37ആം മിനിട്ടിൽ തന്നെ സ്ട്രൈക്കർ സുവാരസ് പരിക്കേറ്റ് പുറത്തായതോടെ ബാഴ്സ ആക്രമണങ്ങൾക്ക് മൂർച്ച കുറഞ്ഞു. ഈ സീസണിൽ ക്ലബിലെത്തിയ അൻ്റോയിൻ ഗ്രീസ്മാൻ, ഫ്രാങ്കി ഡിയോങ് എന്നിവരൊക്കെ ബാഴ്സയ്ക്കായി കളത്തിലിറങ്ങിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല.

കളിയുടെ 89ആം മിനിട്ടിലാണ് അത്ലറ്റിക്കിന്റെ വിജയ ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് ലഭിച്ച ക്രോസ് ഒരു ബൈസിക്കിൾ കിക്കോടെ അദൂരിസ് വലയിലെത്തിക്കുകയായിരുന്നു.

2008ന് ശേഷം ആദ്യമായാണ് ബാഴ്സലോണ ലീഗിന്റെ ആദ്യ മത്സരത്തിൽ പരാജയപ്പെടുന്നത്. റയൽ ബെറ്റിസിനെതിരെ ആണ് ബാഴ്സലോണയുടെ അടുത്ത മത്സരം.

You must be logged in to post a comment Login